ന്യൂഡൽഹി: വിമാന ഇന്ധന വിലയിലുണ്ടായ അനിയന്ത്രിതമായ വര്‍ധനയെത്തുടര്‍ന്ന് എയർ ഇന്ത്യ ജൂൺ-ജൂലൈ മാസങ്ങളിൽ വിമാന സര്‍വീസുകള്‍ കുറയ്ക്കും. പ്രതിദിനം നൂറോളം സര്‍വീസുകള്‍ കുറച്ചേക്കുമെന്നാണ് വിവരം. ആഭ്യന്തര, അന്തര്‍ദേശീയ റൂട്ടുകളില്‍ ഇതു വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
► പത്തു ശതമാനം സർവീസ് കുറച്ചേക്കും
നിലവിൽ എയർ ഇന്ത്യ 1000-1100 സർവീസുകളാണ് ദിവസേന നടത്തുന്നത്. ഏകദേശം പത്തു ശതമാനം സർവീസുകൾ കുറയ്ക്കാനാണ് തീരുമാനം. യൂറോപ്പ്, വടക്കേ അമേരിക്ക, ഓസ്ട്രേലിയ, സിംഗപ്പുര്‍ തുടങ്ങിയ ദീര്‍ഘദൂര റൂട്ടുകളിൽ (ലണ്ടന്‍, പാരീസ്, ന്യൂയോര്‍ക്ക്, ടൊറന്റോ, സാന്‍ ഫ്രാന്‍സിസ്കോ, സിഡ്നി) കുറവ് വരുത്താനാണ് നിലവിൽ തീരുമാനം.
► വില കൂടിയത് 80 ശതമാനം
ഫെബ്രുവരിക്കുശേഷം ഇന്ധനവിലയിൽ 80 ശതമാനം വർധനയാണുണ്ടായത്. ആകെ ചെലവിന്റെ 40 ശതമാനത്തോളം ഇന്ധനത്തിനായി ചെലവാക്കുന്നതിനാൽ പല റൂട്ടുകളും സാമ്പത്തികമായി ലാഭകരമല്ലെന്നാണ് എയർ ഇന്ത്യയുടെ വിലയിരുത്തല്‍. പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ മൂലം വ്യോമപാതകളില്‍ നിയന്ത്രണം വന്നതും തിരിച്ചടിയാണ്. പുതിയ വ്യോമപാതകൾ തെരഞ്ഞെടുക്കാൻ നിർബന്ധിതരായതായും ഇത് ദൂരത്തിൽ വലിയ വ്യത്യാസം വരുത്തുന്നതായും കന്പനി ചൂണ്ടിക്കാട്ടി. ഇത് ഇന്ധനച്ചെലവ് വീണ്ടും വര്‍ധിപ്പിക്കുന്നു.
► ടിക്കറ്റ് നിരക്കും കൂടും
സര്‍വീസുകള്‍ കുറയുന്നതോടെ വിമാന ടിക്കറ്റ് നിരക്കുകള്‍ കുത്തനെ കൂടിയേക്കും. അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഇതു വലിയ സാമ്പത്തികബാധ്യതയുണ്ടാക്കും. ഇന്ധനത്തിന്മേലുള്ള നികുതികളിൽ ഇളവ് വരുത്താൻ സർക്കാർ തയാറായില്ലെങ്കിൽ ടിക്കറ്റ് നിരക്ക് കൂട്ടേണ്ടിവരുമെന്നും ഇന്ത്യൻ എയർലൈൻസ് വിലയിരുത്തുന്നു.
സർക്കാർ പിന്തുണ നൽകിയില്ലെങ്കില്‍ കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കേണ്ടിവരുമെന്ന് ഇന്‍ഡിഗോ, സ്പൈസ് ജെറ്റ് എന്നിവയുള്‍പ്പെട്ട ഫെഡറേഷന് ഓഫ് ഇന്ത്യന്‍ എയര്‍ലൈന്‍സ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
'വര്‍ധിച്ചുവരുന്ന വെല്ലുവിളികള്‍ക്കിടയില്‍ ജൂണ്‍, ജൂലൈ മാസങ്ങളിലെ ഷെഡ്യൂളുകള്‍ കുറയ്ക്കുകയല്ലാതെ മറ്റു മാർഗമില്ല. ജെറ്റ് ഇന്ധനവിലയിലെ വന്‍ വര്‍ധന കാരണം ഏപ്രില്‍, മേയ് മാസങ്ങളില്‍ ഞങ്ങൾ ഇതിനകംതന്നെ ചില സര്‍വീസുകള്‍ കുറച്ചിട്ടുണ്ട്.'
കാംപൽ വിൽസൺ (സിഇഒ, എയർ ഇന്ത്യ )
Tags : Fuel prices soar Air India reduce services