പഴയ ജയിൽപ്പുള്ളി; ഇപ്പോൾ വീട് ഇല്ലാത്തവർക്ക് സൗജന്യമായി മുടി വെട്ടിക്കൊടുക്കുന്ന വ്യത്യസ്തനാം ബാർബർ
Monday, July 25, 2022 3:14 PM IST
ബെഞ്ചമിൻ കപാപ്പുല എന്ന ഇംഗ്ലണ്ടുകാരനായ യുവാവിന്‍റെ ജീവിതം മാറിമറിഞ്ഞത് ജയിലിൽ കഴിയുന്പോഴാണ്. ഇമെയിൽ ഹാക്കിംഗ് നടത്തിയതിനാണ് 26 കാരനായ ബെഞ്ചമിൻ എന്ന യുവാവ് ആറ് മാസത്തോളം ജയിലിൽ കഴിഞ്ഞത്.
2020 ജനുവരിയിൽ ബെഞ്ചമിൻ ജയിൽ മോചിതനായത് പുതിയ ഒരു ജീവിതം നയിക്കണമെന്നും സമൂഹത്തിന് എന്തെങ്കിലും തിരികെ നൽകണമെന്ന ആഗ്രഹത്തോടെയാണ്. അങ്ങനെ ബെഞ്ചമിൻ ഒരു സുഹൃത്തിനെ സമീപിച്ച് ഒരു ബാർബർ ഷോപ്പ് തുടങ്ങി. സമുഹത്തിന് എന്തെങ്കിലും തിരികെ നൽകണമെന്ന ആഗ്രഹത്താൽ ഭവനരഹിതർക്ക് അയാൾ സൗജന്യമായി മുടി വെട്ടി കൊടുക്കാനും തുടങ്ങി.
"ഞാൻ വൈഎംസിഎയുമായി സഹകരിച്ചു ചില സന്നദ്ധപ്രവർത്തനങ്ങൾ നടത്തുന്നു, വീട് ഇല്ലാത്തവർക്ക് സൗജന്യമായി ഞാൻ മുടി മുറിച്ചു നൽക്കുന്നു. തിങ്കളാഴ്ച ദിവസം ഉച്ചയ്ക്ക് രണ്ടുമുതൽ അഞ്ചുവരെ മുടി വെട്ടാൻ സാന്പത്തികമായി ബുദ്ധിമുട്ടുള്ളവർക്ക് ഞാൻ മുടി വെട്ടി നൽകുന്നു’ -ബെഞ്ചമിൻ പറയുന്നു.
യൂട്യൂബിൽ നിന്നാണ് ബെഞ്ചമിൻ മുടി വെട്ടാൻ പഠിച്ചത്. ജയിലിൽ കിടന്നപ്പോൾ കൂടുതൽ പരിശീലിക്കുകയും ചില കോഴ്സുകൾ പഠിക്കുകയും ചെയ്ത വ്യത്യസ്തനാം ബാർബർ ഇപ്പോൾ 16 വയസ് മുതൽ പ്രായമുള്ള കുട്ടികൾക്കായി ഹെയർകട്ട് കോഴ്സുകൾ സൗജന്യമായി പഠിപ്പിക്കുന്ന തിരക്കിലാണ്.