മുംബൈ: മാർച്ച് 20ന് ഇന്ത്യയിൽ എലയ് ലില്ലി, നോവോ നോർഡിസ്ക് എന്നീ കന്പനികളുടെ, ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകളുടെ പേറ്റന്റ് കാലാവധി അവസാനിച്ചു. ഇതിനകം കുറഞ്ഞത് ആറ് ജനറിക് മരുന്ന് നിർമാതാക്കളെങ്കിലും തങ്ങളുടെ പതിപ്പുകൾ പുറത്തിറക്കിക്കഴിഞ്ഞു. ഇതോടെ രാജ്യത്തെ അമിതവണ്ണ ചികിത്സാ വിപണിയിൽ മത്സരം കടുത്തിരിക്കുകയാണ്. 450 രൂപ മുതൽ 4200 രൂപ വരെയുള്ള മരുന്നുകൾ വിപണിയിലുണ്ടാകും.
എലയ് ലില്ലി കഴിഞ്ഞ വർഷം ഇന്ത്യയിൽ അവതരിപ്പിച്ച അമിതവണ്ണത്തിനെതിരേയുള്ള ‘മൗഞ്ചാരോ’യ്ക്ക് രാജ്യത്ത് വലിയ സ്വീകാര്യത ലഭിച്ചിരുന്നു. മൗഞ്ചാരോ ക്വിക്പെൻ 2.5 മില്ലിഗ്രാം ഡോസിന് ഒരു മാസത്തെ ഉപയോഗത്തിന് ഏകദേശം 13,125 രൂപയാണ് വില വരുന്നത്. ഇതിന്റെ ഏറ്റവും കൂടിയ ഡോസായ 15 മില്ലിഗ്രാമിന് പ്രതിമാസം 25,781 രൂപ വരെയും.
നോവോ നോർഡിസ്ക് ഇന്ത്യയിൽ കഴിഞ്ഞ ജൂണിൽ ‘വേഗോവി’ പുറത്തിറക്കി. നവംബറിൽ ഇതിന്റെ വില രാജ്യത്ത് വില 37 ശതമാനം വരെ കുറച്ചിരുന്നു. വേഗോവിയുടെ ഏറ്റവും കുറഞ്ഞ ഡോസായ 0.25 മില്ലിഗ്രാമിന് ഒരു മാസത്തെ പാക്കിന് 10,850 രൂപയായിരുന്നു നിശ്ചയിച്ചിരുന്നത്. ഇതിന് തൊട്ടുപിന്നാലെ തന്നെ കന്പനി ‘ഓസെംപിക്’ വിപണിയിലിറക്കി. ഇതിന്റെ 0.25 മില്ലിഗ്രാം ഡോസിന് പ്രതിമാസം 8,800 രൂപയാണ് വില.
ഫാർമറാക്കിന്റെ കണക്കുകൾ പ്രകാരം, അമിതവണ്ണത്തിനെതിരേയുള്ള മരുന്ന് ഇന്ത്യൻ വിപണിയിൽ ഇന്നത്തെ 1,500 കോടി രൂപയിൽ നിന്ന് 2030ഓടെ 8,000 കോടി രൂപയായി വളരാൻ സാധ്യതയുണ്ട്.
വിലയിൽ അതീവ ശ്രദ്ധാലുക്കളായ ഇന്ത്യൻ വിപണിയിൽ, വരും ആഴ്ചകളിൽ 40ലധികം ഇന്ത്യൻ കന്പനികൾ 50ലേറെ ബ്രാൻഡുകൾ പുറത്തിറക്കുമെന്ന് അനലിസ്റ്റുകളും ഡോക്ടർമാരും പ്രതീക്ഷിക്കുന്നതായി ഈയാഴ്ച ആദ്യം റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിരുന്നു. ഇത് സാധാരണക്കാർക്ക് മരുന്നുകൾ ലഭ്യമാക്കാൻ സഹായിക്കുമെങ്കിലും, മരുന്നിന്റെ വില കുത്തനെ കുറയുന്നത് ദുരുപയോഗത്തിനും ഡോക്ടർമാർക്കിടയിൽ ആശയക്കുഴപ്പത്തിനും കാരണമായേക്കാമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.
ലോകത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമായ ഇന്ത്യയിൽ, പ്രമേഹബാധിതരായ മുതിർന്നവരുടെ എണ്ണത്തിൽ ചൈനയ്ക്ക് തൊട്ടുപിന്നിലായി രണ്ടാം സ്ഥാനത്താണ്. ദ ലാൻസെറ്റ്, ഇന്റർനാഷണൽ ഡയബറ്റിസ് ഫെഡറേഷൻ എന്നിവയുടെ കണക്കുകൾ പ്രകാരം, 2050-ഓടെ ഇന്ത്യയിൽ അമിതവണ്ണമോ പൊണ്ണത്തടിയോ ഉള്ളവരുടെ എണ്ണം 44 കോടിയിലധികം കടക്കാൻ സാധ്യതയുണ്ട്.
