പുതിയ സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിൽ ഇന്ത്യൻ രൂപ കാഴ്ച്ചവച്ച ശക്തമായ തിരിച്ചുവരവ് ഓഹരി ഇടപാടുകാർക്ക് ആത്മവിശ്വാസം പകരും. തൊട്ട് മുൻവാരം റിക്കാർഡ് തകർച്ചയായ 95.20ലേക്ക് തകർന്നടിഞ്ഞ നാണയത്തിനു കേന്ദ്ര ബാങ്കാണു പുതു ജീവൻ പകർന്നത്.
അനുകൂല സാഹചര്യം ഓഹരി വിപണി ഈ വാരം നേട്ടമാക്കാൻ സാധ്യത. തുടർച്ചയായ ആറാഴ്ചകളിലെ തിരിച്ചടിക്കു ശേഷം ഓഹരി സൂചിക കരുത്ത് തിരിച്ചു പിടിക്കാനുള്ള ഒരുക്കങ്ങൾ അണിയറയിൽ പുരോഗമിക്കുന്നതു രൂപയ്ക്ക് വീണ്ടും തിളക്കം പകരാം. സെൻസെക്സ് 264 പോയിന്റും നിഫ്റ്റി 106 പോയിന്റും പ്രതിവാര തളർച്ചയിലാണ്.
രൂപയുടെ തിരിച്ചുവരവ്
ഒരു ദശാബ്ദത്തിനിടയിലെ ഏറ്റവും കനത്ത മൂല്യത്തകർച്ചയിൽനിന്നുള്ള തിരിച്ചുവരവാണ് ഇന്ത്യൻ രൂപ നടത്തിയത്. ഡോളറിനു മുന്നിൽ രൂപ 94.75ൽനിന്നും 95.18ലേക്ക് തുടക്കത്തിൽ ദുർബലമായതിനിടയിൽ കേന്ദ്ര ബാങ്ക് രക്ഷകനായി രംഗത്ത് ഇറങ്ങി. ഇതോടെ ശക്തമായ തിരിച്ചുവരവിൽ ഡോളറിനു മുന്നിൽ വിനിമയ നിരക്ക് 92.56ലേക്ക് ശക്തിപ്രാപിച്ച ശേഷം ക്ലോസിംഗിൽ 92.67ലാണ്. ഏകദേശം രണ്ടര രൂപയുടെ തിരിച്ചുവരവ്. സാന്പത്തിക വർഷാരംഭത്തിൽ രൂപയുടെ ഈ തിരിച്ചുവരവ് ഒരു വിഭാഗം ഊഹക്കച്ചവടക്കാരെ വില്പനക്കാരാക്കി.
ക്രൂഡ് ഓയിൽ ബുള്ളിഷ് മൂഡിൽ, രൂപയ്ക്കു സമ്മർദം
രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ ബുള്ളിഷ് മൂഡിൽ നീങ്ങുന്നത് നാണയത്തിനു മേൽ ഇപ്പോഴും സമ്മർദം ഉളവാക്കുന്നുണ്ട്. എണ്ണ വില ബാരലിന് 109 ഡോളറിലാണ് ഇടപാടുകൾ പുരോഗമിക്കുന്നത്. വിപണി 21 ദിവസങ്ങളിലെ ശരാശരിയായ 100 ഡോളറിനു മുകളിൽ സഞ്ചരിക്കുന്നത് മുന്നേറ്റ സാധ്യതകൾക്ക് ശക്തിപകരാം. ബാരലിനു 96 - 104 ഡോളറിലെ സപ്പോർട്ട് നിലനിൽക്കുവോളം 120 -127 ഡോളർ വരെ എണ്ണ വില ഉയരാൻ സാധ്യത.
