'കവിത, വിവര്‍ത്തന കവിത: സംസ്‌കാരവൃത്തിയുടെ വിതകള്‍'
കവിത, വിവര്‍ത്തന കവിത: സംസ്‌കാരവൃത്തിയുടെ വിതകള്‍
' ഡോ. അജു കെ. നാരായണന്‍
എംജി യൂണിവേഴ്‌സിറ്റി, കോട്ടയം

അയ്യപ്പപ്പണിക്കരും സച്ചിദാനന്ദനും ബാലചന്ദ്രന്‍ ചുള്ളിക്കാടുമൊക്കെ തങ്ങളുടെ കാവ്യസമാഹാരം പ്രസിദ്ധീകരിച്ചപ്പോള്‍ അതില്‍ പല ലോകകവിതകളുടെയും വിവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍, 'സ്വന്തം' കവിതകളുടെ ഇടയിലാണ് പ്രസ്തുത വിവര്‍ത്തനങ്ങള്‍ ആമുഖക്കുറിപ്പുകളോടെ അവര്‍ ചേര്‍ത്തുവച്ചത്. എന്നാല്‍, സന്ദീപ് സലിമിന്റെ ഈ കാവ്യസമാഹാരം രണ്ടു ഭാഗങ്ങളാണ് സംവിധാനം ചെയ്തിരിക്കുന്നത് സ്വന്തം കവിതകള്‍ ഉള്ളടങ്ങുന്ന ആദ്യഭാഗവും വിവര്‍ത്തനകവിതകളുടെ രണ്ടാം ഭാഗവും. ഈയൊരു വേര്‍തിരിവ് സവിശേഷങ്ങളായ ചില കാര്യങ്ങളിലേക്കു വിരല്‍ചൂണ്ടുന്നുണ്ട്. മൂലപാഠം (source text), ലക്ഷ്യപാഠം/വിവര്‍ത്തനപാഠം (target text/translated text) എന്നിവയേക്കുറിച്ചുള്ള, ഒരുപക്ഷേ, വിവര്‍ത്തന പ്രക്രിയയെക്കുറിച്ചുതന്നെയുള്ള കവിയുടെ/വിവര്‍ത്തകന്റെ സവിശേഷമായ വീണ്ടുവിചാരമാകാം ഇത്തരമൊരു ക്രമീകരണത്തിനു പിന്നില്‍. അതിലേക്കു കടക്കുന്നതിനു സന്ദീപ് സലിമിന്റെ 'സ്വന്തം' കവിതകളിലേക്കു വരാം.

സന്ദീപിന്റെ കവിതകളുടെ പൊതുഗതി മനസിലാക്കാന്‍ സഹായിക്കുന്ന രണ്ടു കൈചൂണ്ടിക്കവിതകള്‍ ഈ സമാഹാരത്തിലുണ്ട്. ലിംഗം ഛേദിച്ചുകളഞ്ഞ രാത്രി, കറുത്തവന്‍ എന്നിവയാണവ. ഡല്‍ഹിയില്‍ പീഡനത്തിനിരയായി മരിച്ച ജ്യോതിസിംഗ് എന്ന പെണ്‍കുട്ടിയെ അനുസ്മരിച്ച് എഴുതിയതാണ് ആദ്യത്തെ കവിതയെങ്കില്‍ ഹൈദരാബാദ് സര്‍വകലാശാലയിലെ ദളിത് വിദ്യാര്‍ഥിയായ രോഹിത് വെമുലയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ രചിക്കപ്പെട്ടതാണ് രണ്ടാമത്തേത്. കവിത എന്നതു കേവലം കാല്പനികമോ സ്വകാര്യമോ ആയ ഒരു വ്യവഹാരമല്ലെന്നും അതു പൊതുമണ്ഡലത്തിന്റെ രാഷ്ട്രീയ ഇച്ഛയാണെന്നും വെളിപ്പെടുത്തുന്ന സന്ദര്‍ഭമാണിത്. കല കലയ്ക്കുവേണ്ടിയോ ജീവിതത്തിനുവേണ്ടിയോ എന്ന ഇത്തിരി പഴക്കമുള്ള ചോദ്യം ഇവിടെ വീണ്ടും ഉന്നയിക്കപ്പെടുകയാണ്. ഈ കവിക്ക് യാതൊരു സംശയവുമില്ല; കലയും കവിതയുമൊക്കെ ജീവിതത്തിനുവേണ്ടിത്തന്നെ. എന്നാലതു കേവല മുദ്രാവാക്യത്തിന്റെ മുഴക്കം മാത്രമാകുന്നുമില്ല. നാടിനെ പിടിച്ചുലച്ച ചില സംഭവങ്ങള്‍ കവിയുടെ മനസില്‍ ഏല്‍പ്പിച്ച ആഴമേറിയ മുറിവുകള്‍ കവിതയായി പരിഭാഷ ചെയ്യപ്പെടുകയാണ്. നോക്കുക:

