ജഗദീഷ് പിൻമാറി; ഇനി മത്സരം ദേവനും ശ്വേത മേനോനും തമ്മിൽ
Thursday, July 31, 2025 9:35 AM IST
താരസംഘടന ‘അമ്മ’യുടെ ഭാരവാഹി തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തുനിന്ന് നടന് ജഗദീഷ് പിന്മാറി. പ്രസിഡന്റുസ്ഥാനത്തേക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരുന്ന ജഗദീഷ് ഇന്ന് പത്രിക പിന്‍വലിക്കും. ഇതോടെ സംഘടനയ്ക്കു വനിതാ പ്രസിഡന്റിനെ ലഭിക്കുന്നതിനുള്ള സാധ്യതയേറി.
മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ്ഗോപി എന്നിവരോടടക്കം ചര്‍ച്ച ചെയ്തശേഷമാണു ജഗദീഷിന്റെ പിന്മാറ്റം. ഇതോടെ പ്രസിഡന്റുസ്ഥാനത്തേക്ക് മത്സരിക്കുന്നവരുടെ എണ്ണം നാലായി.
പത്രിക സമര്‍പ്പിച്ചിരുന്ന രവീന്ദ്രന് കഴിഞ്ഞദിവസം മത്സരത്തില്‍നിന്നു പിന്മാറിയിരുന്നു. നിലവില്‍ ശ്വേത മേനോന്, ജയന് ചേര്‍ത്തല, അനൂപ് ചന്ദ്രന്, ദേവന് എന്നിവരാണു പ്രസിഡന്റുസ്ഥാനത്തേക്ക് മത്സരിക്കുന്നവര്‍.
ഇത്തവണ വനിതാ പ്രസിഡന്റ് മതിയെന്ന സംഘടനയിലെ പൊതുവികാരമാണു ശ്വേതാ മേനോന് അനുകൂലമാകുന്നത്. വനിതാ പ്രസിഡന്റ് വരട്ടേയെന്ന തരത്തില്‍ പലരും പരസ്യ അഭിപ്രായവും പങ്കുവച്ചിരുന്നു.
ശ്വേത ജയിച്ചാല്‍ ‘അമ്മ’യുടെ ആദ്യ വനിതാ പ്രസിഡന്റ് എന്ന പദവിയും ഇവരെ തേടിയെത്തും.
പത്രിക പിന്‍വലിച്ച രവീന്ദ്രന് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു മത്സരിക്കും. ബാബുരാജാണ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്കു മത്സരിക്കുന്ന പ്രമുഖന്. കുക്കു പരമേശ്വരന്, ജയന് ചേര്‍ത്തല, അനൂപ് ചന്ദ്രന്, എന്നിവരും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നുണ്ട്.