ഇതിനിടയിൽ ഇന്ത്യയിലേക്ക് പെട്രോളിയം ഉത്പന്നങ്ങളുമായി അര ഡസനോളം കപ്പലുകൾ ഹോർമുസ് വഴി നീങ്ങുന്നത് ആഭ്യന്തര ബുൾ ഇടപാടുകാരെ ക്രൂഡ് അവധിയിൽ ലാഭമെടുപ്പിനു പ്രേരിപ്പിക്കാം. പിന്നിട്ട വാരം പത്ത് ശതമാനം മുന്നേറി ക്രൂഡ് വില 10,640 രൂപ വരെ കയറി റിക്കാർഡ് സ്ഥാപിച്ച ശേഷം ക്ലോസിംഗിൽ 10,408 രൂപയിലാണ്. ഡെയ്ലി ചാർട്ടിൽ വിപണി ബുള്ളിഷ് മനോഭാവം നിലനിർത്തുന്നു.
സൂചികകൾ നഷ്ടത്തിൽ
സെൻസെക്സും നിഫ്റ്റിയും ഉൾപ്പെടെയുള്ള പ്രധാന ഓഹരി സൂചികകൾ തുടർച്ചയായ ആറാം വാരത്തിലും തളർച്ചയിലാണ്. അതേസമയം പിന്നിട്ട വാരത്തിലെ ശക്തമായ തിരുത്തലും അതിനു ശേഷമുള്ള തിരിച്ചുവരവിനും ഇടയിൽ സൂചികകൾ നിർണായകമായ സപ്പോർട്ട് നിലകൾ നിലനിർത്തി. ഈ തിരിച്ചുവരവ് സ്ഥിരത കൈവരിക്കാനുള്ള ആദ്യ ചുവടുവയ്പ്പായി കണക്കാക്കാം. മുന്നിലുള്ള ഏതാനും ആഴ്ചകളിൽ ബയർമാർ വിപണിയുടെ ചലനങ്ങൾ അടിമുടി നിരീക്ഷിച്ച് താഴ്ന്ന റേഞ്ചിൽ പുതിയ വാങ്ങലുകൾക്ക് അവസരം കണ്ടെത്താൻ ശ്രമം നടത്താം.
ശക്തമായ വാങ്ങലിന് അവസരം ലഭിക്കാതെ വന്നാൽ ഇൻഡക്സുകൾ വീണ്ടും താഴ്ന്ന റേഞ്ചിലേയ്ക്കുള്ള പരീക്ഷണങ്ങൾ തുടരാം. അതേസമയം, ബയിംഗിന് അവസരം ലഭിച്ചാൽ ഇൻഡക്സുകൾ തിരിച്ചുവരവിനുള്ള ആദ്യ പരീക്ഷ വിജയിച്ചായി വിലയിരുത്താനാവും.
നിഫ്റ്റി സൂചിക 22,819ൽ നിന്നും ഇടപാടുകളുടെ തുടക്കത്തിൽ 22,940 വരെ ഉയർന്നു. ഈ അവസരത്തിൽ ബ്ലൂചിപ്പ് ഓഹരികളെ ബാധിച്ച വിൽപ്പന സമ്മർദത്തിൽ വിപണി ആടിയുലഞ്ഞതോടെ 22,371 പോയിന്റിലെ ആദ്യ താങ്ങ് തകർത്ത് 22,184ലേക്ക് ഇടിഞ്ഞു. ഈ അവസരത്തിൽ ഊഹക്കച്ചവടക്കാർ പുതിയ വാങ്ങലിനു മുതിർന്നതോടെ നിഫ്റ്റി 22,713ലേക്ക് കയറി.
ഈ വാരം വിപണിയുടെ ആദ്യ താങ്ങ് 22,284 പോയിന്റിലാണ്. ഇത് നിലനിർത്താനായില്ലെങ്കിൽ തിരുത്തൽ 21,856 റേഞ്ചിലേക്ക് നീളാം. അതേസമയം പുതിയ വാങ്ങലിന് ഇടപാടുകാർ ഉത്സാഹിച്ചാൽ 23,040ലേക്കും തുടർന്ന് 23,368 ലേക്ക് സൂചിക സഞ്ചരിക്കാം.
