ബിയർ ടാങ്കിൽ ജീവനക്കാരൻ മൂത്രമൊഴിച്ചോ? സോഷ്യൽമീഡിയയിലെ ആ വാർത്തയുടെ സത്യാവസ്ഥ
Friday, July 3, 2020 6:53 PM IST
ബിയർ നിർമിക്കുന്ന ടാങ്കിൽ 12 വർഷമായി ജീവനക്കാരൻ മൂത്രമൊഴിച്ചിരുന്നതായി റിപ്പോർട്ട്... കുറെ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്ന ഒരു വാർത്തയാണ്.
വാട്ട്സ്ആപ്പിലൂടെ ഈ വാർത്തയുടെ സ്ക്രീൻ ഷോട്ട് പറക്കുകയാണ്. ബിയറിനെച്ചൊല്ലി ചർച്ചകളും പൊടിപൊടിക്കുകയാണ്. കുടിച്ച ബിയറിനെയോർത്തു ചിലർ പരിതപിക്കുന്നു, രുചി വ്യത്യാസമുണ്ടായിരുന്നോയെന്ന് സംശയിക്കുന്നു... ഇനിയിപ്പോൾ വിശ്വസിച്ച് എങ്ങനെ കുടിക്കുമെന്ന് ആശങ്കപ്പെടുന്നു...
ലോകത്തെ പ്രമുഖ ബിയർ നിർമാതാക്കളായ ബഡ്വൈസറിന്റെ ഒരു ജീവനക്കാരന്റെ വെളിപ്പെടുത്തൽ എന്ന രീതിയിലാണ് ഒരു വെബ്സൈറ്റിൽ വാർത്ത പ്രത്യക്ഷപ്പെട്ടത്.
അതിൽ പറയുന്നത് ഇങ്ങനെ: കന്പനിയുടെ ബിയർ ടാങ്കിൽ കഴിഞ്ഞ 12 വർഷമായി താൻ മൂത്രമൊഴിക്കുമായിരുന്നെന്നു ബഡ്വൈസറിന്റെ ജീവനക്കാരൻ വാൾട്ടർ പവൽ(യഥാർഥ പേരല്ല) പ്രസ്താവനയിലൂടെ വെളിപ്പെടുത്തിയിരിക്കുന്നു എന്നായിരുന്നു റിപ്പോർട്ട്.
സുഹൃത്തുക്കളുമായി കൂടുന്പോൾ അവർ ചിലപ്പോൾ ബഡ്വൈസർ ബിയർ ആവശ്യപ്പെടുമ്പോൾ താൻ അവരെ നോക്കി പാവങ്ങൾ എന്തറിയുന്നു... എന്നു സ്വയം പറയാറുണ്ടായിരുന്നു. ആദ്യ രണ്ടു വർഷം ബിയർ ടാങ്കിലേക്കു വെള്ളം പകരുകയായിരുന്നു എന്റെ ജോലി.. പിന്നീട് മേലധികാരികളുടെ വിശ്വാസം നേടിയെടുത്തതോടെ കൂടുതൽ സ്വാതന്ത്ര്യമായി. അങ്ങനെയാണ് മൂത്രമൊഴിക്കൽ പരിപാടി തുടങ്ങിയത്.
എന്തിനാണ് ഇങ്ങനെ ചെയ്തിരുന്നതെന്ന് എനിക്കു തന്നെ അറിയില്ല. ഒരുപക്ഷേ, ബാത്ത് റൂം കുറെ അകലെയായിരുന്നു. അവിടംവരെ പോയി മൂത്രമൊഴിച്ചിട്ടുവരാനുള്ള മടികൊണ്ടായിരിക്കാം ഞാനതു ചെയ്തിരുന്നതെന്നാണ് ഇപ്പോൾ തോന്നുന്നത്. ഇനി മുതൽ ഈ പരിപാടി ഞാൻ നിർത്തുകയാണ്. ഇനി മുതൽ നിങ്ങൾക്ക് യഥാർഥ രുചിയുള്ള ബിയർ തന്നെ കുടിക്കാം... - ഫൂളീഷ് ഹ്യൂമർ എന്ന വെബ്സൈറ്റിൽ വന്ന റിപ്പോർട്ടിൽ പറയുന്നു.
ഇത്രയും വായിച്ചപാടെ പലരും ബഡ്വൈസറിന്റെ ജീവനക്കാരൻ ബിയർ ടാങ്കിൽ മൂത്രമൊഴിച്ചിരുന്നു എന്ന റിപ്പോർട്ട് സോഷ്യൽ മീഡിയയിലേക്കു ഷെയർ ചെയ്യുകയായിരുന്നു.
അതേസമയം, യഥാർഥ്യം എന്താണ്.. ഈ വാർത്തയുടെ അല്പംകൂടി താഴേക്കു വായിക്കുമ്പോഴാണ് ഇതിന്റെ രഹസ്യം പിടികിട്ടുന്നത്. അവിടെ വെബ്സൈറ്റിന്റെ അധികാരികൾ ഇങ്ങനെ പറയുന്നു: ഫൂളീഷ് ഹ്യൂമർ എന്ന വെബ്സൈറ്റ് ഒരു തമാശ പേജാണ്. ഇതിൽ വരുന്ന വാർത്തകളും മറ്റും തമാശയ്ക്കും ആളുകളെ രസിപ്പിക്കാനും വേണ്ടി ഭാവനയിൽ തയാറാക്കുന്നതാണ്. ഇതിനു യഥാർഥ സംഭവങ്ങളുമായി യാതൊരു ബന്ധവുമില്ല...
ബിയറിൽ മൂത്രമായിരുന്നെന്ന് ഒാർത്തു ചങ്കുപൊടിഞ്ഞിരുന്ന പല ബിയർ കുടിയന്മാർക്കും ഒടുവിൽ ഈ ഭാഗം വായിച്ചപ്പോഴാണ് തെല്ല് ആശ്വാസമായത്.