പ്രിയ സഖാവിന് വിട; ആദരഞ്ജലി അർപ്പിച്ച് മമ്മൂട്ടിയും കമൽഹാസനും
Tuesday, July 22, 2025 9:36 AM IST
അന്തരിച്ച മുന്‍മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ വി.എസ്. അച്യുതാനന്ദന് ആദരാഞ്ജലി അര്‍പ്പിച്ച് സിനിമാ ലോകം. മമ്മൂട്ടി, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന്, നിവിന്‍ പോളി, അടക്കമുള്ള താരങ്ങള്‍ വി.എസിന് അന്ത്യാഞ്ജലി നേര്‍ന്നു. നടൻ കമല്‍ഹാസനും വിഎസിന്റെ വിയോഗത്തില്‍ അനുശോചിച്ചു.
പ്രിയ സഖാവ് വി.എസ്. അച്യുതാനന്ദന് ആദരാഞ്ജലികൾ എന്നാണ് മമ്മൂട്ടി കുറിച്ചത്. കുഞ്ചാക്കോ ബോബനും നിവിന്‍ പോളിയുമടക്കമുള്ള താരങ്ങള്‍ വി.എസിന്റെ ചിത്രം പങ്കുവെച്ചാണ് അനുശോചനം അറിയിച്ചത്.
അവഗണിക്കപ്പെട്ടവരുടെ മുന്നണിപ്പോരാളി വി.എസ്. അച്യുതാനന്ദന് ഇനി വിശ്രമം. കേരളത്തിന്റെ മുന്‍മുഖ്യമന്ത്രിയും സ്വാതന്ത്ര്യസമര സേനാനിയും കമ്യൂണിസ്റ്റ് ഇതിഹാസവുമായ അദ്ദേഹം വിസ്മരിക്കപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള പോരാട്ടം ഒരിക്കലും അവസാനിപ്പിച്ചില്ല. കേരളത്തിനും രാജ്യത്തിനും നഷ്ടമായത് ഒരു യഥാര്‍ഥ ജനനായകനെയാണ്. വിട, സഖാവേ എന്ന് കമല്‍ ഹാസന് സാമൂഹികമാധ്യങ്ങളില്‍ കുറിച്ചു.
തിങ്കളാഴ്ച വൈകുന്നേരം 3:20-നാണ് വേലിക്കകത്ത് ശങ്കരന് അച്യുതാനന്ദന് എന്ന വി.എസ്. അച്യുതാനന്ദന് വിടവാങ്ങിയത്. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ജൂണ്‍ 23 മുതല്‍ തിരുവനന്തപുരത്തെ എസ്യുടി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മരണസമയത്ത് ഭാര്യ വസുമതിയും മക്കളായ വി.എ. അരുണ്‍കുമാറും വി.വി. ആശയും ഒപ്പമുണ്ടായിരുന്നു.