നെയ്യാറ്റിന്‍കര : "എംഎല്‍എ അങ്കിളേ, മന്ത്രി അപ്പൂപ്പന് ഞങ്ങടെ ഈ കത്ത് മറക്കാതെ കൊടുക്കണേ..." നിവേദനം അടങ്ങിയ കവര്‍ നീട്ടി കുരുന്നുകള്‍ ആവശ്യപ്പെട്ടു. "തീര്‍ച്ചയായും നല്‍കാം മക്കളേ" എന്ന് നിറപുഞ്ചിരിയോടെ എംഎല്‍എ പ്രതികരിച്ചു.
പുതിച്ചല്‍ ഗവ. യുപി സ്കൂളില്‍ നിര്‍മിച്ച പുതിയ മന്ദിരം ഉദ്ഘാടനം ചെയ്തു മടങ്ങുന്പോഴായിരുന്നു കെ. ആന്‍സലന്‍ എംഎല്‍എയുടെ അടുക്കലേയ്ക്ക് നീട്ടിപ്പിടിച്ച നിവേദനക്കവറുമായി ഒരു സംഘം കുരുന്നുകള്‍ ഓടിയെത്തിയത്. വര്‍ഷങ്ങളായി യുപി സ്കൂളായി പ്രവര്‍ത്തിക്കുന്ന വിദ്യാലയം ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്യണമെന്നതാണു നിവേദനം.
അതിയന്നൂര്‍ പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന യുപി സ്കൂള്‍ ഹൈസ്ക്കൂളായി ഉയര്ത്തപ്പെടണമെന്നതു നാട്ടുകാരുടെക്കൂടി സ്വപ്നമാണെന്ന് അധ്യാപകരും രക്ഷിതാക്കളും ഒരേ സ്വരത്തില്‍ പറയുന്നു. വിദ്യാഭ്യാസ വകുപ്പ് അനുവദിച്ച ഒരു കോടി രൂപ വിനിയോഗിച്ചു പുതിച്ചല്‍ ഗവ. യുപി സ്കൂളില്‍ പുതുതായി നിര്‍മിച്ച മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാമെന്ന് നേരത്തെ ഏറ്റിരുന്ന മന്ത്രി വി. ശിവന്‍കുട്ടിക്ക് നേരില്‍ നല്‍കാനാണ് നിവേദനം തയാറാക്കിയിരുന്നത്.
അതേ സമയം, തേവലക്കര സ്കൂളിലെ സംഭവവുമായി ബന്ധപ്പെട്ട് മന്ത്രി അങ്ങോട്ടേയ്ക്ക് പോയതിനാല്‍ പുതിച്ചല്‍ സ്കൂളിലെത്തിയില്ല. മന്ത്രിയുടെ അനുമതിയോടെ കെ. ആന്‍സലന്‍ എംഎല്‍എ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
അതിയന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എല്‍. റാണി യോഗത്തില്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. സുരേഷ് കുമാര്‍, അതിയന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.പി. സുനില്‍കുമാര്‍, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിതാറാണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. കെ. അനിത,
നഗരസഭ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ഡോ. എം.എ സാദത്ത്, ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് കൊടങ്ങാവിള വിജയകുമാര്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം എസ്.ബി. രാജേഷ്, പഞ്ചായത്ത് അംഗങ്ങളായ ശ്രീകല, സിന്ധു, എഇഒ സുന്ദര്‍ദാസ്, പിടിഎ പ്രസിഡന്റ് നൂറില്‍ അമീന്, പ്രധാനാധ്യാപിക ജി. രാധിക, ജനപ്രതിനിധികള്‍, പിടിഎ ഭാരവാഹികള്‍ എന്നിവര്‍ സംബന്ധിച്ചു. ചടങ്ങിനു മുന്നോടിയായി വിദ്യാര്‍ഥികള്‍ സൂംബാ ഡാന്‍സ് അവതരിപ്പിച്ചു.