മനംനിറച്ച് നാഗാ വസന്തോത്സവം
സാബു മഞ്ഞളി
Saturday, August 16, 2025 9:39 PM IST
നാഗാലാൻഡിലെ പതിനേഴ് ഗോത്രവിഭാഗങ്ങൾ ഒത്തുചേർന്ന് തനത് ആചാരങ്ങളും ജീവിതരീതികളും ഗോത്രനൃത്തങ്ങളും ലോകത്തിനുമുന്നിൽ അവതരിപ്പിക്കുന്ന ഉത്സവമാണ് ഹോണ്‍ബിൽ ഫെസ്റ്റിവൽ. ഉത്സവകാലത്ത് നാഗാലാൻഡ് സന്ദർശിച്ച അനുഭവങ്ങൾ വായിക്കാം...
ക്രിസ്മസ് കാലമായിരുന്നു. ചാത്തെ നദിയോരത്തുകൂടി നാഗാലാൻഡിന്റെ തലസ്ഥാനനഗരിയായ കൊഹിമ ലക്ഷ്യമാക്കി വാഹനം പാഞ്ഞുകൊണ്ടിരുന്നു. അരില്ലോയുടെയും അല്ലീനയുടെയും റാൻഫാനിന്റെയും യാണ്പുഹോയുടേയും നാഗാ നാടോടിക്കഥകൾ പറഞ്ഞ് സഹയാത്രികരായ ഹാരിസും സുരേഷും ഷമീറും ഷാജിയും. ഇടയ്ക്കെവിടെയോവച്ച് നദി വഴിമുറിഞ്ഞു ദൂരേക്കുമറഞ്ഞു. ചുറ്റുപാടുകൾക്ക് മാറ്റങ്ങൾ വരികയാണ്.
അസമിലെ അനന്തമായ നെൽപ്പാടങ്ങൾക്കും കർഷകമാടങ്ങൾക്കും പകരം വലിയ മലകളും കയറ്റിറക്കങ്ങളും തെളിയുന്നു. സമതലങ്ങളിലെ ചൂടിൽനിന്നു മലനിരകളിലെ കുളിരിലേക്ക്. വഴിയോരങ്ങളിൽ നിറപുഞ്ചിരിയുമായി പൈനാപ്പിൾ വിൽക്കുന്ന നാഗാ പെണ്‍കുട്ടികൾ. നേരമിരുട്ടിത്തുടങ്ങി. കൊഹിമയോട് അടുത്തുകൊണ്ടിരുന്നു. അടുക്കിവച്ചപോലെ മലഞ്ചെരിവുകളിൽ നിറയെ വീടുകൾ. ഉയരത്തിൽ മനോഹരങ്ങളായ പള്ളികൾ.
നഗരത്തിലേക്ക് പ്രവേശിക്കാതെ ഇടവഴികളിലൂടെ കിസാമയിലേക്ക് തിരിഞ്ഞു. കിസാമ താഴ്വരയിലാണ് നാഗാലാൻഡിന്റെ ദേശീയോത്സവമായ ഹോണ്‍ബിൽ ഫെസ്റ്റിവൽ. കനംവയ്ക്കുന്ന ഇരുട്ടിനൊപ്പം തണുപ്പ് അരിച്ചുകയറുന്നു. കുന്നുകയറി ഏതൊക്കെയോ കാട്ടുവഴികളിലൂടെ സഞ്ചരിച്ച് താമസസ്ഥലത്തെത്തിയപ്പോൾ ആദ്യംകണ്ടത് ആളിക്കത്തുന്ന തീനാളങ്ങളാണ് . കൈകൾ തിരുമ്മി തണുപ്പകറ്റാൻ കുറേനേരം തീക്കുണ്ഡത്തിനു ചുറ്റിലുമിരുന്നു.
