ശ്വേത പറഞ്ഞ രണ്ടു കാര്യങ്ങൾ ഉൾക്കൊള്ളനായില്ല, ആ ആളാണോ പ്രസിഡന്റ് ആകേണ്ടത്: ശ്വേതയ്ക്കെതിരെ ഉഷ
Thursday, July 31, 2025 11:34 AM IST
ആരോപണ വിധേയനാണെന്ന് കരുതി നടൻ ബാബുരാജ് താരസംഘടനയായ ‘അമ്മ’യുടെ തെരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിൽക്കേണ്ടതില്ലെന്ന് നടി ഉഷ ഹസീന.
പ്രതിസന്ധി ഘട്ടത്തിൽ നിന്ന് ‘അമ്മ’യെ താങ്ങിനിർത്തി കുടുംബസംഗമം നടത്തി എല്ലാവരെയും ഒരുമിച്ച് നിർത്തിയത് ബാബുരാജ് ആണെന്നും ആ പരിപാടിയിൽ നിന്ന് മിച്ചം പിടിച്ച പണമാണ് സഞ്ജീവനി പദ്ധതിയുടെ മൂലധനമായതെന്നും അവർ പറയുന്നു.
“അൻസിബയ്ക്ക് അംഗങ്ങളുടെ എല്ലാ ഫോൺ നമ്പറും അറിയാം. എക്സിക്യൂട്ടീവ് കമ്മിറ്റിയിലും അഡ്ഹോക്കിലും ഒക്കെ ഉള്ളതല്ലേ അതുകൊണ്ടാണ് അൻസിബയെ വാട്ട്സാപ്പ് ഗ്രൂപ്പിന്റെ അഡ്മിൻ ആക്കിയത്.
പിന്നീട് നവ്യ നായരെ കൂടെ അഡ്മിൻ ആക്കി. അതുമായി ബന്ധപ്പെട്ട് ഒരുപാട് വിവാദങ്ങളൊക്കെ ഉണ്ടായിരുന്നു. നവ്യ നായരെ ഇലക്ഷന് നിർത്താൻ വേണ്ടിയിട്ടാണ് ഇതു ചെയ്തതെന്നൊക്കെ വാർത്ത വന്നിട്ടുണ്ടായിരുന്നു.
നവ്യ മത്സരിക്കണം അതൊക്കെ അവരുടെ കാര്യമാണ്. ഞങ്ങൾ ഇതുവരെ സംസാരിച്ചിട്ടുപോലുമില്ല, ഇപ്പോ നാമനിർദ്ദേശപത്രിക കൊടുക്കുന്ന സമയത്താണ് നമ്മൾ അറിയുന്നത് നവ്യ മത്സരിക്കുന്നു എന്ന്.
മത്സരിക്കട്ടെ എല്ലാവർക്കും മത്സരിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടല്ലോ. ഇപ്പൊ ജഗദീഷേട്ടൻ പിന്മാറി.ശ്വേത ഈ സംഘടന നയിക്കേണ്ട ഒരു അവസ്ഥ വന്നിരിക്കുന്നു, എനിക്ക് വ്യക്തിപരമായി ശ്വേതയോട് ഇഷ്ടക്കേടൊന്നും ഇല്ല.
പക്ഷേ ശ്വേതയുമായി സംസാരിച്ചപ്പോൾ ശ്വേത പറഞ്ഞ രണ്ടു കാര്യങ്ങൾ എനിക്ക് ഒരിക്കലും ഉൾക്കൊള്ളാൻ പറ്റാത്ത കാര്യമാണ്. അത് അമ്മയും അംഗങ്ങളും അറിയട്ടെ. ശ്വേത പറഞ്ഞത് ഹേമ കമ്മിറ്റി റിപ്പോർട്ട് എന്ന് പറയുന്നത് ഒരു ചുക്കുമല്ല.
ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഒരു ചുക്കും സംഭവിക്കാൻ പോകുന്നില്ല എന്നാണ്. മറ്റൊരു കാര്യം പറഞ്ഞത് മമ്മുക്കയും ലാലേട്ടനും ഇല്ലെങ്കിൽ ഈ സംഘടന ഇല്ല, നിലനിൽക്കത്തില്ല, അത് സത്യമാണ്.
