രാഹുൽ ഗാന്ധി
ന്യൂഡൽഹി: കാനഡ ആസ്ഥാനമായുള്ള ഫെയർഫാക്സ് ഫിനാൻഷ്യൽ ഹോൾഡിംഗ്സിന് ഐഡിബിഐ ബാങ്കിലെ ഭൂരിപക്ഷ ഓഹരികൾ വിൽക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കത്തിനെതിരേ ജീവനക്കാർ നടത്തുന്ന സമരത്തിന് പിന്തുണയുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
നിലവിൽ കേന്ദ്ര സർക്കാരിന്റെയും ലൈഫ് ഇൻഷ്വറൻസ് കോർപറേഷന്റെയും (എൽഐസി) പങ്കാളിത്തമുള്ള ഒരു ബാങ്കാണിത്. 1964 ജൂലൈ ഒന്നിന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഒരു സ്ഥാപനമായി വ്യവസായ മേഖലയ്ക്ക് വായ്പ നൽകാനാണ് ഐഡിബിഐ ആരംഭിച്ചത്. പിന്നീട് ഇതൊരു ഷെഡ്യൂൾഡ് വാണിജ്യ ബാങ്കായി മാറി. ഐഡിബിഐ ബാങ്ക് മുൻപ് ’ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് ബാങ്ക് ഓഫ് ഇന്ത്യ’ എന്നാണ് അറിയപ്പെട്ടിരുന്നത്.
നിർദ്ദിഷ്ട വിൽപനയ്ക്ക് മുൻപ്, ഐഡിബിഐ ബാങ്കിൽ കേന്ദ്ര സർക്കാരിന് 45.48 ശതമാനവും എൽഐസിക്ക് 49.24 ശതമാനവും ഓഹരി പങ്കാളിത്തമുണ്ടായിരുന്നു. ഇരുകൂട്ടരും ചേർന്ന് ബാങ്കിന്റെ ഏകദേശം 94.71 ശതമാനം ഓഹരികൾ നിയന്ത്രിച്ചിരുന്നപ്പോൾ, ബാക്കി ഓഹരികൾ മറ്റ് നിക്ഷേപകരുടെ കൈവശമായിരുന്നു.
ഓഹരി വിറ്റഴിക്കലിന്റെ ഭാഗമായി ബാങ്കിന്റെ ആകെ 60.72 ശതമാനം ഓഹരികൾ വിൽക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. കേന്ദ്ര സർക്കാരിന്റെ കൈവശമുള്ള 30.48 ശതമാനം ഓഹരികളും എൽഐസിയുടെ കൈവശമുള്ള 30.24 ശതമാനം ഓഹരികളും ഉൾപ്പടെയാണിത്. ഓഹരികൾ ’ഫെയർഫാക്സ് ഏറ്റെടുക്കുന്നതിന് ഒക്ടോബർ 14-ന് കേന്ദ്ര സാന്പത്തിക കാര്യ മന്ത്രിസഭാ സമിതി അംഗീകാരം നൽകി. എന്നാൽ ബാങ്ക് യൂണിയനുകൾ ഇതിനെതിരേ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
ബാങ്ക് വിൽപനയ്ക്കെതിരേ നവംബർ രണ്ടു മൂന്നു തീയതികളിൽ രാജ്യവ്യാപകമായി നിരാഹാര സമരം നടത്തുമെന്ന് ജീവനക്കാർ പ്രഖ്യാപിച്ചുണ്ട്. പൊതുജനങ്ങളുടെ പണം ഉപയോഗിച്ച് നിർമ്മിച്ച ലാഭകരമായ ഒരു പൊതുമേഖലാ സ്ഥാപനം സർക്കാർ വിൽക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
ബാങ്ക് ജീവനക്കാരുടെ സമരത്തിന് പിന്തുണ അറിയിച്ചുകൊണ്ട് അയച്ച കത്തിലാണ് രാഹുൽ ഗാന്ധി സർക്കാരിന്റെ നടപടിക്കെതിരേ രംഗത്തുവന്നത്. ഐഡിബിഐ ബാങ്ക് സ്വകാര്യവത്കരിക്കാനുള്ള നീക്കം ജീവനക്കാരുടെ തൊഴിൽ സുരക്ഷയെയും സേവന വ്യവസ്ഥകളെയും നിക്ഷേപകരെയും സംവരണ നയങ്ങളെയും ബാധിച്ചേക്കാമെന്ന ആശങ്കയും പങ്കുവച്ചു.
കഴിഞ്ഞ വർഷം മാർച്ചിൽ പാർലമെന്റ് മന്ദിരത്തിൽ വച്ച് ഐഡിബിഐ ബാങ്ക് ജീവനക്കാരുമായി നടത്തിയ കൂടിക്കാഴ്ച രാഹുൽ ഗാന്ധി കത്തിൽ ഓർമ്മപ്പെടുത്തി. തങ്ങൾ ലാഭകരമാക്കാൻ സഹായിച്ച ബാങ്ക് വിൽക്കാനുള്ള സർക്കാരിന്റെ തീരുമാനത്തെക്കുറിച്ച് അന്ന് അവർ തന്നോട് ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. ഈ ചോദ്യം താൻ ലോക്സഭയിൽ ഉന്നയിച്ചിട്ടും സർക്കാർ വ്യക്തമായ കാരണങ്ങളൊന്നും നൽകിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
ബാങ്കിന്റെ സാന്പത്തിക തിരിച്ചുവരവിനെക്കുറിച്ചു പറഞ്ഞ രാഹുൽ, നഷ്ടത്തിലായിരുന്ന ഒരു സ്ഥാപനത്തെ ലാഭകരമായ വാണിജ്യ ബാങ്കാക്കി മാറ്റിയതിൽ ജീവനക്കാരുടെ പങ്ക് എടുത്തുപറഞ്ഞു.
“ഏഴ് വർഷം മുന്പ് ഐഡിബിഐ നഷ്ടത്തിലായിരുന്നു. കഴിഞ്ഞ വർഷം ഒന്പതിനായിരം കോടി രൂപയിലധികം ലാഭം നേടാൻ ബാങ്കിന് സാധിച്ചു. ഈ മാറ്റം നിങ്ങളുടെ അധ്വാനത്തിന്റെ ഫലമാണ്,’’ അദ്ദേഹം പറഞ്ഞു.
Tags : Extends RahulGandhi Support Employees IDBIBank Sale Business