കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ, രാഹുൽ ഗാന്ധി
ന്യൂഡൽഹി: ഐഡിബിഐ ബാങ്കിന്റെ ഭൂരിപക്ഷം ഓഹരികളും വിദേശ കമ്പനിക്കു വിൽക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെച്ചൊല്ലി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനും തമ്മിൽ കടുത്ത വാക്പോര്.
സമൂഹമാധ്യമമായ എക്സിലൂടെയാണ് ഇരുനേതാക്കളും രൂക്ഷമായ ആരോപണ-പ്രത്യാരോപണങ്ങൾ ഉന്നയിച്ചത്. ടാറ്റ ഗ്രൂപ്പിലെ നേതൃപദവിയെച്ചൊല്ലിയുള്ള തർക്കത്തിന് തൊട്ടുപിന്നാലെയാണ് ബാങ്ക് സ്വകാര്യവത്കരണത്തിലും ഇരുനേതാക്കളും കൊമ്പുകോർത്തത്.
ലാഭത്തിലുള്ള ബാങ്ക് വിൽക്കുന്നത് എന്തിന്? രാഹുൽ
ബാങ്ക് സ്വകാര്യവത്കരണത്തെ എതിർക്കുന്ന ഐഡിബിഐ ജീവനക്കാർക്ക് പിന്തുണ പ്രഖ്യാപിച്ച് രാഹുൽ ഗാന്ധി തുറന്ന കത്തെഴുതി. കഴിഞ്ഞ വർഷം 9,000 കോടിയിലധികം രൂപ ലാഭമുണ്ടാക്കിയ പൊതുമേഖലാ സ്ഥാപനം എന്തിനാണു വിൽക്കുന്നതെന്ന് പാർലമെന്റിൽ ചോദിച്ചിട്ടും സർക്കാർ വ്യക്തമായ ഉത്തരം നൽകിയില്ലെന്ന് രാഹുൽ കുറ്റപ്പെടുത്തി.
2003ൽ ഐഡിബിഐയുടെ 51% ഓഹരിയെങ്കിലും നിലനിർത്തുമെന്ന് സർക്കാർ പാർലമെന്റിൽ ഉറപ്പുനൽകിയിരുന്നതായി രാഹുൽ ഓർമിപ്പിച്ചു. സ്വകാര്യവത്കരണം നടപ്പാകുന്നതോടെ എസ്സി, എസ്ടി, ഒബിസി വിഭാഗങ്ങളുടെ സംവരണ ആനുകൂല്യങ്ങൾ ഇല്ലാതാകും.
കോൺഗ്രസ് ഭരണകാലത്ത് രാജ്യത്തിന്റെ വ്യവസായ വളർച്ചയ്ക്കായി സ്ഥാപിച്ച ബാങ്കുകൾ മോദി ഭരണത്തിൽ ലേലം ചെയ്തു വിൽക്കുകയാണെന്നും രാഹുൽ പരിഹസിച്ചു.
കോൺഗ്രസ് വരുത്തിവച്ച ബാധ്യത മോദി തീർത്തു: നിർമല സീതാരാമൻ
രാഹുലിന്റെ ആരോപണങ്ങൾക്ക് കൃത്യമായ മറുപടിയുമായി ധനമന്ത്രി നിർമല സീതാരാമനും രംഗത്തെത്തി. അത്യന്തം തകർച്ചയിലായ അവസ്ഥയിലാണ് ഐഡിബിഐ ബാങ്ക് മോദിസർക്കാരിനു കൈമാറിക്കിട്ടിയതെന്ന് ധനമന്ത്രി വ്യക്തമാക്കി.
കോൺഗ്രസ് നേതാക്കളുമായി അടുത്ത ബന്ധമുള്ള വീഡിയോകോൺ, വിൻസം, എബിജി ഷിപ്പ്യാർഡ്, കിംഗ്ഫിഷർ തുടങ്ങിയ വൻകിട ബിസിനസ് ഗ്രൂപ്പുകൾക്കു മാനദണ്ഡങ്ങൾ ലംഘിച്ച് വായ്പ നൽകാൻ ഐഡിബിഐ നിർബന്ധിതരായി. ഇതാണു ബാങ്കിനെ വൻ നഷ്ടത്തിലേക്കു തള്ളിയിട്ടത്.
25,000 കോടിയിലധികം രൂപയുടെ മൂലാധന പുനഃസ്ഥാപനവും പ്രൊഫഷണൽ സമീപനവും വഴിയാണ് നരേന്ദ്ര മോദി സർക്കാർ ബാങ്കിനെ വീണ്ടും ലാഭത്തിലാക്കിയത്. കോൺഗ്രസ് ഭരണകാലത്തുണ്ടായ നിരവധി ബാങ്കിംഗ് അഴിമതികളും ധനമന്ത്രി ചൂണ്ടിക്കാട്ടി.
ഫെയർഫാക്സ് ഫിനാൻഷ്യലിലേക്ക്: 50,000 കോടിയുടെ ഭീമൻ വിദേശ നിക്ഷേപം
ഐഡിബിഐ ബാങ്കിലെ 60.72% ഓഹരികൾ കനേഡിയൻ കമ്പനിയായ ഫെയർഫാക്സ് ഫിനാൻഷ്യൽ ഹോൾഡിംഗ്സിന്റെ അനുബന്ധ കമ്പനിക്ക് നൽകാൻ കഴിഞ്ഞ 14ന് കേന്ദ്രസർക്കാർ അനുമതി നൽകിയിരുന്നു.
നിലവിൽ സർക്കാരിന് 30.48 ശതമാനവും എൽഐസിക്ക് 30.24 ശതമാനവുമാണ് ഓഹരിയുള്ളത്. കൈമാറ്റം പൂർത്തിയാകുന്നതോടെ ഇതു യഥാക്രമം 15%, 19% ആയി കുറയും.
ഏകദേശം 50,000 കോടി രൂപ വിലമതിക്കുന്ന ഈ ഇടപാട് ഒരു ഇന്ത്യൻ ബാങ്കിലെ ഏറ്റവും വലിയ വിദേശ നിക്ഷേപമായിരിക്കും. എന്നാൽ, പ്രമുഖ പൊതുമേഖലാ ബാങ്കിന്റെ സ്വകാര്യവത്കരണം രാജ്യത്തെ മറ്റ് ബാങ്കുകളുടെയും സ്വകാര്യവത്കരണത്തിന് വഴിവയ്ക്കുമെന്ന ആശങ്ക ശക്തമാണ്.
Tags : IDBIBank WarofWords Rahul Nirmala Business Fairfax LIC