ചികിത്സച്ചെലവ് കുറയും
മുംബൈ: ശരീരഭാരം കുറയ്ക്കുന്നതിനുള്ള ചികിത്സച്ചെലവുകൾ 90 ശതമാനം വരെ ഗണ്യമായി കുറയാൻ പോകുന്നു. കുത്തിവയ്ക്കാവുന്ന സെമാഗ്ലൂട്ടൈഡിന്റെ ജനറിക് പതിപ്പുകൾ ഫാർമസികളിൽ എത്തിത്തുടങ്ങി. പ്രമേഹ, അമിതവണ്ണ നിവാരണ മരുന്നുകളുടെ വിപണിയിൽ വലിയ മാറ്റങ്ങൾക്കും കടുത്ത മത്സരത്തിനും ഈ നീക്കം വഴിയൊരുക്കും.
ഈ ചികിത്സകളുടെ പ്രധാന ഘടകമായ സെമാഗ്ലൂട്ടൈഡിനു മേൽ നോവോ നോർഡിസ്കിനുണ്ടായിരുന്ന പേറ്റന്റ് കാലാവധി വെള്ളിയാഴ്ച അവസാനിച്ച സാഹചര്യത്തിലാണ് ഇന്ത്യൻ വിപണിയിൽ മാറ്റങ്ങൾ ഉണ്ടാകുന്നത്. നാറ്റ്കോ ഫാർമ, എറിസ് ലൈഫ് സയൻസസ് എന്നീ കന്പനികൾ തങ്ങളുടെ ‘പെൻ’ രൂപത്തിലുള്ള കുത്തിവയ്പുകൾ ഒറിജിനൽ മരുന്നിനേക്കാൾ 50 ശതമാനത്തിലധികം വിലക്കുറവിൽ ഏപ്രിലിൽ വിപണിയിലിറക്കുമെന്ന് അറിയിച്ചു.
ചികിത്സച്ചെലവ് ഇനിയും കുറയ്ക്കുന്നതിന്റെ ഭാഗമായി, പ്രതിമാസം വെറും 1,300 രൂപ നിരക്കിൽ ഇവർ ചെറിയ കുപ്പികളിൽ മരുന്ന് (വയലുകൾ) പുറത്തിറക്കുന്നുണ്ട്. ഇത് നോവോയുടെ പ്രശസ്ത ബ്രാൻഡായ ഓസെംപിക്കിനെ അപേക്ഷിച്ച് ഏകദേശം 90 ശതമാനം കുറഞ്ഞ നിരക്കാണ്.
ഈ വയലുകളിൽനിന്നുള്ള മരുന്ന് ഒരു വിദഗ്ധന്റെ സഹായത്തോടെ സിറിഞ്ച് ഉപയോഗിച്ചാണ് കുത്തിവയ്ക്കേണ്ടത്. സണ് ഫാർമ, സൈഡസ്, ഡോ. റെഡ്ഡീസ് ഉൾപ്പെടെയുള്ള കൂടുതൽ പ്രമുഖ കന്പനികൾ അതിവേഗം വളരുന്ന ഈ വിപണിയിലേക്ക് ശനിയാഴ്ച മുതൽ തങ്ങളുടെ ഉത്പന്നങ്ങളുമായി എത്തിയെന്നാണ് കരുതപ്പെടുന്നത്.
നോവോ നോർഡിസ്കിന്റെ ‘വേഗോവി’, എലയ് ലില്ലിയുടെ ‘മൗഞ്ചാരോ’ എന്നീ വിഖ്യാത മരുന്നുകൾ കഴിഞ്ഞ വർഷം ഇന്ത്യൻ വിപണിക്ക് അനുയോജ്യമായ വിലയിൽ പുറത്തിറക്കിയിരുന്നു. ഡച്ച് കന്പനിയായ നോവോ നോർഡിസ്കിന്റെ തന്നെ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ‘ഓസെംപിക്’ കഴിഞ്ഞ ഡിസംബറിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. ‘സെമാഗ്ലൂട്ടൈഡ്’ ഒരു ജിഎൽപി1 റിസപ്റ്റർ അഗോണിസ്റ്റ് ആണ്. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും വയർ നിറഞ്ഞെന്ന തോന്നൽ ഉണ്ടാക്കി വിശപ്പ് കുറയാനും സഹായിക്കുന്നു, ഇത് ക്രമേണ ശരീരഭാരം കുറയാൻ കാരണമാകുന്നു.
Tags : Weight loss drug market will intensify