നോട്ടം വഴിതെറ്റി
ഒളിഞ്ഞുനോട്ടമായി
ഇന്ന കണ്ട കുട്ടികള്‍
അവര്‍ ആണെന്നും പെണ്ണെന്നും പരിഭാഷ ചെയ്യപ്പെട്ടിരിക്കുന്നു
ശ്രദ്ധിച്ചു വായിച്ചിട്ടും
പരിഭാഷ മനസ്സിലായില്ല
........................................
മനുഷ്യത്വം വറ്റി
വെറും ശരീരമായപ്പോള്‍
തന്റെ പ്രണയത്തിന്റെ വിശുദ്ധിക്കായി
ഒരാള്‍
ആ രാത്രിയില്‍
തന്റെ ലിംഗം ഛേദിച്ചു കളഞ്ഞു
(ലിംഗം ഛേദിച്ചു കളഞ്ഞ രാത്രി)
മനുഷ്യത്വം വറ്റി എല്ലാവരും വെറും ശരീരമായി മാറിത്തീരുമ്പോള്‍, പ്രണയത്തിന്റെ വിശുദ്ധിക്കായി രാത്രിയില്‍ ലിംഗം ഛേദിച്ചുകളഞ്ഞ 'ആ ഒരാള്‍' കവിതന്നെയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പൊതുസമൂഹം ഏല്‍പ്പിക്കുന്ന നിരന്തരമായ പീഡനങ്ങളോട് ആഖ്യാതാവ് പ്രതികരിക്കാന്‍ ശ്രമിക്കുന്നത് സ്വയം ഷണ്ഡീകരിച്ചുകൊണ്ടാണ്. ഒറ്റ നോട്ടത്തില്‍ ഇതൊരു അടയറവായി തോന്നിയേക്കാം. എന്നാല്‍, സൂക്ഷ്മാലോചനയില്‍ ഈ ഷണ്ഡീകരണം ഒരു പ്രത്യുത്തരം നല്‍കലാണെന്നു ബോധ്യപ്പെടും.
ഇനി കറുത്തവന്‍ എന്ന കവിതയിലേക്കു വരാം.
അവന്,
വെളുപ്പു നിറമില്ല
സുന്ദരനല്ല
നീലക്കണ്ണുകളില്ല

അടയാളപ്പെടുത്തലുകള്‍
ആരും അറിഞ്ഞില്ല
രോദനം
ആരും കേട്ടില്ല
വാക്കുകള്‍
ആരും വായിച്ചില്ല
ചിന്തകള്‍
ആരും തിരിച്ചറിഞ്ഞില്ല
ചരിത്രം ആരും രേഖപ്പെടുത്തിയില്ല
രേഖപ്പെടുത്തപ്പെടാതെ പോകുന്ന കീഴാളചരിത്രത്തെപ്പറ്റിയുള്ള വ്യഥയ്ക്ക് പഴക്കമേറെയുണ്ട്. 'കാണുന്നീലൊരക്ഷരവും എന്റെ വംശത്തെപ്പറ്റി' എന്നാരംഭിക്കുന്ന പൊയ്കയില്‍ അപ്പച്ചന്റെ പാട്ടിന്റെ വംശാവലിയിലേക്ക് കറുത്തവന്‍ എന്ന കവിതയും കണ്ണിചേര്‍ക്കപ്പെടുന്നു. ദക്ഷിണേന്ത്യന്‍ ദലിത് സാഹിത്യകൃതികളുടെ ആംഗലേയ തര്‍ജ്ജമകള്‍ ഉള്ളടങ്ങുന്ന ഒരു ഗ്രന്ഥം ഓക്‌സ്ഫഡ് യൂണിവേഴ്‌സിറ്റി പ്രസ്സിനുവേണ്ടി സംസ്‌കാരപഠിതാവായ സൂസി താരു എഡിറ്റ് ചെയ്തു പുറത്തിറക്കിയപ്പോള്‍ അതിനു നല്‍കിയ ശീര്‍ഷകവും (No Alphabets in sight) ഇവിടെ സ്മരണീയം.
