"ശരിക്കും പടമായേനെ'; കടുവയോടൊപ്പം ഒരു ഫോട്ടോ എടുക്കാന്‍ ശ്രമിച്ചപ്പോൾ
Wednesday, May 17, 2023 4:17 PM IST
ചില ആളുകള്‍ സാഹസപ്രിയരാണ്. എന്നാല്‍ അത്ര ധൈര്യം ഉണ്ടാവുകയും ഇല്ല. അത്തരക്കാരിലേക്ക് പലരും കച്ചവടക്കണ്ണെറിയും. അടുത്തിടെ സമൂഹ മാധ്യമങ്ങളില്‍ എത്തിയ ഒരു വീഡിയോ ഇത്തരത്തില്‍ സാഹസികത കാട്ടിയ രണ്ടുപേര്ക്കുണ്ടായ അവസ്ഥയാണ് കാട്ടുന്നത്.
ദക്ഷിണേഷ്യന്‍ രാജ്യങ്ങളിലെ മൃഗശാലകളില്‍ കടുവകള്‍ക്കും പുള്ളിപ്പുലികള്‍ക്കും സിംഹങ്ങള്ക്കുമൊപ്പം ഫോട്ടോകളും സെല്‍ഫികളും എടുക്കുന്നത് ഇപ്പോള്‍ ട്രെന്‍ഡായി മാറിയിരിക്കുകയാണ്.
അങ്ങനെ രണ്ട് യുവാക്കള്‍ ഒരു കടുവയ്ക്കൊപ്പം ചിത്രങ്ങള്‍ പകര്‍ത്താനെത്തി. കടുവയുടെ പരിശീലകന് ഒരു വടിയുമായി അതിനെ നിയന്ത്രിക്കുകയാണ്. ഈ യുവാക്കള്‍ കടുവയുടെ സമീപമിരുന്നു ഫോട്ടോകള്‍ പകര്‍ത്തുകയും ചെയ്തു.
എന്നാല്‍ ആദ്യം പരിശീലകനെ അനുസരിച്ച കടുവ പിന്നീട് ദേഷ്യത്തിലായി. അത് ഒന്ന് അലറി. ഫോട്ടോ എടുക്കാന്‍ ഇരുന്ന ചങ്ങാതിമാര്‍ ആകെ ഭയപ്പെട്ടുപോയി. അവര്‍ എങ്ങനെയോ ഇറങ്ങിയോടി. പുറത്തിറങ്ങിയപ്പോഴും അവരുടെ ഭയം മാറിയിരുന്നില്ല എന്നതാണ് വാസ്തവം.
വൈറലായി മാറിയ ദൃശ്യങ്ങള്‍ നിരവധി കമന്റുകളും ലഭിച്ചു. "ആജീവനാന്തം ഓർത്തിരിക്കാനുള്ള വക കടുവ സമ്മാനിച്ചു' എന്നാണൊരാള്‍ കുറിച്ചത്.