ന്യൂഡൽഹി: സ്വിസ് ഭക്ഷ്യ-മിഠായി നിർമാണ കന്പനിയായ നെസ്ലെയുടെ ലോകപ്രശസ്തമായ ചോക്ലേറ്റ് വേഫർ ബാറായ കിറ്റ്കാറ്റിന്റെ ആഗോളതലത്തിലെ ഏറ്റവും വലിയ വിപണിയായി ഇന്ത്യ മാറിയെന്ന് കന്പനി അറിയിച്ചു. ഉപഭോക്താക്കൾക്കിടയിലെ ശക്തമായ സ്വാധീനം, ഉത്പന്നങ്ങളിലെ വൈവിധ്യവത്കരണം, ശക്തമായ വിപണനനിക്ഷേപങ്ങൾ എന്നിവയുടെ പിൻബലത്തിലാണ് ഇന്ത്യയിൽ കിറ്റ്കാറ്റ് വളർച്ച നേടിയതെന്ന് കന്പനി വ്യക്തമാക്കി.
കഴിഞ്ഞ രണ്ടുമൂന്നു വർഷമായി കിറ്റ്കാറ്റിന്റെ രണ്ടാമത്തെ വലിയ വിപണിയായിരുന്നു ഇന്ത്യ. ഇപ്പോൾ രണ്ടാം സ്ഥാനത്തുനിന്ന് മുന്നേറി ആഗോളതലത്തിൽ ഏറ്റവും വലിയ വിപണിയായി ഉയർന്നു.
ലോകമെന്പാടുമായി 85ലധികം രാജ്യങ്ങളിലാണ് ഈ പ്രശസ്തമായ ചോക്ലേറ്റ് വേഫർ ബ്രാൻഡ് വിൽക്കപ്പെടുന്നത്.
മാഗിക്കുശേഷം നെസ്ലെയുടെ ഉത്പന്നങ്ങളിൽ ഇന്ത്യയിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ ബ്രാൻഡായി കിറ്റ്കാറ്റ് മാറി.ഒരു പതിറ്റാണ്ടിനു മുന്പ് കിറ്റ്കാറ്റിന്റെ ആഗോള വിപണിയിൽ ഇന്ത്യ പത്താം സ്ഥാനത്തായിരുന്നു.
Tags : KitKat's largest market