കൽപ്പറ്റ: മലയോര ജനതയുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നവിധം 1972ലെ വനം-വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യാൻ കേന്ദ്ര സർക്കാർ തയാറാകണമെന്ന് സീനിയർ ജേണലിസ്റ്റ്സ് ഫോറം ജില്ലാ കമ്മിറ്റി വന്യമൃഗശല്യ ലഘൂകരണം എന്ന വിഷയത്തിൽ കൈനാട്ടി പദ്മപ്രഭാ ലൈബ്രറി ഹാളിൽ സംഘടിപ്പിച്ച സെമിനാർ ആവശ്യപ്പെട്ടു.
വന്യജീവി ശല്യം കൂടുതലുള്ള പ്രദേശമാണ് വയനാട്. കാടിറങ്ങുന്ന വന്യജീവികൾ ജനജീവിതം ദുസഹമാക്കുകയാണ്. വന്യജീവികളെ ജനവാസ കേന്ദ്രങ്ങളിലേക്കു ആകർഷിക്കാതിരിക്കാൻ അവയ്ക്ക് ആവശ്യമായ ആഹാരം വനത്തിൽ ഉറപ്പുവരുത്തണമെന്നും സെമിനാർ ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ ഉദ്ഘാടനം ചെയ്തു. ഫോറം ജില്ലാ പ്രസിഡന്റ് പി.കെ. അബ്ദുൾ അസീസ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കെ.ഇ. വിനയൻ, സി.കെ. ശിവരാമൻ (സിപിഎം), കെ.കെ.ഹംസ (ആർജെഡി), പി.എം. ജോയ് (സിപിഐ), റസാഖ് കൽപ്പറ്റ (മുസ്ലിം ലീഗ്), കെ.ജെ. ദേവസ്യ (കേരള കോണ്‍ഗ്രസ്-എം), കെ. സദാനന്ദൻ(ബിജെപി), അഡ്വ.പി. ചാത്തുക്കുട്ടി, പ്രദീപ് മാനന്തവാടി, കെ.സജീവൻ എന്നിവർ പ്രസംഗിച്ചു.
വയനാട് വൈൽഡ്ലൈഫ് ഡിവിഷൻ കണ്‍സർവേഷൻ ബയോളജിസ്റ്റ് വിഷ്ണു ഓമനക്കുട്ടൻ വിഷയാവതരണം നടത്തി. എൻ.ഒ. ദേവസ്യ, വർഗീസ് വട്ടക്കാട്ടിൽ, പി.വി. മത്തായി, ജേക്കബ് വൈദ്യർ, പി. പദ്മരാജ്, കെ. പ്രകാശൻ, വി.പി. വർക്കി, പി.ജി. മോഹൻദാസ് തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു. ഹ്യൂം സെന്ററിലെ ഡോ.ടി.ആർ. സുമ മോഡറേറ്റായി. ഫോറം സെകട്ടറി ടി.വി. രവീന്ദ്രൻ സ്വാഗതവും ട്രഷറർ പി. രാജഗോപാലൻ നന്ദിയും പറഞ്ഞു.