കവി തന്റെ ആത്മത്തെ (self) വിമര്‍ശബുദ്ധ്യാ നോക്കിക്കാണുന്ന കവിതയാണ് റെസ്യൂമെ.
കവിത തുടങ്ങുന്നത് ഇങ്ങനെ:
'നിങ്ങളാര്?'
ചോദ്യം
ചോദ്യചിഹ്നമായി

ഒടുവില്‍
ഞാനുത്തരം പറഞ്ഞു:
മനുഷ്യന്‍
കുറച്ചു വരികള്‍ക്കു ശേഷം കവിത ഇങ്ങനെ നീളുന്നു:
ഭാഷ
ജാതി
മതം
വര്‍ഗം
നിറം
ലിംഗം
ദേശം
കോളങ്ങള്‍ മുന്നില്‍ നിറഞ്ഞു
നാവിലെ വെള്ളം വറ്റി
തൊണ്ടയടഞ്ഞു'
കവിത അവസാനിക്കുന്നത് ഇങ്ങനെ:
'കണ്ണില്‍
ഇരുട്ട് കയറിത്തുടങ്ങി
കാഴ്ച പോകുംമുമ്പ്
ഞാനുത്തരമെഴുതി
‘Nil’
അങ്ങനെ
ഞാനെന്റെ
റെസ്യൂമെ
പൂര്‍ത്തിയാക്കി'
ആധുനികതയുടെ modernity) ഉത്പന്നമാണ് റെസ്യൂമേ, ബയോഡേറ്റ, ഐഡന്റിറ്റി കാര്‍ഡ് തുടങ്ങിയ നിര്‍മിതികള്‍. ഒരു പൗരന്റെ അസ്തിത്വത്തെ/സ്വത്വത്തെ സ്റ്റേറ്റും പൊതുസമൂഹവും അടയാളപ്പെടുത്തുന്ന കുറിമാനങ്ങളാണിവ. ആത്മത്തിന്റെ പ്രകാശനങ്ങളാണ് ഇവയെന്നു പെട്ടെന്നു തോന്നിയാലും അപരര്‍ക്കുവേണ്ടിയുള്ള 'ആത്മ' നിര്‍മിതികളാകുന്നു ഇവ. ജാതി, മതം, വര്‍ഗം, ലിംഗം, ദേശം എന്നിങ്ങനെയുള്ള ഘടനകളിലും ഫ്യൂഡല്‍ സംവര്‍ഗങ്ങളിലും ആത്മത്തെ കുരുക്കിയിടാനുള്ള ആധുനികതയുടെ കപടമുഖങ്ങളെ പരിഗണിക്കേണ്ടിവരുന്ന സമകാലിക സാഹചര്യങ്ങളോടു കവി പ്രതികരിക്കുന്നത് എല്ലാ കോളങ്ങളിലും Nil എന്ന് എഴുതിക്കൊണ്ടാണ്. സത്യത്തില്‍ ഈ Nil ഒന്നുമില്ലായ്മയല്ല. മറിച്ച്, ഉണ്മയാണ്; മനുഷ്യന്‍ എന്ന ഉണ്മ. വിശ്വപൗരന്‍ എന്ന പദവിമൂല്യത്തെ സ്വപ്നം കാണിച്ച കാലഘട്ടവും ബഹുതല ഘടനയുള്ള രാഷ്ട്രവ്യവസ്ഥയും നമ്മെ ചതിക്കുന്നതിന്റെ വിരോധാഭാസത്തിലേക്കാണ് കവിത വിരല്‍ ചൂണ്ടുന്നത്. റെസ്യൂമേ എന്ന ആധുനികസൂചകം ഇവിടെ ദുഷ്‌കീര്‍ത്തി (stigma)യുടെ അടയാളമായി പരിണമിക്കുന്നു. കാരണം, റെസ്യൂമെ എന്നത ജാതിമതവംശലിംഗ സ്വത്വങ്ങളെ എടുത്തുകാട്ടി ഉറപ്പിക്കുന്ന പ്രകടനപത്രികയാണ്. പരമ്പരാഗത നിഷിദ്ധങ്ങളേക്കാള്‍ (taboos) ആഴത്തില്‍ മുറിവേല്പിക്കാനും മോചനത്തിന്റെയും സമതുല്യതയുടെയും സ്വപ്നങ്ങളെ തകര്‍ത്തുകളയാനും ഒരുപക്ഷേ ഈ ആധുനിക സൂചകത്തിനു കഴിയും.
