തരുൺ മൂർത്തിക്ക് രാഷ്ട്രപതി ഭവനിലേക്ക് ക്ഷണം; ബഹുമതിയായി കരുതുന്നെന്ന് സംവിധായകൻ
Friday, August 1, 2025 8:52 AM IST
സ്വാതന്ത്ര്യദിനത്തിൽ രാഷ്ട്രപതി ഭവനിൽ നടക്കുന്ന 'അറ്റ് ഹോം റിസപ്ഷൻ' എന്ന പരിപാടിയിൽ പങ്കെടുക്കാൻ സംവിധായകൻ തരുൺ മൂർത്തിക്ക് രാഷ്ട്രപതി ഭവനിലേക്ക് ക്ഷണം. രാഷ്ട്രപതി ദ്രൗപതി മുർമുവാണ് തരുൺ മൂർത്തിക്ക് നേരിട്ട് ക്ഷണക്കത്ത് അയച്ചത്.
ഈ സന്തോഷവാർത്ത തരുൺ മൂർത്തി തന്നെയാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. സ്വാതന്ത്ര്യദിനത്തിൽ രാഷ്ട്രപതി ഭവനിൽ നടക്കുന്ന പരിപാടിയിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ചത് ഒരു ബഹുമതിയാണ് എന്ന കുറിപ്പോടെ രാഷ്ട്രപതിയുടെ ക്ഷണക്കത്ത് തരുൺ മൂർത്തി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു.
"നമ്മുടെ സ്വാതന്ത്ര്യദിനത്തിൽ രാഷ്ട്രപതി ഭവനിൽ നടക്കുന്ന 'അറ്റ്-ഹോം റിസപ്ഷനിലേക്ക്' ബഹുമാനപ്പെട്ട പ്രസിഡന്റ് ശ്രീമതി ദ്രൗപതി മുർമു എന്നെ ക്ഷണിച്ചത് ഒരു ബഹുമതിയായി കരുതുന്നു’ തരുൺ മൂർത്തി കുറിച്ചു.
രാഷ്ട്രപതി ഭവനിലേക്ക് തരുൺ മൂർത്തിക്ക് ക്ഷണം ലഭിച്ച വിവരമറിഞ്ഞ് നിരവധി പേരാണ് സന്തോഷം പങ്കുവച്ചെത്തുന്നത്. ഇതൊരു അഭിമാനകരമായ നിമിഷം എന്നാണ് പലരും കമന്റ് ചെയ്യുന്നത്.