ചികിത്സയുടെ ഭാ​ഗമായി പ്ലാസ്റ്റിക്ക് സർജറി മുതൽ അവയവം മാറ്റിവെക്കൽ വരെ നടത്താൻ ആധുനിക വൈദ്യശാസ്ത്രത്തിന് സാധിക്കും. എന്നാൽ നൂറ്റാണ്ടുകൾക്ക് മുൻപ് ജീവിച്ചിരുന്ന ഒരുപറ്റം ജനങ്ങൾ തലയോട്ടിയിൽ രൂപമാറ്റം നടത്തിയിരുന്നുവെന്ന് കേട്ടാലോ. സംശയിക്കണ്ട സം​ഗതി സത്യമാണ്.

ജപ്പാനിലെ തനേ​ഗാഷിമ എന്ന സ്ഥലത്ത് മൂന്നാം നൂറ്റാണ്ടിനും ഏഴാം നൂറ്റാണ്ടിനും ഇടയിൽ ജീവിച്ചിരുന്ന ഹിരോട്ട വിഭാ​ഗത്തിൽപെട്ട ആളുകളുടെ അസ്ഥികൂടം ഏതാനും വർഷങ്ങൾക്ക് മുൻപ് കണ്ടെത്തിയിരുന്നു. ​ഇതിന്‍റെ ശാസ്ത്രീയമായ പരിശോധനയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ലഭിക്കുന്നത്.

ഇവയിൽ മിക്കതിന്‍റെയും തലയോട്ടിയുടെ പിൻഭാ​ഗവും നെറുകിന്‍റെ ഭാ​ഗവും പരന്നതാണ്. 1950നും 2000നും ഇടയിൽ നടന്ന ​ഗവേഷണത്തിലാണ് ഈ അസ്ഥികൂടങ്ങൾ കണ്ടെത്തിയതെങ്കിലും കൃത്യമായ പഠനം നടത്താൻ ഏറെ സമയമെടുത്തു. ഇവ അടക്കം ചെയ്ത സ്ഥലങ്ങളിൽ നിന്നും സ്ഥടിക മുത്തുകളും, പെൻഡന്‍റുകളും കണ്ടെത്തിയിട്ടുണ്ടെന്നും ​ഗവേഷകർ ചൂണ്ടിക്കാട്ടി.

ആളുകളുടെ ലിം​ഗമോ സമൂഹത്തിലെ സ്ഥാനമോ ഒന്നും നോക്കാതെ ഇത്തരത്തിൽ തലയോട്ടിയുടെ ആകൃതിയിൽ മാറ്റം വരുത്താൻ ഹിരോട്ട വിഭാ​ഗക്കാർ ശ്രമിച്ചിരുന്നുവെന്ന് ജപ്പാനിലെ ക്യൂഷു യൂണിവേഴ്‌സിറ്റിയിലെ സോഷ്യൽ ആൻഡ് കൾച്ചറൽ സ്റ്റഡീസ് വിഭാ​ഗം പ്രഫസറായ ഡോ. നോറിക്കോ സെഗുച്ചി പറയുന്നു.


കുട്ടികൾ ജനിക്കുമ്പോൾ തലയോട്ടിയുടെ ആകൃതി മാറ്റുന്നതിന് പ്രത്യേകമായി രൂപകൽപന ചെയ്ത ഇരുമ്പ് ചട്ട ധരിപ്പിക്കും. ഒരു ഹെൽമെറ്റിന് സമാനമായ ഈ ചട്ടത്തിനുള്ളിൽ വെച്ച് മാസങ്ങളുടെ സമയം കൊണ്ട് ഇവരുടെ തലയോട്ടിയുടെ രൂപത്തിൽ മാറ്റം വരും. കുഞ്ഞുങ്ങളുടെ അമ്മമാരും ആയമാരും ആ സമയത്ത് ഇവർക്ക് പ്രത്യേക പരിചരണം നൽകും.

ഇത്തരം ഇരുമ്പ് ചട്ടത്തിന് അന്ന് മികച്ച വിൽപന ലഭിച്ചിരിക്കാമെന്നാണ് വിദ​​ഗ്ധരുടെ നി​ഗമനം. ഓരോ വിഭാ​ഗക്കാരെ പ്രത്യേകം തിരിച്ചറിയുന്നതിന് വേണ്ടിയാകണം തലയോട്ടിയിൽ രൂപമാറ്റം വരുത്തിയതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു.

നവശിലായു​ഗകാലത്താണ് ഇത്തരത്തിലുള്ള രീതികൾ നിലനിന്നിരുന്നത്. തനേ​ഗാഷിമയിൽ നിന്നും കണ്ടെടുത്ത തലയോട്ടികളിൽ 3ഡി സ്കാനിം​ഗ് ഉൾപ്പടെയുള്ള പരിശോധനകൾ നടക്കുകയാണ്.