നാഗാലാൻഡിന്റെ പൈതൃകം
നിഗൂഢതകളിൽ മുഴുകിയ നാടെന്നാണ് നാഗാലാൻഡിന്റെ വിശേഷണം. യോദ്ധാക്കളുടെയും നർത്തകരുടെയും പർവതങ്ങളുടെയും വനങ്ങളുടെയും ഗോത്രസംസ്കൃതികളുടെയും നാട്. ചൈന വന്മതിലിനടുത്ത് പാർത്തിരുന്ന ജനസമൂഹമായിരുന്നു നാഗാ ജനതയുടെ പൂർവികർ. വന്മതിൽ കടന്ന് അവർ ചൈനയിലെ മഞ്ചൂരിയയിൽ എത്തി. കുറച്ചു കാലം അവിടെ തങ്ങിയശേഷം ബർമ നദികടന്ന് മണിപ്പുരിലെത്തി.
അവിടെനിന്നു ജപ്ഫു പർവതം കടന്ന് നാഗാലാൻഡിലെത്തി വിവിധ മലകളിൽ താമസം തുടങ്ങി. പതിനേഴ് ഗോത്രവിഭാഗങ്ങളുണ്ട് നാഗാലാൻഡിൽ. പതിനാറായിരം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ടെങ്കിലും ഇരുപതു ലക്ഷം മാത്രമാണ് നാഗാലാൻഡിലെ ജനസംഖ്യ. സമതലങ്ങൾ കുറഞ്ഞ, കുന്നും മലകളുമായുള്ള ഭൂപ്രകൃതി. ആധുനിക ജീവിതസാഹചര്യങ്ങളിലും ഗോത്രപൈതൃകം മുറുകെപ്പിടിക്കുന്നതാണ് നാഗാലാൻഡിന്റെ സ്വത്വം.
വേട്ട, കൃഷി, കൊയ്ത്ത്, വിവാഹം, യുദ്ധം തുടങ്ങിയവയുമായി ബന്ധപ്പെട്ടതാണ് പല ആചാരങ്ങളും. ആണ്ടിലൊരിക്കൽ പതിനേഴ് ഗോത്രവിഭാഗങ്ങൾ കിഗ്വാമയിലെ കിസാമ ഗ്രാമത്തിൽ ഒത്തുചേർന്ന് തനത് ആചാരങ്ങളും ജീവിതരീതികളും ഗോത്രനൃത്തങ്ങളും ലോകത്തിനുമുന്നിൽ അവതരിപ്പിക്കുന്ന ഉത്സവമാണ് ഹോണ്‍ബിൽ ഫെസ്റ്റിവൽ. ഡിസംബർ ഒന്നു മുതൽ പത്തു ദിവസം. ഗോത്രകലകളുടെ ഇതുപോലൊരു സമ്മേളനം അപൂർവം.
മുളങ്കാടുകൾക്കിടയിൽ ആടിയുലയുന്ന ടെർമിനലിയ പൂക്കളും ചെറി ബ്ലോസം പൂക്കളും കണ്ടാണ് ഉറക്കമുണർന്നത്. മലയോരങ്ങളിലൂടെ കുറേദൂരം നടന്നു. ശരീരം വിറപ്പിച്ച് ചുറ്റിത്തിരിയുന്നൊരു ശീതക്കാറ്റ്. ഒരു മലയുടെ ചെരിവിലാകെ ഹോണ്‍ബിൽ ഫെസ്റ്റിവലിനെത്തുന്ന അതിഥികൾക്കുള്ള പല നിറങ്ങളിലുള്ള ടെന്റുകൾ. കുന്നുകളിലെ ഒറ്റപ്പെട്ട വീടുകളിൽനിന്നു കൗതുകത്തോടെ നോക്കിനിൽക്കുന്ന ഗ്രാമീണർ.