അതിന്റെ കൂടെ ഇടവേള ബാബു, ബാബുചേട്ടനും കൂടെ ആ കസേരയിൽ വന്നിരുന്നാൽ മാത്രമേ ഈ സംഘടന ഉണ്ടാവുകയുള്ളൂ അല്ലെങ്കിൽ ഓഗസ്റ്റ് 16ാം തീയതി ഈ സംഘടന ഉണ്ടാവില്ല എന്നാണ് ശ്വേതാ പറഞ്ഞത്.
എനിക്ക് ഒരിക്കലും ഉൾക്കൊള്ളാൻ പറ്റുന്ന കാര്യമല്ല. ആ രണ്ട് പോയിന്റ് ആണ് ശ്വേത പറഞ്ഞത്. പിന്നെ നമ്മുടെ അംഗങ്ങള് തീരുമാനിക്കട്ടെ, ഇങ്ങനെ ഒരു ചിന്താഗതിയുള്ള ആളാണോ ‘അമ്മ’യെ നയിക്കേണ്ടത് എന്ന്.
സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന കുക്കു പരമേശ്വരൻ 19 കൊല്ലം ഇന്നസെന്റ് ഏട്ടൻ പ്രസിഡന്റ് ആയിരുന്ന സമയത്ത് എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഇരുന്ന ആളാണ്. ആ കാലയളവിൽ സ്ത്രീകൾക്ക് ഒരുപാട് വിഷയങ്ങൾ ഉണ്ടായിട്ടുണ്ട്, നടിയെ ആക്രമിക്കപ്പെട്ട കേസ് ഉൾപ്പെടെ സംഭവിച്ചു.
ആ സമയത്തൊന്നും ഈ കുക്കു പരമേശ്വരൻ സ്ത്രീകളുടെ ഭാഗത്തുനിന്ന് ഇതുവരെ ഒരു വാക്ക് സംസാരിച്ചിട്ടില്ല. സ്ത്രീകൾക്ക് വേണ്ടി സംസാരിച്ചിട്ടില്ല. ഈ കഴിഞ്ഞ കാലത്ത് ഹേമാ കമ്മിറ്റി റിപ്പോർട്ട് വന്നപ്പോൾ പോലും ഇവരാരും സംസാരിക്കാൻ മുമ്പോട്ട് വന്നിട്ടില്ല.
ആറാട്ടണ്ണന്റെ കേസ് ഉണ്ടായപ്പോഴാണ് ഈ കുക്കു തിരുവനന്തപുരത്ത് ഒരു കേസ് കൊടുത്തു എന്ന് പറയുന്നത്. ഈ കുക്കു പരമേശ്വരൻ 2018ൽ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനത്തു നിന്ന് മാറിയതിനു ശേഷം സ്ത്രീകളായിട്ടുള്ള ഞങ്ങളെ കുറച്ചു പേരെ വിളിച്ചിട്ടു പറഞ്ഞു ഡബ്ല്യുസിസി ‘അമ്മ’യിലെ സ്ത്രീകൾക്ക് വേണ്ടി കരയേണ്ട, ‘അമ്മ’യിൽ നമുക്ക് ചർച്ച ചെയ്യാമല്ലോ വിഷയങ്ങൾ. നിങ്ങൾക്കുള്ള പ്രശ്നങ്ങളൊക്കെ ചർച്ച ചെയ്യാം. അതുകൊണ്ട് നാളെ ഹോളിഡേഇന്നിൽ ഒരു കമ്മിറ്റി വച്ചിട്ടുണ്ട് നിങ്ങൾ വരണം, ഉഷ നിർബന്ധമായിട്ടും പങ്കെടുക്കണം എന്ന്.
ഞാൻ പറഞ്ഞു തീർച്ചയായിട്ടും, അത് നല്ലൊരു കാര്യമാണ്. അപ്പോ എനിക്കൊരു സംശയം കുക്കു എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ ഇല്ലല്ലോ പിന്നെ എങ്ങനെ വിളിക്കും? അപ്പോ ഞാൻ നേരെ ഇടവേള ബാബുവിനെ വിളിച്ചു, അന്ന് ബാബു ആണ് ജനറൽ സെക്രട്ടറി.