സമകാലിക പ്രശ്‌നങ്ങളോടുള്ള മറ്റൊരു തരം പ്രതികരണമാണ് സ്ഥാനംതെറ്റിയ കുടുക്കുകളുള്ള കുപ്പായം എന്ന കവിത. കാവ്യശീര്‍ഷകത്തിന്റെ ധ്വനിമൂല്യവും രൂപാത്മകതയും ഈ കവിതയ്ക്ക് അവകാശപ്പെടാനാവില്ലെങ്കിലും യാഥാര്‍ത്ഥ്യത്തിന്റെ പകര്‍പ്പെന്ന നിലയിലുള്ള ഒരു പൊള്ളല്‍ ഇതിനുണ്ട്; പ്രത്യേകിച്ചും കേരളീയ ഗ്രാമങ്ങളില്‍ വരെ തീവ്രവാദത്തിന്റെ വിത്തുകള്‍ മുളപൊട്ടുന്ന സമകാലിക സാഹചര്യത്തില്‍.

ദാര്‍ശനികമാനങ്ങളുള്ള കവിതകളാണ് വികൃതരൂപം, ഉടലിന്റെ രൂപങ്ങള്‍, മരിച്ചവന്റെ മുറി എന്നീ കവിതകള്‍.
'മരിച്ചവന്റെ മുറിയില്‍ എല്ലാം സാധാരണമായിരുന്നു.
എന്നാല്‍ വായിക്കാത്ത പുസ്തകത്തിലെ വരികള്‍ പോലെ
അവന്റെ ചിന്തകള്‍ മാത്രം
അജ്ഞാതവും അസാധാരണവുമായിരുന്നു'
(മരിച്ചവന്റെ മുറി)
ഒരു വാക്കിനെ ഒരു വരിയില്‍ പ്രതിഷ്ഠിച്ച്, ആ വാക്കിന് ആഴം വയ്പിച്ച്, അര്‍ഥത്തെ പ്രതിബിംബിപ്പിക്കുന്ന കവിതയാണ് പ്രതിബിംബം. ഈ കവിതയിലെ മുപ്പതോളം വരികളില്‍ വാക്ക് ഒന്നു വീതമേയുള്ളൂ. പക്ഷേ അതു 'വീതി'യുള്ള വാക്കുകളാവുന്നു. കവിതയുടെ മൊത്തത്തിലുള്ള സംബന്ധവും (coherence) സംസക്തിയും (Cohesion) കൊണ്ട് ഒറ്റ വാക്കുകള്‍ 'റാകി'പ്പറക്കുന്നു.
നോക്കുക:
ഗാന്ധി
ചര്‍ക്ക
മാര്‍ക്‌സ്
താമര
ദാസ്‌ക്യാപ്പിറ്റല്‍
വിഭാഗീയത
വിമോചനസമരം
കുറുവടി
അടിയന്തരാവസ്ഥ
വരട്ടുതത്ത്വവാദം
.....................
