ക്ഷേത്രത്തില്‍ മുസ്ലിം ദമ്പതികള്‍ വിവാഹിതരായി; സാഹോദര്യ സന്ദേശമെന്ന് സൈബറിടം
Tuesday, March 7, 2023 10:09 AM IST
പൊതുവേ ഹിന്ദു, ക്രിസ്ത്യാനി, മുസ്ലിം, പാര്‍സി എന്നിങ്ങനെയൊക്കെ തരംതിരിക്കുമെങ്കിലും അടിസ്ഥാനപരമായി നാമെല്ലാം മനഷ്യര്‍ തന്നെയാണല്ലൊ. പലര്‍ക്കും അതറിയാമെങ്കിലും ചിലര്‍ക്കത് മനസിലാകുന്നത് വെള്ളപ്പൊക്കമൊ കൊറോണയൊ ഒക്കെ വന്ന് അശേഷം പ്രശ്നത്തിലാകുമ്പോഴാണ്.
അല്ലാത്ത കാലത്ത് പലരും ഈ വേര്‍തിരിവുകളുടെ പേരില്‍ വാളെടുക്കാറുണ്ട്. എന്നാല്‍ അടുത്തിടെ ഹിമാചലില്‍ നിന്നും വന്ന ഒരു വാര്‍ത്ത മതേതര ചിന്തയുള്ളവരെ സന്തോഷിപ്പിക്കുന്ന ഒന്നാണ്.
ഹിമാചല്‍പ്രദേശിലെ ഷിംല ജില്ലയിലുള്ള രാംപൂരില്‍ നിന്നാണ് അത്തരമൊരു വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. ഞായറാഴ്ച ഇവിടെ ഒരു ഹിന്ദു ക്ഷേത്ര പരിസരത്ത് ഒരു മുസ്ലിം ദമ്പതികള്‍ ഇസ്ലാമിക വിവാഹ ചടങ്ങുകള്‍ പ്രകാരം വിവാഹിതരായി.
വിശ്വഹിന്ദു പരിഷത്തിന്റെ കീഴിലുള്ള താക്കൂര്‍ സത്യനാരായണ ക്ഷേത്ര സമുച്ചയത്തിലാണ് വിവാഹം നടന്നത്. മൗലവിയുടെയും സാക്ഷികളുടെയും അഭിഭാഷകന്റെയും സാന്നിധ്യത്തില്‍ ക്ഷേത്രപരിസരത്ത് നിക്കാഹ് ചടങ്ങുകള്‍ നടന്നു.
വിവാഹത്തിന് സാക്ഷികളാകാന്‍ ഇരു സമുദായത്തിലെയും ആളുകള്‍ പങ്കെടുത്തു. ഇത്തരത്തില്‍ വിവാഹം നടത്തിയതിലൂടെ ജനങ്ങള്‍ക്കിടയില്‍ സാഹോദര്യത്തിന്റെ സന്ദേശമാണ് തങ്ങള്‍ അവതരിപ്പിച്ചതെന്ന് വധുവിന്റെ പിതാവ് മഹേന്ദ്ര സിംഗ് മാലിക് പറഞ്ഞു.
എല്ലാ ജനങ്ങളെയും ഉള്‍ക്കൊണ്ട് മുന്നോട്ട് പോകാനാണ് സനാതന ധര്‍മം എല്ലാവരോടും ആഹ്വാനം ചെയ്യുന്നതെന്ന് രാംപൂരിലെ താക്കൂര്‍ സത്യനാരായണ ക്ഷേത്ര ട്രസ്റ്റ് ജനറല്‍ സെക്രട്ടറി വിനയ് ശര്‍മയും പറഞ്ഞു.
ഏതായാലും ഈ വിവാഹം ഏറെ വാര്‍ത്താപ്രാധാന്യം നേടി. എഞ്ചിനീയര്‍മാരായ ഈ നവ ദമ്പതികള്‍ക്ക് നെറ്റിസണും ആശംസകള്‍ നേരുകയാണ്.