വടശേരിക്കര: സോളാർ വേലിയും കടന്നു കാട്ടാന ജനവാസ മേഖലയിൽ. വടശേരിക്കര, ചിറ്റാർ മേഖലകളിൽ രൂക്ഷമായ ആനശല്യം പരിഹരിക്കുന്നതിൽ അധികൃതർ മൗനം പാലിക്കുന്നതായി ആക്ഷേപം.
പഞ്ചായത്തിലെ മലയോര ഗ്രാമങ്ങൾ ആനശല്യം കാരണം അപ്പാടെ ഭീതിയിലാണ്. ജനവാസ മേഖലകളിൽ തുടരെ ആന എത്തുന്നതിനാൽ പ്രദേശവാസികൾ ഉറക്കമൊഴിഞ്ഞ് കാത്തിരിക്കുകയാണ്. വടശേരിക്കര പേഴുംപാറ, ചിറയ്ക്കൽ, ബൗണ്ടറി എംആർഎസ് സ്കൂൾ ഭാഗം എന്നിവിടങ്ങളിലാണ് ആനയുടെ വിഹാരം തുടങ്ങിയത്.
വ്യാപക നാശം
ചിറയ്ക്കല്‍ പുലിപ്രേത്ത് പി.ടി. മാത്യുവിന്റെ വീട്ടുമുറ്റം വരെ കഴിഞ്ഞ ദിവസം രാത്രി ആന എത്തി. വനമേഖലയില്‍നിന്ന് ഏറെ വിദൂരത്തിലുള്ള പ്രദേശമാണിത്. ഇതാദ്യമായാണ് ഈ പ്രദേശത്ത് കാട്ടാന എത്തുന്നത്. രാജുവും ഭാര്യ ഓമനയും മാത്രമാണ് വീട്ടിലുള്ളത്.
നായയുടെ കുര കേട്ട് നോക്കിയപ്പോഴാണ് വീട്ടുമുറ്റത്ത് ആനയെ കണ്ടത്. പടക്കം പൊട്ടിച്ച് ഓടിക്കുകയായിരുന്നു. വടശേരിക്കര ബൗണ്ടറി എംആര്‍എസ് സ്കൂളിനു സമീപവും ആന എത്തി നാശംവിതച്ചു. താഴത്തില്ലത്ത് ഭാഗത്ത് കൃഷിയിടങ്ങളിലും നാശം വിതച്ചു. തെങ്ങ്
ഉൾപ്പെടെയുള്ളവയാണ് നശിപ്പിച്ചത്.
സോളാര്‍ വേലി നോക്കുകുത്തി
വനാതിര്‍ത്തിയില്‍ സ്ഥാപിച്ചിരുന്ന സോളാര്‍ വേലി തകര്‍ത്താണ് ആന ജനവാസ മേഖലകളിലേക്ക് കടന്നത്. ചിറ്റാര്‍ കൂരാന്‍പാറ മേഖലയിലാണ് ആന എത്തിയത്. ചിറ്റാർ മേഖലയിൽ സ്ഥിരസാന്നിധ്യമായിരുന്ന ചുള്ളിക്കൊന്പനാണ് സോളാർവേലി മാറ്റി അകത്തു കടന്നതെന്നു കരുതുന്നു.
കക്കാട്ടാറ് നീന്തിക്കടന്ന് ആന സ്ഥിരമായി സഞ്ചരിക്കാറുള്ള പാതയിലാണ് സോളാർ വേലി സ്ഥാപിച്ചിരുന്നത്.
ആന വരും വഴി
അരീക്കക്കാവ്, പേഴുംപാറ, ചിറയ്ക്കൽ, ബൗണ്ടറി, എംആര്‍എസ് സ്കൂള്‍ ഭാഗം, ചെമ്പരത്തിമൂട്, ആര്‍ക്കേമണ്‍, താമരപ്പള്ളി തോട്ടം, ഒളികല്ല് മിച്ചഭൂമി, ഒളികല്ല്, കുമ്പളത്താമൺ, മണപ്പാട്ട്, മുക്കുഴി, മെഡിക്കല്‍ കോളജ് ഭാഗം എന്നിവിടങ്ങളിലാണ് ആന സ്ഥിരമായി ഇറങ്ങുന്നത്.
തലച്ചിറ ജംഗ്ഷനിലും ആന എത്തി. ഒരു വര്‍ഷത്തിലധികമായി ജനവാസ കേന്ദത്തില്‍ ആന ഇറങ്ങുന്നുണ്ട്. മണപ്പാട്ട് ഭാഗത്താണ് ആനകള്‍ കൂടുതലായി എത്തുന്നത്. വടശേരിക്കര - കുമ്പളത്താമണ്‍ - മുക്കുഴി റോഡിലൂടെ വൈകുന്നേരം ആറിനു ശേഷം യാത്രപോലും ബുദ്ധിമുട്ടായിരിക്കുകയാണ്.
രാത്രിയില്‍ ഇതുവഴിയെത്തിയ നിരവധി യാത്രക്കാരാണ് ഇതിനോടകം ആനയുടെ മുമ്പില്‍നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടത്.
തുരത്താൻ വനപാലകർ
ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനകളെ തുരത്താൻ വനപാലകസംഘത്തെ പ്രത്യേകമായി നിയോഗിച്ചു. വടശേരിക്കര, നാറാണംമൂഴി പഞ്ചായത്തുകളിലായി കാട്ടാന ഇറങ്ങിയ മേഖലകളിൽ ഉദ്യോഗസ്ഥർ അഞ്ച് സംഘങ്ങളായി തിരിഞ്ഞ് നാട്ടുകാരുടെ സഹകരണത്തോടെയാണ് ആനകളെ തുരത്താനുള്ള നടപടി ആരംഭിച്ചിരിക്കുന്നത്.
വനമേഖലയോടു ചേർന്നു കിടക്കുന്ന സ്ഥലങ്ങളിൽ കാടു വളർന്നിട്ടുള്ളതിനാൽ ആന ഈ ഭാഗത്തു താവളമാക്കുകയാണെന്നു വനപാലകർ പറഞ്ഞു.