ദൈവം
വിശ്വാസം
പ്രാര്‍ത്ഥന
യാഗം
ബലി
നിസ്‌കാരം
ഉപവാസം
ആത്മാവ്
അവള്‍ സുന്ദരിയായിരുന്നു എന്ന കവിതയിലും ഉടലിന്റെ ഓര്‍മ്മകള്‍ എന്ന കവിതയിലും കേള്‍ക്കാം വാക്കിന്റെ ഇത്തരം ഒറ്റക്കമ്പിയൊച്ചകള്‍ (ഒറ്റക്കമ്പിനാദം എന്നെഴുതാന്‍ കഴിയില്ല. സുഖദമായ ശബ്ദമാണല്ലോ നാദം. എന്നാല്‍, അത്ര സുഖകരമല്ലാത്ത അര്‍ഥങ്ങളുള്ള വാക്കുകളാണ് ഇവിടെ പ്രക്ഷേപിക്കപ്പെടുന്നത്. അതുകൊണ്ട് ഒച്ചതന്നെ ഉചിതം. കവിത ഉറക്കുപാട്ടല്ല, ഉണര്‍ത്തുപാട്ടാവണം എന്ന നിരൂപകവചനം ഇവിടെ ഓര്‍മിക്കാം).
ബുദ്ധി
ചിന്ത
ചങ്കൂറ്റം
തമാശകള്‍
പ്രത്യയശാസ്ത്രങ്ങള്‍
പ്രതികരണശേഷി
അവകാശങ്ങള്‍
പൊങ്ങച്ചങ്ങള്‍
സ്വാദുകള്‍
(അവള്‍ സുന്ദരിയായിരുന്നു)

ഓക്‌സിജന്‍മാസ്‌ക്
പേസ്‌മേക്കര്‍
സ്റ്റെന്റ്
ശീതീകരണയന്ത്രം
ഇസിജി മെഷീന്‍
ബിപി അപ്പാരറ്റസ്
അണുനാശിനി
കാനുല
സിറിഞ്ച്
മരുന്നുകുപ്പികള്‍
പെയ്ഡ് ബില്ലുകള്‍
കുറിപ്പടികള്‍
(ഉടലിന്റെ ഓര്‍മകള്‍)
രൂപകങ്ങളാണ് (metaphors) കവിതയ്ക്ക് ജീവന്‍ നല്‍കുന്നതെന്നു പൊതുവേ പറഞ്ഞു പോരാറുണ്ട്. അത്തരത്തിലുള്ള ചില രൂപകങ്ങള്‍ പ്രത്യക്ഷപ്പെടുന്ന കവിതയാണ് നാറാണത്തു ഭ്രാന്തന്‍ ഉരുട്ടിവിട്ട കല്ല്. ഈ രൂപകങ്ങള്‍ വായിക്കുക:
തീവ്രപ്രണയം ഇടിമിന്നലായപ്പോള്‍
പൊള്ളിക്കരുവാളിച്ച പാടുകള്‍
കൊലവിളിയുടെ പശ്ചാത്തലത്തില്‍
ഷൂട്ട് ചെയ്ത
ത്രിശൂലത്തില്‍ കോര്‍ത്ത
ഗര്‍ഭസ്ഥശിശുവിന്റെ ഫ്രെയിം
... ... ...
എത്ര ചേര്‍ത്തു പിടിച്ചിട്ടും
ഒന്നാവാനാവാതെ പോയ
മരണത്തിലേക്കു നടന്ന കമിതാക്കളുടെ
കാല്‍പ്പാടുകള്‍.
ഇങ്ങനെ പലമയുടെ പലതരം ശബ്ദങ്ങള്‍ കേള്‍പ്പിച്ചുകൊണ്ടാണ് സന്ദീപിന്റെ കവിത മുന്നേറുന്നത്. ഏകാഗ്രമോ ഏകശിലാത്മകമോ അല്ല, ബഹുമുഖവും ബഹുസ്വരാത്മകവുമാണ് ഉത്തരാധുനികതയുടെ കാവ്യപ്രവശ്യ. ഇങ്ങനെയെല്ലാം സൂചിപ്പിച്ചതുകൊണ്ട് ഈ സമാഹാരത്തിലെ കവിതകളെല്ലാം ഉദാത്തങ്ങളാണെന്നു സാക്ഷ്യം പറയുകയാണെന്നു ധരിക്കരുത്. മറിച്ച്, ഭാഷാലീലകൊണ്ട് സംസ്‌കാരഭൂപടത്തില്‍ ഇടപെടാന്‍ ഒരു കവി നടത്തുന്ന എളിയ ശ്രമമായി കണ്ടായില്‍ മതിയാകും. ആ ശ്രമം ശ്ലാഘനീയമാണെന്നാണ് ഇവിടെ വ്യവസ്ഥ.

