ചിറ്റാരിക്കാൽ: ഈസ്റ്റ് എളേരി പഞ്ചായത്ത് ജൂലൈ 21 മുതൽ ഒക്ടോബർ 31 വരെയുള്ള 100 ദിവസങ്ങളിൽ 100 പദ്ധതികൾ പൂർത്തിയാക്കാൻ ഒരുങ്ങുന്നു.
ചിറ്റാരിക്കാൽ ഹെൽത്ത് സബ്സെന്റർ കെട്ടിടം,ഗോക്കടവ് അങ്കണവാടി, അരിയിരുത്തി അങ്കണവാടി കെട്ടിടങ്ങൾ, പാവൽ കമ്യൂണിറ്റി ഹാൾ എന്നിവയുടെ നിർമാണം ഇക്കാലയളവിൽ പൂർത്തിയാക്കും.
അറക്കത്തട്ട് കുടിവെള്ളപദ്ധതിയുടെ പൈപ്പ് ലൈൻ നിർമാണം,50 പുതിയ റോഡുകളുടെ കോൺക്രീറ്റ്, 10 റോഡുകളുടെ വീതികൂട്ടൽ, 70 സോളാർ വഴിവിളക്കുകൾ, 10 മിനിമാസ്റ്റ് ലൈറ്റ്കൾ എന്നിവയുടെ സ്ഥാപിക്കൽ, കാർഷിക മൃഗസംരക്ഷണ, പട്ടികജാതി, പട്ടിക വർഗമേഖലകളിലെ വിവിധ പദ്ധതികൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ, കുട്ടികൾ എന്നിവർക്കുള്ള വിവിധ പദ്ധതികൾ എന്നിവ ഇതിൽ ഉൾപ്പെടുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് മുത്തോലി വ്യക്തമാക്കി.
2025-26 വാർഷിക പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുന്നതിനുള്ള എല്ലാ മുന്നൊരുക്കങ്ങളും പൂർത്തിയായതായി അദ്ദേഹം അറിയിച്ചു. വിവിധ ടെൻഡർ നടപടികൾ പുരോഗമിക്കുകയാണ്. വ്യക്തിഗതആനുകൂല്യങ്ങൾക്കുള്ള ഗുണഭോക്തൃ തെരെഞ്ഞെടുപ്പുകളും പൂർത്തിയാക്കിയിട്ടുണ്ട്.
വൈസ് പ്രസിഡന്റ് ഫിലോമിന ജോണി, സ്ഥിരം സമിതി അധ്യക്ഷരായ മേഴ്സി മാണി, പ്രശാന്ത് സെബാസ്റ്റ്യൻ എന്നിവരും ഭരണസമിതി അംഗങ്ങളും സന്നിഹിതരായിരുന്നു.