ഞാൻ ചോദിച്ചു ബാബു ഇങ്ങനെ കുക്കു വിളിച്ചിട്ടുണ്ട് എന്താണ് ചെയ്യേണ്ടത്? ആ കുക്കുവിനെ ഞങ്ങൾ ഏർപ്പാട് ചെയ്തതാണ്, കുക്കുനെയാണ് ഉത്തരവാദിത്തം ഏൽപ്പിച്ചിരിക്കുന്നത്. അങ്ങനെ ഒരു ചർച്ച വേണം എന്ന് പറഞ്ഞു, ഞാൻ അവിടെ ചെന്നു, ഹോട്ടലിൽ ചെല്ലുമ്പോൾ പന്ത്രണ്ടോളം സ്ത്രീകൾ മാത്രമേ ഉള്ളൂ,
കെപിഎസി ലളിത ചേച്ചി, മഞ്ജു പിള്ള, പൊന്നമ്മ ബാബു, ബീന ആന്റണി, തെസ്നി ഖാൻ, പ്രിയങ്ക, ഷംനാ കാസിം, ലക്ഷ്മിപ്രിയ, ലിസി ജോസ്, ഞാൻ, കുക്കു പരമേശ്വരൻ, അത്രയും പേരെ കണ്ടപ്പോൾ ഞാൻ ആലോചിച്ചു ഇതെന്താണ് ‘അമ്മ’യിൽ ഇത്രയും പെണ്ണുങ്ങളെ ഉള്ളോ.
വലിയ വിഷയങ്ങൾ ചർച്ച ചെയ്യാൻ വരുമ്പോൾ ഇതെന്താണ് ഇങ്ങനെ.അപ്പൊ കുക്കു പറഞ്ഞു നമ്മൾ പെട്ടെന്ന് കുറച്ചു പേരെ കൂട്ടിയതാണ്. ഇനി ഇത് പിന്നീട് വയ്ക്കും എന്ന്. എന്നിട്ടു ഞങ്ങൾ വട്ടം കൂടിയിരുന്നു ചർച്ചയാണ്. കുക്കുവാണ് പറയുന്നത്, നിങ്ങൾ പറയൂ നിങ്ങൾക്ക് പറയാനുള്ള എന്തൊക്കെ പരാതികളാണ്, പറയൂ പറയൂ എന്ന്.
ഇതുകേട്ട് എല്ലാവരും അവരവരുടെ പരാതികൾ പറഞ്ഞു. നമ്മൾ റൗണ്ട് ആയിട്ടാണ് ഇരുന്നത്. ഞാൻ തിരിഞ്ഞു നോക്കുമ്പോൾ രണ്ട് കാമറയിൽ റെഡ് ലൈറ്റ് കത്തുന്നത് കണ്ടു. രണ്ട് കാമറ ദൂരെ വച്ച് ഇത് ഷൂട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. അപ്പൊ ഞാൻ ചോദിച്ചു എന്തിനാണ് ഇത് ഷൂട്ട് ചെയ്യുന്നത്? അപ്പൊ അവർ പറഞ്ഞു ഇതൊരു തെളിവായിട്ട് നമുക്ക് വേണം.
ഇത് നമ്മൾ എത്തിക്കേണ്ട സ്ഥലത്ത് ഉത്തരവാദത്തപ്പെട്ടവർക്ക് എത്തിച്ചു കൊടുക്കും. അപ്പോഴും നമുക്ക് കൺഫ്യൂഷൻ ആയിരുന്നു ഇതെന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലായില്ല. പിന്നീട് താഴെ ഇറങ്ങി വന്നപ്പോൾ ‘അമ്മ’യിൽ കംപ്ലൈന്റ് സെല്ല് രൂപീകരിച്ചു എന്ന് ടിവിയിൽ ഫ്ലാഷ് ന്യൂസ് വരുന്നു.
അങ്ങനെ കംപ്ലൈന്റ് സെൽ രൂപീകരിക്കാൻ ഒന്നുമല്ല ചർച്ച നടന്നത്. നമ്മുടെ പരാതികളും പ്രശ്നങ്ങളും എന്താണെന്നാണ് ചർച്ച ചെയ്യുകയായിരുന്നു. ഞങ്ങൾ പറഞ്ഞു ഇത് നമ്മൾ അംഗീകരിക്കില്ല എന്ന്. ലളിത ചേച്ചിയും മഞ്ജു പിള്ളയും കുക്കു പരമേശ്വനും അടങ്ങുന്ന ഒരു കംപ്ലൈന്റ് സെൽ രൂപീകരിച്ചു എന്നാണ് പറയുന്നത്. ഞാൻ അത് അന്നത്തെ എക്സിക്യൂട്ടീവ് കമ്മറ്റിയിൽ പറഞ്ഞു. ഞങ്ങളെ വച്ച് ഷൂട്ട് ചെയ്തു ഇങ്ങനെ ഒരു സംഭവം നടന്നിട്ടുണ്ട്, ഇത് ഞങ്ങൾ അംഗീകരിക്കില്ല എന്ന്. അപ്പോൾ അവർ പറഞ്ഞു അവരുടെ അറിവോടെ അല്ല അത്നടന്നത് എന്ന്.