ഇനി വിവര്‍ത്തനകവിതകളിലേക്കു വരാം. അതിനു മുന്നോടിയായി അല്പം വിവര്‍ത്തനവിചാരം. മൂലകൃതിയെ അതേപടി ലക്ഷ്യഭാഷയിലേക്കു മാറ്റിപ്പാര്‍പ്പിക്കുക എന്ന കര്‍മ്മപരിപാടി നിര്‍വഹിക്കുന്ന വ്യക്തിയെയാണ് നല്ല വിവര്‍ത്തകന്‍/വിവര്‍ത്തക എന്ന കാല്പനികഘട്ട (romantic age) ത്തില്‍പ്പോലും നാം കരുതിപ്പോന്നത്. ഇവിടെ വിവര്‍ത്തനം എന്നത് ഒരു യാന്ത്രികവൃത്തിയാണ്. മൂലകൃതിയുടെ രചയിതാവിന്റെ ജീനിയസിനെ മറ്റൊരു സ്ഥല/കാലത്തില്‍ അവതരിപ്പിക്കുന്ന ഒരു ടെക്‌നീഷ്യന്‍ മാത്രമാണ് വിവര്‍ത്തകന്‍. എന്നാല്‍, കാല്പനികാനന്തരഘട്ടത്തില്‍ വിവര്‍ത്തനത്തെക്കുറിച്ചുള്ള ധാരണകള്‍ പുതുക്കപ്പെടുന്#ുണ്ട്. മൂലകൃതിക്കും ലക്ഷ്യഭാഷയിലെ വായനക്കാര്‍ക്കും ഇടയിലുള്ള ഇടനിലക്കാരനാണു വിവര്‍ത്തകന്‍ എന്ന നില മാറണമെന്നു വാള്‍ട്ടര്‍ ബെന്യാമിന്‍ അഭിപ്രായപ്പെടുന്ന. ചരിത്രസാഹചര്യങ്ങളും ചരിത്രപരമായ ആവശ്യങ്ങളും മാറുന്നതനുസരിച്ച് മൂലകൃതിയെ സ്വാംശീകരിക്കുകയാണു വിവര്‍ത്തകദൗത്യം എന്നു വിലയിരുത്തപ്പെട്ടു. അതായത്, ഒരു സവിശേഷഭാഷയിലും സംസ്‌കാരത്തിലും പിറവികൊണ്ട ഒരു കൃതിയുടെ കേവലമായ ഭാഷാന്തരമല്ല, മറിച്ച്, ലക്ഷ്യഭാഷാസംസ്‌കാരങ്ങള്‍ക്ക് അനുസൃതമായ രീതിയില്‍ പുനുരുത്പാദിപ്പിക്കുകയാണ് വിവര്‍ത്തകലക്ഷ്യം എന്നു വന്നതോടെ മൂലകര്‍ത്താവിന്റെ പദവിമൂല്യം വിവര്‍ത്തകനും ലഭിച്ചുതുടങ്ങി. ഒരാളില്‍നിന്നും രക്തം സ്വീകരിച്ച് ആരോഗ്യം വീണ്ടെടുക്കുന്നതുപോലെയുള്ള ഒരു പ്രക്രിയയാണു തര്‍ജ്ജമ എന്നു ഹാരോള്‍ഡ് കമ്പോസ് നിരീക്ഷിക്കുന്നുണ്ട്. നരഭോജനം എന്ന രൂപകത്തെ സ്വീകരിച്ചുകൊണ്ട് വിവര്‍ത്തനത്തെ വിശദീകരിക്കുന്ന സൈദ്ധാന്തിക സമീക്ഷകള്‍ മൂലകൃതി, വിവര്‍ത്തനം എന്ന ദ്വന്ദ്വത്തെത്തന്നെ നിരാകരിക്കുന്നുണ്ട്. മൂലകൃതി എന്നൊന്നില്ല എന്നും എല്ലാം വിവര്‍ത്തനങ്ങളാണെന്നും പുത്തന്‍ പുതുമക്കാര്‍ പറയും. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ എല്ലാം മൂലകൃതികളത്രേ.

