തിരുവല്ല: വന്യജീവി സംഘർഷങ്ങളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് അറുതി വരുത്തുകയെന്ന ലക്ഷ്യത്തോടെ പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് സെമിനാർ സംഘടിപ്പിച്ചു. പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തും കേരള വനംവകുപ്പും സംയുക്തമായി അഞ്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, സെക്രട്ടറിമാർ, കൃഷി ഓഫീസർമാർ, ഉദ്യോഗസ്ഥർ എന്നിവർ നേതൃത്വം നല്കി.
മിഷന് വൈല്‍ഡ് പിഗ് 2025 എന്ന പരിപാടിയിലൂടെ ജനങ്ങളെ ബോധവത്കരിക്കാനും വന്യജീവി ആക്രമണങ്ങള്‍ മൂലം മനുഷ്യരെയും കൃഷിയെയും സംരക്ഷിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ്. കാട്ടുപന്നികളെ നിയന്ത്രിക്കുന്നതിനും കൊല്ലുന്നതിനും സംസ്കരിക്കുന്നതിനും ഉള്ള പരിഷ്ക്കരിച്ച ലഘുലേഖകള്‍ വിതരണം ചെയ്തു.
ഗ്രാമപഞ്ചായത്തുകളില്‍ ഷൂട്ടേഴ്സ് ലിസ്റ്റ് തയാറാക്കുന്നതിനും മാലിന്യ നിർമാർജനം വേഗത്തിലാക്കുന്നതിനും നിർദേശങ്ങള്‍ ഉണ്ടായി. കുരങ്ങ്, പെരുമ്പാമ്പ്, കാട്ടുപൂച്ചകള്‍ തുടങ്ങിയവയെ നിയന്ത്രിക്കുന്നതിന് റാപ്പിഡ് റെസ്പോണ്‍സ് ടീമിന്റെ സഹായം തേടാനും തിരുമാനിച്ചു.
റാന്നി റേഞ്ച് ഓഫീസർ ബി.ആർ. ജയൻ, എസ്. ശശീന്ദ്രകുമാർ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ റോബിന്, റേഞ്ച് കോ-ഓർഡിനേറ്റർ അഖില്‍ എന്നിവർ ക്ലാസുകള്‍ നയിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.കെ.അനു സെമിനാർ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് സോമന് താമരച്ചാലിൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പ്രസന്നകുമാരി, അനുരാധ സുരേഷ്, ഏബ്രഹാം തോമസ്, നിഷ അശോകന്, അന്നമ്മ ജോർജ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ മറിയാമ്മ ഏബ്രഹാം, എഡിഎ ( ഇന്‍ചാർജ്) അജു മറിയം, ജിഇഒ അനില്‍ ഏബ്രഹാം എന്നിവർ പ്രസംഗിച്ചു.