പിന്നീട് ആ മെമ്മറി കാർഡ് ഭദ്രമായി സൂക്ഷിച്ചു, ഇടവേള ബാബുവിന്റെ കൈയിൽ കൊടുത്തിട്ടുണ്ട് അത് നശിപ്പിച്ചു എന്നൊക്കെയാണ് ഇവർ പറഞ്ഞത്. അതിനകത്ത് ഒരു വ്യക്തതയില്ല.
ഇങ്ങനെയൊക്കെയുള്ള ആൾക്കാരാണോ ‘അമ്മ’യുടെ സംഘടനയെ നയിക്കേണ്ടത്, എന്റെ സംശയം ഇതാണ്, ‘അമ്മ’യിലെ മറ്റു അംഗങ്ങൾ കൂടെ അറിയാൻ വേണ്ടിയിട്ടാണ് ഞാൻ പറയുന്നത്. സത്യസന്ധമായിട്ടുള്ള കാര്യങ്ങളാണ് ഈ പറയുന്നത്.
ബാബുരാജ് മത്സരിക്കുന്നതിനെതിരെ ഒരുപാട് ആരോപണങ്ങൾഒക്കെ വന്നിട്ടുണ്ട്. ഈ ബാബുരാജിന്റെ മുൻപുള്ള ആരോപണങ്ങളൊക്കെ നിലനിൽക്കുന്ന സമയത്താണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ബാബുരാജ് ഏറ്റവും കൂടുതൽ ഭൂരിപക്ഷം വാങ്ങിച്ച് ജോയിൻ സെക്രട്ടറിയായി മത്സരിച്ച് ജയിച്ചത്.
‘അമ്മ’യിൽ 500 മെമ്പർമാർക്ക് അറിയാം സംഘടന മുൻപോട്ട് കൊണ്ടുപോകേണ്ടത് ആരൊക്കെയാണ് എങ്ങനെയാണ് എന്നുള്ളതൊക്കെ. മത്സരിക്കട്ടെ, ഇഷ്ടമുള്ളവർ വോട്ട് ചെയ്താൽ മതി. ജയിക്കുകയോ തോൽക്കുകയോ ചെയ്യട്ടെ, നമുക്ക് വോട്ട് ചെയ്യാനുള്ള ഓപ്ഷൻ ഉണ്ടല്ലോ.
ബാബുരാജ് മത്സരിക്കുന്നതിൽ കുഴപ്പമില്ല. ഹേമ കമ്മിറ്റി റിപ്പോർട്ട് വന്നതിനുശേഷം ഈ സംഘടനയിൽ ലാലേട്ടൻ ഉൾപ്പടെ എല്ലാവരും രാജിവച്ചു, സംഘടനയുടെ ഓഫിസിന് ഷട്ടർ ഇട്ടു, ജനങ്ങൾ റീത്തുകൊണ്ട് വച്ചു, ‘അമ്മ’യുടെ അംഗങ്ങളാണെന്ന് പോലും പലർക്കും പറയാൻ നാണക്കേട് ഉണ്ടായ അവസ്ഥയായിരുന്നു.
ലാലേട്ടൻ കഴിഞ്ഞ ജനറൽ ബോഡിയിൽ കണ്ണു നിറഞ്ഞാണ് പറഞ്ഞത് എന്നോടൊപ്പം നിൽക്കാൻ ആരുമില്ലായിരുന്നു ഒരു സഹായത്തിന് പോലും, എനിക്ക് അനുകൂലമായിട്ട് എന്റെ കൂടെ നിന്ന് സംസാരിക്കാൻ പോലും ആരുമിലായിരുന്നു എന്ന്. അങ്ങനെ കിടന്ന സാഹചര്യത്തിൽ ആ സംഘടനയെ ഒന്ന് ഉയർത്തെഴുന്നേല്പ്പിച്ച് കൊണ്ടുവരാൻ വേണ്ടി ബാബുരാജും ചേർത്തല ജയനും കൂടെ നന്നായി കഷ്ടപ്പെട്ടു.
