കണക്ക് പരീക്ഷയ്ക്ക് പൂജ്യം മാര്‍ക്ക്; അമ്മയുടെ പ്രോത്സാഹന വാക്കുകള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം പങ്കുവെച്ച് യുവതി
വെബ് ഡെസ്ക്
Monday, August 28, 2023 10:44 AM IST
കുഞ്ഞുങ്ങളുടെ സ്‌കൂള്‍ കാലഘട്ടം എന്നത് മാതാപിതാക്കള്‍ക്ക് ഏറെ സമ്മര്‍ദം ഉള്ള കാലയളവാണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. പരീക്ഷയും റിസള്‍ട്ടും പിടിഎ മീറ്റിംഗുമൊക്കെയായി വലിയ "അങ്കം' തന്നെ നടക്കുന്ന സമയമാണത്.
ഇതിനിടയില്‍ പരീക്ഷകളില്‍ മാര്‍ക്ക് കുറയുകയോ തോല്‍ക്കുകയോ ചെയ്താൽ ചില വീടുകളിൽ ബഹളവും ചൂരലിനടിയും ഒക്കെയുണ്ടാകും. ഇതൊക്കെ മക്കളുടെ നല്ല ഭാവിയ്ക്ക് വേണ്ടിയാണെന്നത് സത്യം തന്നെ.
പക്ഷേ ചില പരാജയങ്ങള്‍ കൈകാര്യം ചെയ്യേണ്ടത് സമചിത്തത കൊണ്ടാണെന്ന് ഓര്‍മിപ്പിക്കുന്ന പോസ്റ്റ് എക്‌സില്‍ വൈറലായിരിക്കുകയാണ്. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ കണക്ക് പരീക്ഷയ്ക്ക് പതിനഞ്ചില്‍ പൂജ്യം മാര്‍ക്ക് കിട്ടിയ ഉത്തരക്കടലാസിന്‍റെ ചിത്രമാണിത്.
കടലാസില്‍ കുട്ടിയുടെ അമ്മ എഴുതിയിരിക്കുന്ന വരികളാണ് ഈ തോല്‍വിയെ ഹിറ്റാക്കിയത്. "പ്രിയപ്പെട്ട മോളെ, ഈ പരീക്ഷാഫലം സ്വന്തമാക്കണമെങ്കില്‍ അതിനും ധൈര്യം വേണം' എന്നാണ് ആ അമ്മ എഴുതിയിരുന്നത്.
2013ല്‍ എഴുതിയ പരീക്ഷയുടെ ഉത്തരക്കടലാസാണ് പത്ത് വര്‍ഷങ്ങള്‍ക്കിപ്പുറം പങ്കുവെച്ചിരിക്കുന്നത്. സൈനാബ് എന്ന യുവതിയാണ് തന്‍റെ സ്കൂൾ കാലത്തെ ഉത്തരക്കടലാസ് പങ്കുവെച്ചത്.
"എന്‍റെ ആറാം ക്ലാസ് ഗണിത നോട്ട്ബുക്ക് കണ്ടെത്തി, എല്ലാ മോശം പരീക്ഷകളിലും എനിക്ക് പ്രോത്സാഹജനകമായ കുറിപ്പ് നല്‍കിയ എന്റെ അമ്മ എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്' എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.
"ഞാന്‍ കണക്ക് പഠനം തുടര്‍ന്നു, എ ലെവല്‍ വരെ അത് ആസ്വദിക്കാന്‍ തുടങ്ങി. ഞാന്‍ പിന്നീട് നന്നായി സ്‌കോര്‍ ചെയ്തു! പരാജയപ്പെട്ടതിന് നിങ്ങളുടെ കുട്ടിയെ അപമാനിക്കാതിരുന്നാല്‍ ഇതാണ് ഫലം' എന്ന് സൈനാബ് മറ്റൊരു പോസ്റ്റില്‍ എഴുതിയിരുന്നു.
വെള്ളിയാഴ്ച എക്‌സില്‍ വന്ന പോസ്റ്റ് ഇതിനോടകം പതിനായിരക്കണക്കിന് ആളുകളാണ് കണ്ട്. "ആ അമ്മ ഒരു വജ്രമാണ്', "അമൂല്യമായ ഓര്‍മയാണ് ഈ ഉത്തരക്കടലാസ്', "പരാജയം വിജയത്തിലേക്കുള്ള പടിയാണ്', "കണ്ണു നിറയ്ക്കുന്ന വാക്കുകള്‍' എന്ന് തുടങ്ങി ഒട്ടേറെ കമന്‍റുകൾ പോസ്റ്റിനെ തേടിയെത്തി.
കുഞ്ഞുങ്ങള്‍ തോല്‍ക്കുമ്പോള്‍ അവരെ കഠിനമായി ശിക്ഷിക്കുന്ന മാതാപിതാക്കള്‍ക്ക് ഈ കുറിപ്പ് ഒരു ഓര്‍മപ്പെടുത്തലാണെന്നും നെറ്റിസണ്‍സിനിടയില്‍ നിന്നും പ്രതികരണം വന്നിരുന്നു.