എന്താ മോനേ ദിനേശാ, മോഹൻലാലിനെ അനുകരിച്ച് കജോൾ; തോൾ ചെരിക്കാൻ പറഞ്ഞ് പൃഥ്വിരാജ്
Wednesday, July 30, 2025 1:38 PM IST
ബോളിവുഡ് താരം കാജോളിനെ മലയാളം പഠിപ്പിച്ച് നടൻ പൃഥ്വിരാജ് സുകുമാരൻ. നരസിംഹം സിനിമയിലെ ‘എന്താ മോനേ ദിനേശാ’ എന്ന മോഹൻലാൽ ഡയലോഗ് ആണ് കജോൾ ഏറ്റു പറഞ്ഞത്.
ഹിന്ദി ചിത്രം സര്‍സമീന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് ജിയോ ഹോട്ട്സ്റ്റാറിനു നൽകിയ അഭിമുഖത്തിലാണ് രസകരമായ നിമിഷങ്ങൾ അരങ്ങേറിയത്.
നിങ്ങളുടെ മാതൃഭാഷയിലെ ഒരു വാക്ക് പഠിപ്പിക്കാൻ പറഞ്ഞാൽ ഏതായിരിക്കും പറയുക എന്ന കാജോളിന്റെ ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു പൃഥ്വിരാജ്.
‘എന്താ മോനേ ദിനേശാ’ എന്ന വാചകമാണ് ഞാൻ നിങ്ങളെ പഠിപ്പിക്കാൻ പോകുന്നത് എന്നാണ് പൃഥ്വിരാജ് ഉത്തരം നൽകിയത്. ഈ വാചകം പറയാൻ ഒരു നിബന്ധനയുണ്ടെന്നും ഇത് പറയുമ്പോൾ നിങ്ങൾ വലതു തോൾ ചരിക്കുകയും ഇടതു തോൾ ഉയർത്തുകയും വേണമെന്നും പൃഥ്വിരാജ് കജോളിനോട് പറഞ്ഞു.
കജോൾ ആ വാചകം ഏറ്റുപറഞ്ഞപ്പോൾ ഇത് നടൻ മോഹൻലാൽ ഒരു സിനിമയിൽ പറഞ്ഞ അതിപ്രശസ്തമായ ഡയലോഗാണ്, ഇത് ഏറ്റുപറഞ്ഞതിലൂടെ ഞാൻ ഉൾപ്പെടുന്ന മോഹൻലാൽ ആരാധരുടെ പ്രീതി നിങ്ങൾ പിടിച്ചുപറ്റിയെന്നും പൃഥ്വിരാജ് പറയുന്നുണ്ട്.
‘‘മക്കളേ ഇതാണ് നമ്മുടെ അവസരം. കജോളിനെ മലയാളം പഠിപ്പിക്കാം, ഞാൻ കാജോളിന് ഒരു വാചകം പഠിപ്പിച്ചുതരാം. ഈ വാചകം പഠിപ്പിക്കുന്നതിന് ഒരു നിബന്ധനയുണ്ട്. നിങ്ങൾ നിങ്ങളുടെ വലത് തോൾ ചരിക്കണം. ഇടത് തോൾ ഉയർത്തണം. എന്നിട്ട് പറയണം ‘എന്താ മോനേ ദിനേശാ?’.
എല്ലാവർക്കും മനസ്സിലായല്ലോ. ഇതിന്റെ അർഥം ‘എന്തൊക്കെയുണ്ട് വിശേഷം?’ എന്നാണ്. അത്തരത്തിൽ ആലങ്കാരികമായി അർഥമാക്കുന്ന ഒരു വളരെ പ്രശസ്തമായ വാചകമാണ് ഇത്.
മോഹൻലാൽ സർ പറഞ്ഞ വളരെ പ്രശസ്തമായ ഒരു സിനിമ ഡയലോഗാണിത്. ഇത് വളരെ പ്രതീകാത്മകമാണ്. ഇത് പറഞ്ഞതിലൂടെ നിങ്ങൾ ഇപ്പോൾ എന്നെ ഉൾപ്പെടെ കേരളത്തിലെ എല്ലാ മോഹൻലാൽ ആരാധകരുടെയും ഇഷ്ടം പിടിച്ചുപറ്റിയിരിക്കുന്നു.’’പൃഥ്വിരാജ് പറഞ്ഞു.
എന്നാല്‍ കാജോള്‍ തന്നെ പഠിപ്പിക്കുക എന്തെങ്കിലും തെറി വാക്കായിരിക്കുമെന്ന് പൃഥ്വിരാജ് പറയുന്നുണ്ട്. പ്രതീക്ഷിച്ചത് പോലെ തന്നെ ബംഗാളിയിലുള്ളൊരു തെറി വാക്കാണ് പൃഥ്വിരാജിനോട് പറയാന്‍ കാജോള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ പൃഥ്വി അതിന് തയ്യാറാകാതെ ഒഴിഞ്ഞു മാറുകയാണ്.