വൈക്കം: ആറുമാസത്തിനകം കേരളത്തിലെ 85ശതമാനം കുടുംബങ്ങളിലും കുടിവെള്ളമെത്തുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. തലയാഴം പഞ്ചായത്തിലെ വിവിധ പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനപ്രവർത്തനങ്ങളുടെ നിർമാണോദ്ഘാടനം പള്ളിയാട് എസ്എൻയുപി സ്കൂളിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
സർക്കാർ അധികാരമേൽക്കുമ്പോൾ17ലക്ഷം കുടുംബങ്ങളിലാണ് കുടിവെളളം ലഭിച്ചിരുന്നത്. ജലമിഷൻ പദ്ധതിയിലൂടെ ഇന്നത് 43 ലക്ഷമായി ഉയർന്നു. 35 ലക്ഷം കുടുംബങ്ങളിൽക്കൂടി വെള്ളമെത്തിക്കാനാനുള്ള നടപടികൾ ദ്രുതഗതിയിൽ പുരോഗമിക്കുകയാണ്. കാർഷികമേഖലയ്ക്കു മുന്തിയ പരിഗണന നൽകുന്ന സർക്കാരാണ് സംസ്ഥാനം ഭരിക്കുന്നതെന്നും ഇതിനായി കൃഷി വകുപ്പുമായി ചേർന്ന് ജലസേചന വകുപ്പും കുട്ടനാട് പാക്കേജിലടക്കം ഉൾപ്പെടുത്തി നിരവധികാര്യങ്ങൾ നടപ്പിലാക്കി വരികയാണെന്നും അദ്ദേഹം കുട്ടിച്ചേർത്തു.
തലയാഴം പഞ്ചായത്ത് പരിധിയിലെ കണ്ണുവള്ളിക്കരി, മൂന്നാംവേലിക്കരി, വട്ടക്കരി, ഏനേഴം, പനച്ചിത്തുരുത്ത്, മണ്ണാത്തുശേരി, മുണ്ടാർ മൂന്ന്, ചെട്ടിക്കരി, വനംസൗത്ത്, വരമ്പിനകം, എന്നീ പാടശേഖരങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ജലസേചന വകുപ്പ് കുട്ടനാട് പാക്കേജിൽ ഉൾപ്പെടുത്തി ആറുകോടി 10 ലക്ഷം രൂപയാണ് അനുവദിച്ചിരിക്കുന്നത്.
പുറംബണ്ട് നിർമാണം, റീട്ടെയിനിംഗ് വാൾ നിർമാണവും ബലപ്പെടുത്തലും, മോട്ടോർഷെഡ് നിർമാണവും പരിപാലനവും തുടങ്ങി വിവിധ അടിസ്ഥാന സൗകര്യ വികസനപ്രവർത്തനങ്ങളാണ് നടത്തുന്നത്. 804 ഏക്കർ വരുന്ന പാടശേഖരങ്ങൾക്കാണ് പദ്ധതി പ്രകാരം ഗുണം ലഭിക്കുന്നത്. സി.കെ. ആശ എംഎൽഎ അധ്യക്ഷത വഹിച്ചു.
വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബിജു, തലയാഴം പഞ്ചായത്ത് പ്രസിഡന്റ് രമേശ് പി. ദാസ്, കേരള കോൺഗ്രസ്-എം സംസ്ഥാന കമ്മറ്റി അംഗം ബിജു പറപ്പള്ളി, ജോസ് കാട്ടിപ്പറമ്പിൽ, എൻ. സോമൻ, വൈസ് പ്രസിഡന്റ് ജെൽസി സോണി, ബ്ലോക്ക് പഞ്ചായത്തംഗം കെ.കെ. രഞ്ജിത്ത്, പഞ്ചായത്തംഗങ്ങളായ ടി. മധു, ഉദയപ്പൻ, സിനി സലി, കുട്ടനാട് ഡെവലപ്മെന്റ് സർക്കിൾ സൂപ്രണ്ടിംഗ് എൻജിനിയർ കെ. രാജേഷ്, ഉൾനാടൻ ജലഗതാഗതം ആൻഡ് കുട്ടനാട് പാക്കേജ് ചീഫ് എൻജിനിയർ സി.കെ. ശ്രീകല,
കുട്ടനാട് ഡെവലപ്മെന്റ് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനിയർ ആർ. അജയകുമാർ, വൈക്കം ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടർ വിനു ചന്ദ്രബോസ്, തലയാഴം കൃഷി ഓഫീസർ രേഷ്മ ഗോപി, രാജേന്ദ്രൻ നായർ, ടി.കെ. സുമേഷ്, വി.പോപ്പി, ലക്ഷ്മണൻ എന്നിവർ പങ്കെടുത്തു.