ഖൊനോമ ഗ്രാമം
കൊഹിമയിൽനിന്ന് ഇരുപത് കിലോമീറ്റർ മലഞ്ചെരിവുകളിലൂടെ സഞ്ചരിച്ച് 5,320 അടി ഉയരത്തിലേക്കു കയറിയാണ് ഖൊനോമയിൽ എത്തിച്ചേർന്നത്. ഇളവെയിൽ പരന്ന പ്രസന്നമായ അന്തരീക്ഷം. ചുറ്റുപാടും പച്ചപ്പുതുടിക്കുന്ന ഡിസുക്കോ താഴ്വരകളുടെ മുഗ്ധസൗന്ദര്യം. മലകൾക്കിടയിലെ തട്ടുകളായുള്ള കൃഷിയിടങ്ങൾ കാണുന്പോൾ ആരോ ആസ്വദിച്ചു വരച്ച ചിത്രംപോലെ തോന്നും.
ഗ്രാമത്തിൽനിന്ന് അല്പം തെക്കോട്ടു മാറി ഉയരത്തിൽ ഖൊനോമ ബാപ്റ്റിസ്റ്റ് ദേവാലയം. മലനെറുകയിൽനിന്ന് ഇരുവശങ്ങളിലേക്കുമിറങ്ങുന്ന ചെരിവുകളിലാണ് അൻഗാമി ഗോത്രം നിവസിക്കുന്ന 424 വീടുകൾ. ഏഷ്യയിലെ ആദ്യത്തെ ഹരിതഗ്രാമമാണ് ഖൊനോമ. ട്രഗോപൻ പക്ഷികളുടെ സംരക്ഷണത്തിനായി സ്ഥാപിച്ച ഇരുപത്തഞ്ച് ചതുരശ്രകിലോമീറ്റർ വിസ്തൃതിയിലുള്ള പക്ഷിസങ്കേതത്തിനുള്ളിലാണ് ഗ്രാമം.
ഗ്രാമത്തെ വലയംചെയ്യുന്ന കല്ലുകൾപാകിയ വൃത്തിയുള്ള പാത. ചപ്പുചവറുകളോ മാലിന്യങ്ങളോ എങ്ങുമില്ല. വിശ്രമസ്ഥലങ്ങളും പൊതുസ്ഥലങ്ങളും ഉൾക്കൊള്ളുന്ന ഗ്രാമത്തിന്റെ അകത്തളങ്ങൾ. മുളപ്പായയിൽ ഉണക്കുവാനിട്ടിരിക്കുന്ന ധാന്യങ്ങളും കാട്ടാപ്പിൾ തുണ്ടുകളും പലയിടത്തും കണ്ടു. പഴയ പോരാട്ടകഥകൾ പറഞ്ഞ് വെയിൽ കാഞ്ഞിരിക്കുന്ന മുതിർന്നവർ. ഉയരത്തിൽ കുത്തനെ ചെരിഞ്ഞ മേൽക്കൂരകളോടെയാണ് മൊരുങ്ങുകൾ എന്നറിയപ്പെടുന്ന അൻഗാമി ഭവനങ്ങൾ.
വേട്ടയാടിയ മൃഗങ്ങളുടെ തലയോട്ടികൾ അലങ്കരിക്കുന്ന സ്വീകരണമുറികൾ. 1879 ൽ നിർമിച്ച സെമോമയിലെ ഖൊനോമ കോട്ടയ്ക്കു മുന്നിലെത്തി. ബ്രിട്ടീഷുകാർക്കെതിരേ അൻഗാമി യോദ്ധാക്കൾ ചെയ്ത ഖൊനോമയുദ്ധം ഈ കോട്ട കേന്ദ്രീകരിച്ചായിരുന്നു. പലതവണ ഖൊനോമകോട്ട തകർക്കപ്പെടുകയും പുനർനിർമിക്കുകയും ചെയ്തിട്ടുണ്ട്. പോരാളികൾക്കുള്ള യുദ്ധസ്മാരകങ്ങൾ ഗ്രാമത്തിലെങ്ങുമുണ്ട്.
ഹോണ്‍ബിൽ ഫെസ്റ്റിവൽ
ഖൊനോമയിൽനിന്നു മടങ്ങിയത് നേരെ ഹോണ്‍ബിൽ ഉത്സവത്തിലേക്കാണ്. കിസാമയിലെ നാഗാ പൈതൃക ഗ്രാമത്തിലെ പ്രധാന സ്റ്റേഡിയമാണ് ഉദ്ഘാടനവേദി.
