"അമ്മേ ഉമ്മ'; കുട്ടിക്കുരങ്ങന്റെ സ്‌നേഹപ്രകടനം എക്‌സില്‍ സൂപ്പര്‍ഹിറ്റ്
വെബ് ഡെസ്ക്
Sunday, September 10, 2023 3:27 PM IST
മക്കളെ ലാളിക്കാന്‍ അമ്മമാര്‍ക്കുള്ള അത്ര കഴിവ് മറ്റാര്‍ക്കുമില്ല. അത് മനുഷ്യരിലായാലും മൃഗങ്ങളിലായാലും. അത്തരം സ്‌നേഹപ്രകടനങ്ങളുടെ ദൃശ്യം അത് ഫോട്ടോയോ വീഡിയോയോ എന്തുമാകട്ടെ എളുപ്പം ശ്രദ്ധിക്കപ്പെടുമെന്നും ജനം ഏറ്റെടുക്കുമെന്നും എടുത്ത് പറയേണ്ടതില്ല.
മനുഷ്യരെ പോലെ തന്നെ മൃഗങ്ങളും സ്‌നേഹം പ്രകടിപ്പിക്കുന്നത് നാം പലപ്പോഴും കണ്ടിട്ടുണ്ടെങ്കിലും അവയില്‍ ഏറ്റവും ഹൃദയഹാരിയായ ഒന്ന് ഇപ്പോള്‍ എക്‌സില്‍ വൈറലായിക്കഴിഞ്ഞു.
ഒരമ്മ കുരങ്ങും കുഞ്ഞും ഉള്ള വീഡിയോ ഇതിനോടകം 1.22 കോടി ആളുകളാണ് കണ്ടത്. ഒരു കുട്ടിക്കുരങ്ങ് മരത്തിന്‍റെ ചില്ലയില്‍ അള്ളിപ്പിടിച്ച് കയറാന്‍ ശ്രമിക്കുന്നു. അപ്പോള്‍ അമ്മക്കുരങ്ങ് കാലില്‍ പിടിച്ച് മെല്ലെ വലിക്കുകയാണ്. അപ്പോള്‍ താഴേയ്ക്ക് ഇറങ്ങാന്‍ ശ്രമിക്കുന്ന കുട്ടി നേരെ അമ്മയുടെ മുഖത്ത് പിടിച്ച് മുത്തം നല്‍കുന്നു.
അമ്മക്കുരങ്ങ് ഈ സ്‌നേഹപ്രകടനം ആസ്വദിക്കുന്നതും മുഖഭാവത്തില്‍ നിന്നും പ്രകടമാണ്. ആകെ 19 സെക്കന്‍ഡ് മാത്രമുള്ള വീഡിയോയ്ക്ക് ആയിരക്കണക്കിന് കമന്‍റുകളാണ് എത്തിയത്. "മാതൃത്വം എല്ലായിടത്തും ഒരുപോലാണ്', "നല്ല ക്യൂട്ട് വീഡിയോ', "ഇതാണ് സ്‌നേഹം', "എന്ത് സുന്ദരമാണീ ദൃശ്യം' എന്ന് തുടങ്ങി ഒട്ടേറെ കമന്‍റുകൾ വീഡിയോയെ തേടിയെത്തിയിരുന്നു.