മലയാളത്തിന്റെ മാനം കാത്ത് ഇട്ടൂപ്പും ലീലാമ്മയും
ബിജോ ജോ തോമസ്
Saturday, August 2, 2025 10:36 AM IST
മലയാളസിനിമയ്ക്ക് ഏറെ നാളുകൾക്കു ശേഷമാണ് ദേശീയതലത്തിൽ പ്രധാന രണ്ടു പുരസ്കാരങ്ങൾ ലഭിക്കുന്നത്. രാജ്യത്തെ മികച്ച സഹനടനും നടിയുമായി വിജയരാഘവനും ഉർവശിയും തെരഞ്ഞെടുക്കപ്പെടുന്പോൾ ഇന്ത്യൻ സിനിമയിൽ മലയാളത്തിന്റെ അഭിനേതാക്കൾ വീണ്ടും മിന്നിത്തിളങ്ങുകയാണ്.
അഭിനയരംഗത്ത് വർഷങ്ങൾ നീണ്ട പാരന്പര്യമുള്ള ഇരുവർക്കും ഈ പുരസ്കാരം ലഭിച്ചതിൽ അദ്ഭുതപ്പെടാനില്ല. പൂക്കാലം സിനിമയിലെ ഇട്ടൂപ്പ് എന്ന നൂറുവയസുകാരനായി വിജയരാഘവനും ഉള്ളൊഴുക്കിലെ കുട്ടനാട്ടുകാരി ലീലാമ്മ എന്ന കഥാപാത്രത്തിലൂടെ ഉർവശിയും പ്രേക്ഷകരെ വിസ്മയിപ്പിക്കുക തന്നെ ചെയ്തിരുന്നു. രണ്ടു ചിത്രങ്ങളിലെയും പ്രകടനത്തിന് ഇരുവർക്കും സംസ്ഥാന അംഗീകാരം ലഭിച്ചതിനുശേഷം ദേശീയ തലത്തിലും പുരസ്കാരം ആവർത്തിക്കുന്നതും എടുത്തുപറയേണ്ടതുതന്നെ.
നൂറുവയസുകാരൻ ഇട്ടൂപ്പ്
ഒടിടി റിലീസിൽ ഏറെ പ്രേക്ഷകശ്രദ്ധ നേടിയ സിനിമയായിരുന്നു യുവസംവിധായകൻ ഗണേഷ് രാജ് ഒരുക്കിയ പൂക്കാലം. നൂറുവയസുകാരൻ ഇട്ടുപ്പിന്റെയും ഭാര്യ കൊച്ചുത്രേസ്യായുടെയും അവരുടെ മക്കളുടെയും മരുമക്കളുടെയും കഥയാണ് പൂക്കാലം എന്ന ചിത്രം.
ഇട്ടൂപ്പ് ആയുള്ള വിജയരാഘവന്റെ വേഷപ്പകർച്ച പ്രേക്ഷകരെ ഏറെ വിസ്മയിപ്പിക്കുകതന്നെ ചെയ്തു. പ്രായത്തിൽ കവിഞ്ഞ വേഷം ചെയ്യുന്പോൾ നാടകീയമായിപ്പോകാവുന്ന പല സന്ദർങ്ങളും തികഞ്ഞ സ്വാഭാവികതയോടെയാണ് വിജയരാഘവൻ ചിത്രത്തിൽ ആവിഷ്കരിച്ചത്.
പൂക്കാലം എന്ന ചിത്രം വളരെ യാദൃച്ഛികമായാണ് തന്നിലേക്ക് എത്തിയതെന്ന് വിജയരാഘവൻ പറയുന്നു. ആദ്യം സംവിധായകനും നിർമാതാവിനും ഒരു കോൺഫിഡൻസ് കുറവ് ഉണ്ടായിരുന്നതായി തോന്നിയിരുന്നു. എന്നാൽ പിന്നീട് താൻ തന്നെ ഈ വേഷം ചെയ്യണമെന്നായി. കഥാപാത്രത്തിനായി പത്ത് കിലോ ഭാരം കുറച്ചു. കഥാപാത്രമാകാൻ മൂന്നര മണിക്കൂർ മേക്കപ്പ് ചെയ്യണമായിരുന്നു.
കൂടുതൽ ചിരിക്കാനോ ഭക്ഷണം കഴിക്കാനോ സാധിക്കില്ല. മുഖത്തെ ചുളിവുകൾ ഇളകിവരും. രാവിലെ ഭക്ഷണം കഴിച്ചാൽ പിന്നെ ഷൂട്ട് കഴിയണം കഴിക്കാൻ. ഇതൊന്നും ഒരു ബുദ്ധിമുട്ടായിരുന്നില്ല. എന്നാൽ ഡബ്ബിംഗിലാണ് കുഴഞ്ഞത്. 15 ദിവസം എടുത്താണ് ഡബ്ബിംഗ് പൂർത്തിയാക്കിയത്. ആശുപത്രിയിൽ പോകേണ്ടിവന്നു. സൗണ്ട് ഇൻഫക്ഷൻ വന്നു. അഞ്ചു ദിവസം മിണ്ടാതിരുന്നിട്ടാണ് പിന്നീട് ഡബ്ബിംഗ് തുടർന്നതെന്നും അഭിമുഖങ്ങളിൽ വിജയരാഘവൻ പറഞ്ഞിട്ടുണ്ട്.