അവർ കുടുംബസംഗമം പോലൊരു പരിപാടി വച്ചു. ഇപ്പോൾ ഈ ആരോപണം ഉന്നയിക്കുന്ന അംഗങ്ങൾ ഉൾപ്പെടെ ഉള്ളവർ അതിനകത്ത് സഹകരിച്ചവരാണ്. കൈ നിറയെ സമ്മാനവും മേടിച്ചു കൊണ്ടു പോയവരാണ്.
എന്തുകൊണ്ട് പറഞ്ഞില്ല “ഏയ് ആരോപണം ഉണ്ടായിരുന്ന ആൾക്കാർ ഈ പരിപാടി ഒന്നും ചെയ്യാൻ പാടില്ല, നിങ്ങളല്ല ചെയ്യേണ്ടത് ഞങ്ങൾ ആരും സഹകരിക്കത്തില്ല’’ എന്ന് പറഞ്ഞാൽ തീരാവുന്ന പ്രശ്നമേ ഉള്ളായിരുന്നു അപ്പോ അവിടെ.
ആ പരിപാടി നല്ല വിജയമായി ചെയ്തു, സംഘടനയ്ക്ക് ഒരു പുനർജീവൻ ഉണ്ടായി, നല്ലൊരു തുക സംഘടനയ്ക്ക് ഉണ്ടാക്കി തന്നു. സഞ്ജീവനി പോലൊരു പദ്ധതി ഉണ്ടായി. പതിനായിരം രൂപ വീതം 58 മെമ്പേഴ്സിനു മരുന്ന് വീടുകളിൽ എത്തിച്ചു കൊടുക്കുന്ന ഒരു പദ്ധതി ഉണ്ടാക്കിയത് ഈ പരിപാടിയിൽ നിന്നാണ്.
അത് കഴിഞ്ഞു ജനറൽ ബോഡി നടത്തി, ജനറൽ ബോഡിയിലും എല്ലാവരും സഹകരിച്ചു എല്ലാവരും ഉണ്ടായിരുന്നു, ഇലക്ഷൻ പ്രഖ്യാപിച്ചു. മത്സരിക്കാൻ എല്ലാവർക്കും അവകാശമുണ്ട്, മത്സരിക്കട്ടെ. ബാബുരാജിന് എതിരുള്ളവര് ബാബുരാജിന് വോട്ട് ചെയ്യാതിരുന്നാൽ പോരെ? എന്തിനാണ് ഈ ചാനലിൽ വന്നിരുന്ന് അങ്ങോട്ടും ഇങ്ങോട്ടും ഇങ്ങനെ പറയുന്നത്? നമ്മുടെ സംഘടനക്കാണ് ഇതൊക്കെ മോശം വരുന്നത്.
വ്യക്തികൾ പറയുമ്പോൾ സംഘടനയ്ക്കാണ് ഇത് മോശം വരുന്നത്. സംഘടന നിലനിൽക്കണം, ഈ സംഘടന ഒരുപാട് പാവപ്പെട്ട ആർട്ടിസ്റ്റുകൾക്ക് ഗുണം ചെയ്യുന്ന സംഘടനയാണ്. ഒരുപാട് സ്വപ്നങ്ങൾ ഉണ്ട്, ഇപ്പോ പെൻഷൻ കൂട്ടാൻ പോകുന്നു, പെൻഷൻ കിട്ടുന്നവര് അത് മാത്രം ആശ്രയിച്ചു നിൽക്കുന്നവരാണ്, വർക്കില്ലാതെ ഇരിക്കുന്നവരുണ്ട്. പുതിയ ഭരണസമിതി വന്നാൽ വർഷത്തിൽ ഒരു വർക്ക് ഒരു തൊഴിൽ അവകാശമായി മാറ്റത്തക്ക രീതിയിലുള്ള കാര്യങ്ങളാണ് ചെയ്യാനായിട്ട് ഇരുന്നത്.
