‘സില്‍ബന്തി’ പ്രയോഗം; അനൂപ് ചന്ദ്രനെതിരേ അന്‍സിബ
Friday, August 1, 2025 9:23 AM IST
സ്ത്രീത്വത്തെ അപമാനിച്ചെന്നു ചൂണ്ടിക്കാട്ടി നടന് അനൂപ് ചന്ദ്രനെതിരേ നടി അന്‍സിബ ഹസന് മുഖ്യമന്ത്രിക്കും പോലീസിലും പരാതി നല്കി.
തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചു, വാട്സാപ് ഗ്രൂപ്പിലടക്കം ബാബുരാജിന്റെ ‘സില്‍ബന്തി’ എന്നതരത്തിലുള്ള പരാമര്‍ശം നടത്തി തുടങ്ങിയ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണു പരാതി. അതേസമയം ആരേയും അധിക്ഷേപിക്കുന്നത് തന്റെ സംസ്കാരമല്ലെന്ന് അനൂപ് ചന്ദ്രന് വ്യക്തമാക്കി.
അതേ സമയം അമ്മയുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. അൻസിബ ഉൾപ്പടെ പതിമൂന്ന് പേരായിരുന്നു ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കു പത്രിക സമർപ്പിച്ചിരുന്നത്. ഇതിൽ പന്ത്രണ്ടു പേരും പത്രിക പിൻവലിച്ചതോടെ അൻസിബ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
അനൂപ് ചന്ദ്രൻ, സരയു മോഹൻ, ആശ അരവിന്ദ്, വിനു മോഹൻ, സുരേഷ് കൃഷ്ണ, ടിനി ടോം എന്നിങ്ങനെ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്കു മത്സരിച്ച എല്ലാവരും പത്രിക പിൻവലിക്കുകയായിരുന്നു. നേരത്തെ ‘അമ്മ’യുടെ എക്സിക്യൂട്ടിവ് അംഗമായിരുന്ന അൻസിബ അഡ്ഹോക്ക് കമ്മിറ്റിയിലും ഉൾപ്പെട്ടിരുന്നു.