പെരിന്തൽമണ്ണ: വാർഷിക വരുമാനം ഒന്നരലക്ഷം രൂപയിൽ താഴെയുള്ള നാട്ടിൽ തിരിച്ചെത്തിയ പ്രവാസികൾക്കായി സർക്കാർ നോർക്ക റൂട്ട്സ് വഴി നടപ്പാക്കി വരുന്ന സാന്ത്വന ധനസഹായ പദ്ധതിയുടെ അദാലത്ത് ഓഗസ്റ്റ് ഏഴിന് പെരിന്തൽമണ്ണ മുൻസിപ്പൽ ടൗണ് ഹാളിൽ രാവിലെ 10 മുതൽ വൈകിട്ട് മൂന്നു വരെ നടക്കും. അദാലത്തിൽ മുൻകൂട്ടി അപേക്ഷിക്കുന്നവർക്കായിരിക്കും പ്രവേശനം.
മരണാനന്തര ധനസഹായമായി ആശ്രിതർക്ക് പരമാവധി ഒരു ലക്ഷം രൂപ വരെയും ചികിത്സാ സഹായമായി 50,000 രൂപയും മകളുടെ വിവാഹത്തിന് 15,000 രൂപയും അംഗപരിമിത പരിഹാര ഉപകരണങ്ങൾക്ക് (കൃത്രിമ കാൽ, ഉൗന്നുവടി, വീൽചെയർ) 10,000 രൂപയും പദ്ധതി പ്രകാരം ലഭിക്കും.
താത്പര്യമുളളവർ www.norkaroost.org എന്ന വെബ്സൈറ്റ് സന്ദർശിച്ച് ഓഗസ്റ്റ് അഞ്ചിനകം അപേക്ഷിക്കണം. പാസ്പോർട്ടുകളും വരുമാന സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ആധാർ കാർഡ്, സേവിംഗ്സ് ബാങ്ക് പാസ് ബുക്ക്, ഫോട്ടോ എന്നിവയാണ് അപേക്ഷിക്കുന്നതിനാവശ്യമായ പൊതുരേഖകൾ.
ചികിത്സാസഹായത്തിന് മെഡിക്കൽ സർട്ടിഫിക്കറ്റ്, ഡിസ്ചാർജ് സമ്മറി, മെഡിക്കൽ ബില്ലുകൾ എന്നിവയും മരണാനന്തര ധനസഹായത്തിന് ഡെത്ത് സർട്ടിഫിക്കറ്റ്, പുനർവിവാഹം ചെയ്തിട്ടില്ല എന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, കുടുംബാംഗങ്ങളുടെ പേര് ഒരേ റേഷൻ കാർഡിൽ ഇല്ലെങ്കിൽ ഫാമിലി മെംബർഷിപ്പ് സർട്ടിഫിക്കറ്റ് എന്നിവയും ഹാജരാക്കണം.
മക്കളുടെ മരണാനന്തര ധനസഹായത്തിനുള്ള അപേക്ഷകർ ലീഗൽ ഹയർഷിപ്പ് സർട്ടിഫിക്കറ്റ് ഹാജരാക്കണം. വിവാഹ ധനസഹായത്തിന് രേഖകൾക്കൊപ്പം വിവാഹ സർട്ടിഫിക്കറ്റും ഹാജരാക്കണം. നേരത്തെ അപേക്ഷ നൽകിയവരും നിരസിക്കപ്പെട്ടവരും വീണ്ടും അപേക്ഷിക്കേണ്ടതില്ല. ഒരാൾക്ക് ഒറ്റ സ്കീം പ്രകാരം മാത്രമേ സഹായം അനുവദിക്കൂ.
വിവരങ്ങൾക്ക് ടോൾ ഫ്രീ നന്പറുകളായ 1800 425 3939 (ഇന്ത്യയിൽ നിന്നും) +918802 012 345 (വിദേശത്ത് നിന്നും, മിസ്ഡ് കോൾ സർവീസ്) ബന്ധപ്പെടണം. ഫോണ്: 8281004910, 7012609608, 04832732922.