നിഫ്റ്റി ഏപ്രിൽ ഫ്യൂചേഴ്സിനു തളർച്ചനേരിട്ടു. രണ്ട് അവധി ദിനങ്ങൾ മൂലം ഇടപാടുകൾ മൂന്ന് ദിവസങ്ങളിലായി ചുരുങ്ങി. വാരാന്ത്യം ഏപ്രിൽ സീരീസ് 22,767ലാണ്. വിൽപ്പനക്കാരുടെ സാന്നിധ്യം മുന്നേറ്റത്തിനു തടസമായി. നിലവിൽ 22,100ൽ സപ്പോർട്ടുണ്ട്. മുന്നേറിയാൽ 23,000 വരെ സഞ്ചരിക്കാമെങ്കിലും 21 ദിവസങ്ങളിലെ ശരാശരി ഈ റേഞ്ചിൽ നിലകൊള്ളുന്നത് മുന്നേറ്റ സാധ്യതകളെ പ്രതിരോധിക്കാം. ഈ തടസം മറികടന്നാൽ 23,725 വരെ കയറാം. വില്പനക്കാരുടെ സാന്നിധ്യം കണക്കിലെടുത്താൽ പെട്ടെന്ന് ഒരു കുതിച്ചു ചാട്ടം സാധ്യമാവില്ല. ഓപ്പൺ ഇന്ററസ്റ്റ് 143 ലക്ഷം കരാറുകളിൽനിന്നും 214 ലക്ഷം കരാറുകളായി ഉയർന്നു.
സെൻസെക്സ് 73,583 പോയിന്റിൽനിന്നും വാരത്തിന്റെ ആദ്യ പകുതിയിൽ 73,947 വരെ ഉയർന്നു. ഈ അവസരത്തിൽ മുൻ നിര, രണ്ടാം നിര ഓഹരികളെ പിടികൂടിയ വിൽപ്പന സമ്മർദം സെൻസെക്സിനെ 71,534ലേക്ക് ഇടിച്ചെങ്കിലും വ്യാപാരാന്ത്യം 73,319 പോയിന്റിലാണ്. ഈവാരം ആദ്യ പ്രതിരോധം 74,332 പോയിന്റിലാണ്. ഇത് മറികടന്നാൽ 75,346 നെ ലക്ഷ്യമാക്കും. വിൽപ്പന സമ്മർദം തുടർന്നാൽ 71,919 – 70,520ലേക്ക് തിരുത്തലിനു ശ്രമം നടത്താം.
വിദേശ നിക്ഷേപകർ വില്പനക്കാർ
വിദേശ ഓപ്പറേറ്റർമാർ ഇടപാടുകൾ നടന്ന മൂന്ന് ദിവസങ്ങളിലും വില്പനക്കാരായിരുന്നു. മൊത്തം 29,425.34 കോടി രൂപയുടെ ഓഹരികൾ വിറ്റു. ഈ വർഷം വിദേശ ഫണ്ടുകൾ ഇതിനകം 1,56,582.34 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ പിന്നിട്ട വാരം 29,274.93 കോടി രൂപയുടെ ഓഹരികൾ വാങ്ങി.
ന്യൂയോർക്കിൽ സ്വർണ വില ട്രോയ് ഔൺസിനു 4493 ഡോളറിൽ നിന്നു 4378 ഡോളറിലേക്ക് താഴ്ന്നെങ്കിലും പിന്നീട് 4799 വരെ കയറിയ ശേഷം വാരാന്ത്യം 4676 ഡോളറിലാണ്. എംസിഎക്സിൽ സ്വർണ വില പത്ത് ഗ്രാമിന് 1,49,680 രുപയാണ്. ജൂൺ അവധിയുടെ പ്രതിരോധം 1,55,000 രൂപയിലാണ്. അതേസമയം മഞ്ഞലോഹ വില 21 ദിവസങ്ങളിലെ ശരാശരിയിലും താഴ്ന്ന് നിൽക്കുന്നതിനാൽ 1,32,000 രൂപ വരെ തിരുത്തൽ സാധ്യത.
Tags : Looking forward Indian market