വിവാദങ്ങൾ ഉയര്‍ത്തി ‘ജെഎസ്കെ’യുടെ ആശയത്തെ വഴിതിരിച്ചുവിടരുത്: ആദ്യ ഷോ കാണാനെത്തി സുരേഷ് ഗോപി
Thursday, July 17, 2025 1:04 PM IST
വിവാദങ്ങള്‍ ഉയര്‍ത്തി ജെഎസ്കെ എന്ന സിനിമയുടെ ആശയത്തെ വഴിതിരിച്ചുവിടാന്‍ പാടില്ലെന്ന് ചിത്രത്തിലെ നായകൻ സുരേഷ് ഗോപി. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം കാണാന്‍ തൃശൂര്‍ രാഗം തിയറ്ററില്‍ എത്തിയപ്പോൾ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു താരം.
“2023 നവംബറിലാണ് ഇതിനു മുമ്പൊരു റിലീസ് ഉണ്ടാകുന്നത്. എന്റെ പൊസിഷൻ മാറിയ ശേഷം ആദ്യമായി ഒരു സിനിമ വരുന്നു. ‘ഗരുഡനു’ കിട്ടിയ ആവേശം, ‘പാപ്പനും’ ‘കാവലിനും’ ‘വരനെ ആവശ്യമുണ്ട്’ സിനിമകൾക്കു കിട്ടിയ ആവേശം വളർന്നുകൊണ്ടിരിക്കണം. അതുകൊണ്ടല്ലേ എനിക്കു രക്ഷപ്പെടാൻ പറ്റൂ. വിവാദങ്ങളൊന്നുമില്ല, അതൊക്കെ എല്ലാവർക്കുമറിയാം.
ഈ സിനിമ വലിയ വിഷയമാണ് ചർച്ച ചെയ്യുന്നത്. വിവാദങ്ങൾ ഉയർത്തി സിനിമയുടെ ആശയത്തെ വഴിതിരിച്ചുവിടാൻ പാടില്ല. ഈ സിനിമയ്ക്ക് പെൺകുട്ടികളുടെ സുരക്ഷയ്ക്ക്, സ്ത്രീശാക്തീരണ നയത്തിന് പുതിയ ഏട് എഴുതിച്ചേർക്കാൻ കഴിയുമെന്നാണ് കരുതുന്നത്.
അതിനൊരു സൂചന ഈ സിനിമയിലുണ്ടെന്നാണ് ഞാൻ മനസിലാക്കുന്നത്. അതിന് ഈ സിനിമ എല്ലാവരെയും ചിന്തിപ്പിക്കും. അതിനുവേണ്ടിയുള്ള ശബ്ദം ഉയരട്ടെ എന്നാണ് ആഗ്രഹം.
ജാനകി വിദ്യാധരന്റെ ശബ്ദം സ്ത്രീ സമൂഹത്തിന്, ഇന്നത്തെ നമ്മുടെ ചുറ്റുപാടിന് വേണ്ടിയുള്ളതാവട്ടെ. ജാനകിയുടെ ശബ്ദം സ്ത്രീ സമൂഹത്തിന്റെ ശബ്ദമാകട്ടെ. സ്ത്രീകൾക്കുവേണ്ടി നിയമം മാത്രം പോര, അത് നടപ്പിലാക്കാനും കഴിയട്ടെ. എല്ലാവരെയും ചിന്തിപ്പിക്കുന്നതാകട്ടെ സിനിമ. ഇത് വിപ്ലവാത്മമകമാകട്ടെ. ഒരു തട്ടുപൊളിപ്പൻ സിനിമയല്ല ഞാൻ ഇതിലൂടെ ഉദ്ദേശിക്കുന്നത്.” സുരേഷ് ഗോപി പറഞ്ഞു.
ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്നായിരുന്നു ജെഎസ്കെ എന്നതിന്റെ മുഴുവന്‍ രൂപമായി ചിത്രത്തിന്റെ ആദ്യ ടൈറ്റില്‍. എന്നാല്‍ ജാനകി എന്ന പേര് ടൈറ്റിലില്‍ ഉള്‍പ്പെടുത്തിയാല്‍ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കാനാവില്ലെന്ന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് നിലപാടെടുത്തിരുന്നു.
പിന്നാലെ ഇത് സംബന്ധിച്ച അണിയറക്കാരുടെ പരാതി ഹൈക്കോടതിയിലുമെത്തി. ഇതോടെ ചിത്രത്തിന്റെ ടൈറ്റിലില്‍ കേന്ദ്ര കഥാപാത്രത്തിന്റെ പേരിനോടുകൂടെ ഇനിഷ്യല്‍ കൂടി ചേര്‍ക്കുകയായിരുന്നു. ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള എന്നാണ് ചിത്രത്തിന്റെ നിലവിലെ ടൈറ്റില്‍.