എസ്ഐ ആനന്ദും സംഘവും എത്തുന്നു; ടൊവീനോയുടെ 'അന്വേഷിപ്പിന്‍ കണ്ടെത്തും' ട്രെയിലർ
Monday, January 29, 2024 3:02 PM IST
കേരളത്തെ നടുക്കിയ ഒരു കൊലപാതകവും അതിന് പിന്നിലെ ദുരൂഹതകളും അന്വേഷിക്കുന്ന ടൊവീനോ തോമസ് ചിത്രം 'അന്വേഷിപ്പിന്‍ കണ്ടെത്തും' സിനിമയുടെ ട്രെയിലര്‍ പുറത്തിറങ്ങി. പോലീസ് കഥാപാത്രമായി ഇതുവരെ കാണാത്ത ലുക്കിലാണ് ചിത്രത്തില്‍ ടൊവീനോ എത്തുന്നത്.
ഹൈറേഞ്ചിന്റെ പശ്ചാത്തലത്തില്‍ ഒരു ഇമോഷണല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡ്രാമയായി ഒരുക്കിയിരിക്കുന്ന ചിത്രം മലയാളത്തില്‍ പുതുമയുള്ളൊരു കുറ്റാന്വേഷണ ചിത്രമാകുമെന്നുറപ്പാണ്. ഫെബ്രുവരി ഒൻപതിന് ചിത്രം തിയേറ്ററുകളിലെത്തും.
നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രം നിർമിക്കുന്നത് തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു വി.എബ്രഹാമും, ഡോൾവിൻ കുര്യാക്കോസും ചേർന്നാണ്. ഇവർക്കൊപ്പം സരിഗമയും നിർമാണത്തിൽ പങ്കാളികളാണ്.
ആനന്ദ് രാജ് എന്ന എസ്ഐ കഥാപാത്രമാണ് ടൊവീനോ അവതരിപ്പിക്കുന്നത്. സിദ്ദിഖ്, ഇന്ദ്രന്‍സ്, ഷമ്മി തിലകന്, ബാബുരാജ്, പ്രമോദ് വെളിയനാട്, വിനീത് തട്ടില്‍, വെട്ടുകിളി പ്രകാശ്, രമ്യാ സുവി (നന് പകല്‍ മയക്കം ഫെയിം) എന്നിവരാണ് മറ്റു പ്രധാന താരങ്ങൾ.
സിനിമയുടെ സംഗീതമൊരുക്കുന്നത് തെന്നിന്ത്യയിലെ ശ്രദ്ധേയനായ സംഗീത സംവിധായകന് സന്തോഷ് നാരായണനാണ്. ഛായാഗ്രഹണം ഗൗതം ശങ്കറാണ്. എഡിറ്റിംഗ്: സൈജു ശ്രീധര്‍, കലാ സംവിധാനം: ദിലീപ് നാഥ്, മേക്കപ്പ്: സജീ കാട്ടാക്കട, കോസ്റ്റ്യും ഡിസൈന്‍: സമീറ സനീഷ്, പ്രൊഡക്ഷന്‍ കണ്ട്രോളര്: സഞ്ജു ജെ., പിആര്‍ ഒ: വാഴൂർ ജോസ്, വിഷ്വല്‍ പ്രൊമോഷന്‍സ്: സ്നേക്ക്പ്ലാന്റ്.