സ്പാനിഷ് കവി അന്റോണിയോ മച്ചാഡോ, മെക്‌സിക്കന്‍ കവി ഒക്‌ടോവിയോ പാസ്, ചിലിയന്‍ കവി പാബ്ലോ നെരൂദ, ഫ്രഞ്ച് കവി ചാള്‍സ് ബോദ് ലെയര്‍, അര്‍ജന്റൈന്‍ കവി ബോര്‍ഹസ്, ഇന്ത്യന്‍ ഇംഗ്ലീഷ് കവി ഡോം മോറെസ്, പോളിഷ് കവയിത്രി സിംബോഴ്‌സ്‌ക, സിറിയന്‍ കവി ഖബ്ബാനി, ജര്‍മന്‍ എഴുത്തുകാരന്‍ ഗുന്തര്‍ ഗ്രാസ് തുടങ്ങിയവരുടെ കവിതകളാണ് വിവര്‍ത്തനം ചെയ്തു ചേര്‍ത്തിട്ടുള്ളത്. ഇവിടെ വിവര്‍ത്തനം ചെയ്തിട്ടുള്ള പല കവിതകളുടെയും മൂലം ഇംഗ്ലീഷിലല്ല എന്നുള്ളത് ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. പല ഭാഷകളില്‍ രചിക്കപ്പെട്ട കവിതകള്‍ ഇംഗ്ലീഷിലേക്കു മൊഴിമാറ്റം ചെയ്തതിനെ 'മൂലകൃതി'യായി പരിഗണിച്ചുകൊണ്ടുള്ള വിവര്‍ത്തനമാണിത്. ഇതിനെ വിവര്‍ത്തനത്തിന്റെ വിവര്‍ത്തനം എന്നു വിളിക്കാം. മൂലകൃതി എന്ന അടിയാധാരം ഇളകിപ്പോകുന്ന സന്ദര്‍ഭമാണിത്.

കവിതകളുടെ ഇംഗ്ലീഷ് പാഠത്തെ മൂലകൃതിയെന്ന നിലയില്‍ പരിഗണിച്ചു പറഞ്ഞാല്‍, സന്ദീപ് സലിമിന്റെ വിവര്‍ത്തനങ്ങള്‍ മൂലപാഠത്തിന്റെ സമമൂല്യത/കിറുകൃത്യതയ്ക്കു വേണ്ടിയുള്ള പരിശ്രമങ്ങളാണ്. ഈ ശ്രമം വിഫലമാണെന്നല്ല. പകരം, ഇത് ഒരു തരത്തിലുള്ള വിവര്‍ത്തനമാണെന്നു തിരിച്ചറിയേണ്ടതുണ്ട്. വിവര്‍ത്തനത്തിലൂടെയാണ് ലോകസാഹിത്യം നമ്മുടെ അരികിലേക്കു വരുന്നതെന്നും നമ്മുടെ സാഹിത്യം പുറംലോകത്തേക്കു പ്രക്ഷേപിക്കപ്പെടുന്നതെന്നും ഓര്‍മിക്കണം. ചുരുക്കത്തില്‍, സര്‍ഗാത്മകരചനകള്‍ പോലെതന്നെ വിവര്‍ത്തനപ്രക്രിയയും ഒരു സാംസ്‌കാരിക പ്രവൃത്തിയാണ്. അതിനാല്‍ത്തന്നെ അതൊരു സാര്‍ത്ഥകമായ രാഷ്ട്രീയ നീക്കവുമാണ്. ഇത്തരം ശ്രമങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടിരിക്കുന്ന സന്ദീപ് സലിമിന് അഭിവാദ്യങ്ങള്‍!'