ഇങ്ങനെ നല്ല നല്ല കാര്യങ്ങൾ ബാബുരാജ് കഴിഞ്ഞ ജനറൽ ബോഡിയിൽ പറഞ്ഞിരുന്നു. ഞാൻ ആരുടെയും സൈഡിൽ നിന്ന് സംസാരിക്കാൻ പറയുന്നില്ല. നമ്മൾ പെൺകൂട്ടായ്മ ഉണ്ടാക്കിയപ്പോഴേ പലരും പറഞ്ഞു ബാബുരാജിന് വേണ്ടിയിട്ട് ഉണ്ടാക്കിയതാണെന്ന്. അങ്ങനെ അല്ല, ബാബുരാജ് അറിയുന്നത് തന്നെ ഒരാഴ്ച കഴിഞ്ഞ് ഞങ്ങൾ പറയുമ്പോഴാണ്, ഇങ്ങനെ ഒരു കൂട്ടായ്മ ഉണ്ടാക്കി എന്ന്.
ഈ പെൺകൂട്ടായ്മയെ പോലും എതിർക്കുന്ന ആൾക്കാരുണ്ട് ഇതിനകത്ത്. രണ്ടു മൂന്നു പേര് ഉണ്ട്, അവർ കുത്തിത്തിരിപ്പ് ഉണ്ടാക്കി പുറത്തുപോയി. ഇതൊന്നും ശരിയല്ല. ബാബുരാജ് മത്സരിക്കട്ടെ, ആരാണെങ്കിലും മത്സരിക്കട്ടെ. 500 പേർക്ക് അറിയാമല്ലോ ആരാണ് ഭരണസമിതിയിൽ വരുന്നത് എന്ന്.
പെൻഷൻ കൂട്ടുന്നത് കൂടാതെ കുറെ സ്വപ്ന പദ്ധതിയുണ്ട്, അതിലൊന്നാണ് സിനിമാഗ്രാമം, അത് ലാലേട്ടന്റെ സ്വപ്നമാണ്. ഒരു കൺവെൻഷൻ സെന്റർ, സ്ഥിരമായിട്ട് ‘അമ്മ’യിക്ക് ഒരു വരുമാനം ഉണ്ടാകാൻ വേണ്ടിയിട്ട്.
അതുകൂടാതെ തന്നെ വീടില്ലാത്തവർക്ക് ഒരുമിച്ച് അവസാനകാലത്ത് താമസിക്കാൻ ഒരു സിനിമാഗ്രാമം. ഇതൊക്കെ നല്ല കാര്യങ്ങളല്ലേ. അതൊക്കെ സംഭവിക്കണം എന്നുണ്ടെങ്കിൽ നല്ല ഒരു ഭരണസമിതി വരണ്ടേ.
ഞാൻ സ്ത്രീകൾ വരണ്ട എന്നൊന്നും പറയുന്നില്ല. സ്ത്രീകൾ വരുമ്പോൾ അതിന് അർഹതപ്പെട്ടവർ വരണം. ലാലേട്ടനും മമ്മൂക്കയും ഒന്നും ഭാരവാഹിത്വത്തിലേക്ക് ഇല്ല എന്ന് പറഞ്ഞല്ലോ. അപ്പോ അവരെ ഒരുമിച്ച് കൊണ്ടുപോകാൻ പറ്റുന്ന ആൾക്കാരും കൂടെ ആയിരിക്കണ്ടേ വരേണ്ടത്. അവരെ മാർക്കറ്റ് ചെയ്ത തന്നെയാണ് ഈ സംഘടന കാശ് ഉണ്ടാക്കുന്നതും ഈ പരിപാടികൾ എല്ലാം ചെയ്യുന്നതും എല്ലാം.
‘അമ്മ’യെ നയിക്കേണ്ടത് അർഹതപ്പെട്ട ആൾക്കാരായിരിക്കണം. നാമനിർദേശ പത്രിക കൊടുക്കുന്നതിനു മുൻപ് ശ്വേതാമേനോൻ എന്നോട് പറഞ്ഞ ഒന്ന് രണ്ട് കാര്യങ്ങളുണ്ട്. വ്യക്തിപരമായിട്ട് സംസാരിച്ച കാര്യം തന്നെയാണ്. പക്ഷേ അങ്ങനെയുള്ള ഒരാളല്ല ഈ സംഘടനയെ നയിക്കേണ്ടത്. സ്ത്രീകൾ വരണം, ആ സ്ത്രീകൾ മാത്രമാണ് നയിക്കേണ്ടത് എന്ന് പറഞ്ഞിരുന്നെങ്കിൽ നമുക്ക് അങ്ങനെ ഒരു മത്സരം വയ്ക്കാമായിരുന്നല്ലോ.”ഉഷ പറയുന്നു.