കണ്ടന്റ് വളച്ചൊടിക്കുന്നവരാണ് നിങ്ങൾ: പപ്പരാസികൾക്ക് മറുപടിയില്ല; മാധവിനെക്കുറിച്ചുള്ള ചോദ്യത്തിന് ഗോകുലിന്റെ മറുപടി
Friday, July 18, 2025 9:49 AM IST
ജെഎസ്കെ സിനിമയിൽ സഹോദരൻ മാധവ് സുരേഷിന്റെ അഭിനയം എങ്ങനെയുണ്ടെന്ന യുട്യൂബേഴ്സിന്റെ ചോദ്യത്തിന് മറുപടിയുമായി ഗോകുൽ സുരേഷ്. ടാഗ് ഉള്ള മാധ്യമങ്ങളോടെ താൻ സംസാരിക്കൂവെന്നും പാപ്പരാസിക്ക് മറുപടി കൊടുക്കാറില്ലെന്നും ഗോകുൽ പറഞ്ഞു.
ജാനകി വി വേർസസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമ കാണാൻ അച്ഛൻ സുരേഷ് ഗോപിയോടൊപ്പം എത്തിയതായിരുന്നു ഗോകുൽ സുരേഷ്.
""ഞാൻ പാപ്പരാസിക്ക് മറുപടി കൊടുക്കാറില്ല. ടാഗ് ഉള്ള മാധ്യമങ്ങൾക്ക് ഞാൻ മറുപടി കൊടുക്കാം, പാപ്പരാസിക്ക് ഞാൻ മറുപടി നൽകില്ല. നിങ്ങൾ കണ്ടന്റ് വളച്ചൊടിക്കുന്ന ടീം ആണ്. നിങ്ങൾ നിങ്ങളുടെ കണ്ടന്റ്, വിൽക്കുമല്ലോ മീഡിയക്കാർക്ക്! അവർ അതിനെ വളച്ചൊടിക്കും. പത്ത് ഹെഡ്ലൈൻ ഇട്ടു വിടും. എനിക്കറിയാം നിങ്ങളെ'', ഗോകുൽ സുരേഷ് പറഞ്ഞു.
വീഡിയോയ്ക്ക് താഴെ വരുന്ന കമന്റുകളിൽ ഭൂരിഭാഗവും ഗോകുലിനെ അഭിനന്ദിക്കുകയാണ്. ഗോകുൽ പറഞ്ഞ മറുപടി അസലായി എന്നും പലപ്പോഴും ഇത്തരം യുട്യൂബേഴ്സ് അതിരുവിടാറുണ്ടെന്നുമാണ് കമന്റുകൾ.
സുരേഷ് ഗോപിയുടെ രണ്ടാമത്തെ മകൻ മാധവ് സുരേഷിന് പലപ്പോഴും സൈബറാക്രമണം നേരിടേണ്ടി വന്നിട്ടുണ്ട്. മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി ദുരുദ്ദേശപരമായ തലക്കെട്ടുകൾ ഇട്ട് പ്രചരിപ്പിക്കുന്നതിനെതിരെ പലപ്പഴും മാധവ് സുരേഷ് പ്രതികരിച്ചിട്ടുണ്ട്.
താൻ പറയുന്നത് വളച്ചൊടിച്ച് പല തലക്കെട്ടുകൾ നൽകി പോസ്റ്റ് ചെയ്യുന്നുവെന്നും ഒരു പരിധിവരെ ഇത്തരം ആളുകളെ പേടിച്ച് നടക്കേണ്ട അവസ്ഥയാണെന്നും മാധവ് പറഞ്ഞിരുന്നു.