താഴ്വരകൾ പലവിധ സ്റ്റാളുകൾകൊണ്ട് നിറഞ്ഞുകവിഞ്ഞിരുന്നു. വലിയ തിക്കും തിരക്കും. പരന്പരാഗത ഗോത്രവേഷങ്ങൾ അണിഞ്ഞ നാഗാ സാംസ്കാരിക സംഘങ്ങൾ താളത്തിൽ ചുവടുകൾവച്ച് മുഖ്യാതിഥികളെ വരവേറ്റ് സ്റ്റേഡിയത്തിലേക്കു മാർച്ച് ചെയ്തു. തൂവൽ കിരീടങ്ങളും മാർച്ചട്ടയും ആയുധങ്ങളും ചുവന്ന മേലങ്കികളും അണിഞ്ഞ ഗോത്രനൃത്തസംഘങ്ങൾ ചടുലമായ ഈണത്തിൽ ഉച്ചത്തിൽ പാടിക്കൊണ്ടിരുന്നു.
നിറഞ്ഞുകവിഞ്ഞ സ്റ്റേഡിയം നിറങ്ങളുടെ ഉത്സവമായി മാറി. സംഗീത സംവിധായകൻ എ.ആർ. റഹ്മാൻ ആയിരുന്നു ഇരുപത്തഞ്ചാം ഹോണ്‍ബിൽ ഫെസ്റ്റിവലിന്റെ ഉദ്ഘാടകൻ. പ്രൗഢഗംഭീരമായ സദസ്. ആദ്യ പ്രഭാഷണം കൊഹിമ ബിഷപ് ഡോ. ജയിംസ് തോപ്പിലിന്റേതായിരുന്നു. ഉദ്ഘാടനച്ചടങ്ങുകൾക്കുശേഷം ലോകത്തിന്റെ പലഭാഗങ്ങളിൽനിന്നെത്തിയ കലാകാരന്മാരുടെ പ്രകടനങ്ങൾ പാതിരാകഴിഞ്ഞും നീണ്ടു.
തുടർന്നുള്ള പത്തു ദിവസങ്ങളിലും പകൽസമയങ്ങളിൽ വിവിധ ഗോത്രസംഘങ്ങളുടെ നൃത്തങ്ങളും രാത്രിയിൽ കലാ സന്ധ്യകളുമായിരുന്നു. നാഗാലാൻഡിലെ ഗോത്രവിഭാഗങ്ങളെ പ്രതിനിധീകരിച്ച് പതിനേഴ് മൊരുങ്ങുകൾ പൈതൃക ഗ്രാമത്തിൽ സജ്ജമായിരുന്നു. സന്ദർശകർക്ക് മൊരുങ്ങുകൾ സന്ദർശിച്ച് ഗോത്രസംസ്കൃതി അടുത്തറിയനും ഗോത്രവിഭവങ്ങൾ രുചിക്കാനും അവസരം. ചുട്ട പന്നിയിറച്ചിയും റൈസ് ബീറുമാണ് പ്രധാനം.
ഈച്ചകളെ വറുത്തതും റോസ്ബെല്ല ടീയും ഉണക്കിയ ഗൂസ്ബെറിയും കാട്ടാപ്പിളും പലതരം അച്ചാറുകളും തേനും വനവിഭവങ്ങളും കരകൗശല വസ്തുക്കളും വാങ്ങാം. പൈതൃക ഗ്രാമത്തിനുപുറത്തും വിപണനത്തിന്റെ വലിയ മേളകൾ. രാത്രിയിലെ മഞ്ഞും തണുപ്പും ആസ്വദിച്ച് ഉത്സവം ആഘോഷിക്കുന്ന സന്ദർശകരിൽ ഒട്ടേറെ മലയാളികളെ കണ്ടുമുട്ടി.
