‘ആട് 3: വണ്‍ ലാസ്റ്റ് റൈഡ്’; തിരക്കഥ പൂർത്തിയാക്കി മിഥുൻ മാനുവൽ
Tuesday, October 8, 2024 3:23 PM IST
ആട് സിനിമയുടെ മൂന്നാം ഭാഗം തിരക്കഥ പൂർത്തിയാക്കി സംവിധായകൻ മിഥുൻ മാനുവൽ തോമസ്. ‘ആട് 3 - വണ്‍ ലാസ്റ്റ് റൈഡ്’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സോഷ്യൽ മീഡിയ പേജിലൂടെ മിഥുൻ തന്നെയാണ് ചിത്രത്തിന്റെ മൂന്നാം ഭാഗത്തെക്കുറിച്ചുള്ള അറിയിപ്പ് നൽകിയത്.
ജയസൂര്യയെ നായകനാക്കി ഫ്രൈഡേ ഫിലിം ഹൌസ് ഒരുക്കിയ ചിത്രത്തിന്റെ ഒന്നും രണ്ടും ഭാഗങ്ങൾ പ്രേക്ഷകരുടെ ഇടയിൽ തരംഗമായി മാറിയിരുന്നു.
‘‘കുറച്ച് കാലമായി അകലെയായിരുന്നു, വിദൂര ഭൂതകാലത്തിലേക്കും വിദൂര ഭാവിയിലേക്കും അലകളാൽ പ്രക്ഷുബ്ധമായ വർത്തമാനകാലത്തിലുമുള്ള യാത്രകൾക്കൊടുവിൽ ഏറെ ആഗ്രഹിച്ച 'അവസാന യാത്രയ്ക്ക്' ഒരുങ്ങുകയാണ്. ‘ആട് 3 - വണ്‍ ലാസ്റ്റ് റൈഡ്’.’’–മിഥുന് മാനുവല്‍ തോമസ് കുറിച്ചു. തിരക്കഥയുടെ ആദ്യ പേജുള്ള കംപ്യൂട്ടര്‍ സ്ക്രീനിന്റെ ചിത്രമാണ് മിഥുൻ പങ്കുവച്ചിരിക്കുന്നത്.
മിഥുൻ മാനുവൽ തോമസിന്റെ സംവിധാനത്തിൽ 2015 ഫെബ്രുവരിയിൽ പുറത്തിറങ്ങിയ കോമഡി സിനിമയായിരുന്നു ആട്: ഒരു ഭീകരജീവിയാണ്. ഒരു റോഡ് മൂവിയായി നിർമിച്ചിരിക്കുന്ന ചിത്രത്തിൽ ജയസൂര്യ, ഭഗത് മാനുവൽ, സൈജു കുറുപ്പ്, ധർമ്മജൻ ബോൾഗാട്ടി, വിജയ് ബാബു തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു.
തിയറ്ററുകളിൽ വലിയ വിജയമായില്ലെങ്കിലും ടിവിയിലൂടെയും മറ്റും ഷാജി പാപ്പനും കൂട്ടരും മലയാളികളുടെ ഇടയിൽ തരംഗമായി മാറി. 2017 ൽ പുറത്തിറങ്ങിയ ആട് 2 വൻ വിജയം നേടിയ ചിത്രമായിരുന്നു.
ജയസൂര്യ, വിനായകന്, സണ്ണി വെയ്ന്‍, സൈജു കുറുപ്പ്, അജു വര്‍ഗീസ്, ഇന്ദ്രന്‍സ് ഉള്‍പ്പടെയുള്ള താരങ്ങളെ അണിനിരത്തിയാകും ആടിന്റെ മൂന്നാം ഭാഗം ഒരുങ്ങുക. ഏകദേശം 50 കോടി ബജറ്റിലൊരുങ്ങുന്ന സിനിമ ത്രിഡിയിലാകും പ്രദർശനത്തിനെത്തുക.