രാജ് നിധിമോറിനെ ചേർത്ത് പിടിച്ച് സമാന്ത; പ്രതികരിച്ച് രാജിന്റെ മുൻ പങ്കാളി
Saturday, July 12, 2025 8:32 AM IST
തെന്നിന്ത്യൻ താരം സമാന്തയും സംവിധായകൻ രാജ് നിധിമോറും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങൾ പങ്കുവച്ച് താരം. യുഎസിലെ ഡെട്രോയിറ്റിൽ അവധിയാഘോഷിക്കുന്ന ചിത്രമാണ് സമാന്ത ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്.
ഇരുവരും പരസ്പരം കൈകോർത്ത് റോഡ് മുറിച്ചു കടക്കുന്ന ചിത്രമാണ് പങ്കുവച്ചിരിക്കുന്നത്. പ്രണയത്തിലാണെന്ന വാർത്തകളിൽ ഇതുവരെ സമാന്തയും രാജും പ്രതികരിച്ചിട്ടില്ല.
സമാന്ത ചിത്രങ്ങൾ പങ്കുവച്ചതിന് പിന്നാലെ രാജ് നിധിമോറിന്റെ മുൻ ഭാര്യ ശ്യാമലി ഡെ പങ്കുവച്ച സ്റ്റോറികളും ചർച്ചയാവുകയാണ്.
‘ജീവിതത്തിന്റെ മഹത്തായ സുവർണ്ണ നിയമം’ എന്നാണ് ശ്യാമലി പങ്കുവച്ച സ്റ്റോറിയുടെ തലക്കെട്ട്. മതപരമായ ചില വാചകങ്ങളാണ് ഇതിലുള്ളത്. ‘ബ്രാഹ്മണമതം: ഇതാണ് കടമയുടെ ആകെത്തുക. നിങ്ങളോട് ചെയ്താൽ വേദനയുണ്ടാകാകുന്ന കാര്യങ്ങൾ നിങ്ങൾ മറ്റുള്ളവരോട് ചെയ്യരുത്.
ബുദ്ധമതം: നിങ്ങൾക്ക് വേദനയുണ്ടാക്കുന്ന രീതിയിൽ നിങ്ങൾ മറ്റുള്ളവരെ വേദനിപ്പിക്കരുത്. ഇത്തരത്തിൽ കർമത്തെക്കുറിച്ച് വിവിധ മതങ്ങളുടെ വചനങ്ങളാണ് ശ്യാമിലി ഡെ പങ്കുവച്ചത്. ക്രിസ്തുമതം, കൺഫ്യൂഷ്യനിസം, ഇസ്ലാം, ജൂതമതം, സൊറോസ്ട്രിയനിസം, താവോയിസം എന്നിവയിൽ നിന്നുള്ള വചനങ്ങൾ സ്റ്റോറിയിലുണ്ട്.
ഭഗവാൻ കൃഷ്ണനെ പരാമർശിക്കുന്ന ഉദ്ധരണിയാണ് ശ്യാമിലിയുടെ മറ്റൊരു സ്റ്റോറി. സ്റ്റോറി ഇപ്രകാരം: അർജുനൻ: വിജയമോ പരാജയമോ അല്ലെങ്കിൽ, പിന്നെ എന്താണ് പ്രധാനം?' കൃഷ്ണൻ: 'ധർമ്മം മാത്രമാണ് പ്രധാനം.
ഇതാദ്യമായല്ല ശ്യാമിലി ഇത്തരത്തിലുള്ള പോസ്റ്റുകൾ പങ്കുവയ്ക്കുന്നത്. കഴിഞ്ഞ മേയ് മാസത്തിൽ രാജ് നിധിമോറുമൊത്തുള്ള ചിത്രങ്ങൾ സമാന്ത പോസ്റ്റ് ചെയ്തപ്പോഴും ശ്യാമിലി സമാനമായ പോസ്റ്റുകൾ പങ്കുവച്ചിരുന്നു.