കൊഹിമ കത്തീഡ്രൽ
ഒരു സായാഹ്നത്തിലാണ് കൊഹിമയിലെ ആരാഡുര കുന്നിന്മുകളിലെ മേരി ഹെല്പ് ഓഫ് ക്രിസ്ത്യൻസ് കത്തീഡ്രൽ പള്ളിയിൽ എത്തിയത്. നാഗാ കുന്നുകളുടെ സൗന്ദര്യം മുഴുവൻ കാണാൻപാകത്തിൽ പ്രശാന്തസുന്ദരമായ സ്ഥലം. അല്പംദൂരെ താഴെയായി നേർത്ത മഞ്ഞിൻ പുതപ്പണിഞ്ഞ കൊഹിമ പട്ടണം. നോക്ലാക്കിലേക്കും തോങ്സൊന്യുവിലേക്കും നീളുന്ന മലന്പാതകളിലൂടെ പതിയെ ചലിക്കുന്ന വാഹനനിര കാണാം.
നാഗാ ഭവനങ്ങളുടെ മാതൃകയിൽ ജാപ്പനീസ് വാസ്തുവിദ്യയി ലാണ് മനോഹരമായ കത്തീഡ്രൽ പള്ളിയുടെ നിർമിതി. വശങ്ങളിൽ കുരിശിന്റെ വഴികൾ അടയാളപ്പെടുത്തുന്ന പതിനാല് ശില്പങ്ങൾ. പതുക്കെ പടികൾ കയറി പള്ളിയകത്തെത്തി. പ്രകാശം ചൊരിയുന്ന വർണാഭമായ ചില്ലു ക്രാസികൾക്കു താഴെ ക്രിസ്തുവിന്റെ ജനനവും ഉത്ഥാനവും ആസ്പദമാക്കിയ വലിയ പെയിന്റിംഗുകൾ.
സക്രാരിയുടെ മധ്യത്തിൽ പതിനാറടി ഉയരത്തിൽ ക്രൂശിതരൂപം. കത്തീഡ്രൽ പള്ളിയോടനുബന്ധിച്ചാണ് കൊഹിമ ബിഷപ്പിന്റെ അരമനയും. ബിഷപ് മലയാളിയാണ് - കോട്ടയം സ്വദേശിയായ ഡോ. ജയിംസ് തോപ്പിൽ. ഓഫീസിൽ അന്വേഷിച്ചപ്പോൾ അദ്ദേഹം പുറത്തു പോയിരിക്കുകയാണെന്നറിഞ്ഞു. മലയാളികൾ എന്ന പരിഗണനയിൽ ബിഷപ്പിന്റെ നന്പർ തന്നു.
വിളിക്കുന്നതിന് തൊട്ടുമുന്‍പ് ബിഷപ് പള്ളിയിലെക്കെത്തി. പെട്ടെന്ന് ഒരുകൂട്ടം മലയാളികളെ കണ്ടപ്പോൾ ബിഷപ്പിന് ഏറെ സന്തോഷം. കേരളത്തിലെ വിശേഷങ്ങൾ സംസാരിച്ച് അല്പനേരം. 52 ഇടവകകളും ഒട്ടേറെ സന്യാസമഠങ്ങളും കൊഹിമ രൂപതയ്ക്കുകീഴിലുണ്ട്. സന്ദർശകരുടെ നീണ്ടനിര ബിഷപ്പിനെ കാത്തുനിൽപ്പുണ്ടായിരുന്നു.
മിമ ഗ്രാമം
കൊഹിമയിൽനിന്നു പതിനേഴ് കിലോമീറ്റർ അകലെയാണ് അൻഗാമി ഗോത്രഗ്രാമമായ മിമ. വഴിയോരങ്ങളിലെ ചെറിബ്ലോസം പൂക്കളുടെ നിറവിലൂടെയാണ് മിമ ഗ്രാമത്തിലേക്കുള്ള പ്രവേശനം. വാഹനം താഴെ നിർത്തി കുന്നിന്മുകളിലേക്കു നടന്നുകയറി. മുകളിൽ സന്ദർശകർക്ക് വ്യൂ പോയിന്റുകൾ ഒരുക്കിയിട്ടുണ്ട്.
കിസാമ കുന്നുകളുടെയും കൊഹിമ നഗരത്തിന്റെയും മനോഹരമായ കാഴ്ച മിമ മലമുകളിൽനിന്നു ലഭിക്കും. മിമ ഗ്രാമത്തിൽനിന്നു പത്തു കിലോമീറ്റർ വനത്തിലൂടെ സഞ്ചരിച്ച്, ഭൂമിക്കടിയിൽ തേനീച്ചകളെ വളർത്തുന്ന ന്യൂ ബീ ഫാമിൽ എത്തി. 165 തേനീച്ചക്കൂടുകളും അവയിൽനിന്നുള്ള തേൻ ഉത്പാദനവും ഉടമസ്ഥൻ ക്രിസ്റ്റോ വിവരിച്ചു.
തേനീച്ചഫാം ഒരു ടൂറിസ്റ്റ് കേന്ദ്രം കൂടിയാണ്. ഫാമിലെ വാച്ച് ടവറിൽനിന്നു ലഭിക്കുന്നത് നാഗാലാൻഡിലെ നിബിഡവനങ്ങളുടെ അത്യപൂർവ ചിത്രങ്ങളാണ്. ഉൾവനങ്ങളിൽനിന്ന് ഒഴുകിയെത്തുന്ന ചോലയിലെ വെള്ളം ഉപയോഗപ്പെടുത്തിയുള്ള നെൽകൃഷിയും, വയലുകൾക്ക് അതിരിട്ടുനിൽക്കുന്ന പുഷ്പ്പിച്ച റോഡോഡെൻഡ്രോണ്‍ മരങ്ങളും എത്രകണ്ടാലും മതിവരില്ല .
വാർ മെമ്മോറിയൽ
മിമയിൽനിന്നു മടങ്ങുംവഴി കൊഹിമ വാർ മെമ്മോറിയൽ ശ്മശാനം സന്ദർശിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് 1944 ഏപ്രിലിൽ ബർമയിൽനിന്നെത്തിയ ജാപ്പനീസ് സൈനികരുമായി ഏറ്റുമുട്ടി മരിച്ച ഇന്ത്യാക്കാരും ബ്രിട്ടീഷുകാരുമായുള്ള 1,420 സൈനികരെ അടക്കംചെയ്ത സ്ഥലമാണ് കൊഹിമ വാർ മെമ്മോറിയൽ.
നാഗാലാൻഡിലെ വിസ്മയങ്ങൾ അവസാനിക്കുന്നില്ല. ഉൾഗ്രാമങ്ങളിലേക്കു കടന്നാൽ സന്ദർശകരെ കാത്തിരിക്കുന്ന എത്രയോ കാഴ്ചകൾ. ജപ്ഫു സരമാറ്റി പീക്കുകളും വവാടെ സറ്റ്പ്ലെൻഡൻ വെള്ളച്ചാട്ടങ്ങളും ചിഡ ഷില്ലോയി തടാകങ്ങളും മഞ്ഞുപെയ്യുന്ന കിംഗ് ഷേ ഖെലിയ പർവതങ്ങളും അവയിൽ ചിലതുമാത്രം.
താമസസ്ഥലത്തേക്ക് തിരിച്ചെത്തി മടക്കയാത്രയ്ക്കുള്ള തയാറെടുപ്പുകൾ തുടങ്ങി. ഹോണ്‍ബിൽ ഉത്സവത്തിന്റെ അലയൊലികൾ കിസാമയിൽനിന്ന് ഒഴുകിയെത്തുന്നുണ്ട്. വസന്തോത്സവത്തിന്റെ കുന്നുകളിൽനിന്ന് രാത്രിയുടെ നിശബ്ദതയിൽ ഞങ്ങൾ ചുരമിറങ്ങിത്തുടങ്ങി...