അഭിനയരംഗത്ത് 50 വർഷം പൂർത്തിയാക്കുന്പോഴാണ് വിജയരാഘവനെത്തേടി ദേശീയ പുരസ്കാരം എത്തുന്നതെന്ന പ്രത്യേകതയുമുണ്ട്. നാടകാചാര്യൻ എൻ.എൻ. പിള്ളയുടെ മകന് നാടകവും സിനിമയുമൊക്കെ ജീവിതത്തിന്റെ ഭാഗമായിരുന്നു. അച്ഛന്റെ പ്രശസ്ത നാടകം ‘കാപാലിക’ സിനിമയാക്കിയപ്പോൾ അതിൽ ചെറിയൊരു വേഷം ചെയ്ത് 1973ൽ തുടങ്ങിയതാണ് അഭിനയജീവിതം.
പിന്നീട് മലയാളികൾ കണ്ടത് വൈവിധ്യമാർന്ന കഥാപാത്രങ്ങൾ. മലയാളസിനിമയിലെ പതിവ് താരനിരയും ശീലങ്ങളും മാറിവരുന്ന ഇക്കാലത്തും വിജയരാഘവന് അവസരങ്ങൾ ഏറെയുണ്ട്. ഏതു കാലത്തിനും പ്രായത്തിനും യോജിക്കുന്ന അഭിനയശൈലിയാണ് അദ്ദേഹത്തിന്റേത്. വില്ലൻ- കാരക്ടർ- നായക കഥാപാത്രങ്ങൾ അദ്ദേഹത്തിന്റെ കൈയിൽ ഭദ്രം.
ഉർവശിക്കുവേണ്ടി കാത്തിരുന്നത് നാലുവർഷം
‘ഉള്ളൊഴുക്ക്’ എന്ന തന്റെ ചിത്രത്തിലെ ലീലാമ്മയാകാൻ യുവസംവിധായകൻ ക്രിസ്റ്റോ ടോമിയുടെ മനസിൽ ഉർവശിയല്ലാതെ മറ്റാരുമുണ്ടായിരുന്നില്ല. അതിനായ് അദ്ദേഹം കാത്തിരുന്നത് നാലുവർഷം. സ്ക്രിപ്റ്റ് പൂർത്തിയാക്കി ഏറെ ശ്രമിച്ച് ഉർവശിയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിച്ചു. കഥ കേട്ട ഉർവശി വൈകാരികമായാണ് പ്രതികരിച്ചത്.

എനിക്ക് ഇതു ചെയ്യാൻ സാധിക്കുമെന്നു തോന്നുന്നില്ല. ഇത്രയും ഭാവപ്പകർച്ചയുള്ള ഒരു കഥാപാത്രമാകാൻ മാനസികമായി ഞാനിപ്പോൾ തയാറല്ല എന്നു പറഞ്ഞ് ഉർവശി ഓഫർ സ്നേഹപൂർവം നിരസിച്ചു. സംവിധായകൻ ക്രിസ്റ്റോ പക്ഷേ പ്രതീക്ഷ വിട്ടില്ല.
വീണ്ടും വീണ്ടും ഉർവശിയെ വിളിച്ചുകൊണ്ടിരുന്നു. ആ കാത്തിരിപ്പ് നാലുവർഷം നീണ്ടു. ഒടുവിൽ, താനില്ലെങ്കിൽ ഈ നല്ല പ്രോജക്ട് സംവിധായകൻ ഉപേക്ഷിക്കുമെന്നു വന്നതോടെ ഉർവശി സമ്മതിക്കുകയായിരുന്നു. പിന്നീട് ‘ഉള്ളൊഴുക്ക്’ എല്ലാ അർഥത്തിലും ഉർവശിയുടേതായി മാറി.
ഒരിടവേളയ്ക്കുശേഷം ഉർവശിയെ വീണ്ടെടുത്ത ചിത്രമെന്ന് ഉള്ളൊഴുക്കിനെ വിശേഷിപ്പിക്കാം. നായികയായും ഉപനായികയുമായൊക്കെ എല്ലാക്കാലത്തും നിറഞ്ഞാടുന്ന ഉർവശിക്ക് ഉള്ളൊഴുക്ക് നല്കിയത് തന്നിലെ അഭിനേത്രിയെ പരീക്ഷണവിധേയമാക്കാനുള്ള അവസരമായിരുന്നു.
വിധവ, അസുഖക്കാരനായ മകന്റെ അമ്മ, അല്പം നെഗറ്റീവ് ടച്ചുള്ള അമ്മായിയമ്മ എന്നിങ്ങനെ സ്ത്രീയുടെ വ്യത്യസ്ത ഭാവങ്ങളെ വളരെ സൂക്ഷ്മമായി പ്രതിഫലിപ്പിക്കേണ്ട കഥാപാത്രം. അതു മുൻകൂട്ടി കണ്ടിട്ടുതന്നെയാകാം ഇത്രയും ഒരു ഹെവി കാരക്ടറിനെ തനിക്കിപ്പോൾ പറ്റില്ല എന്നു പറഞ്ഞ് ആദ്യം അവർ നിരസിച്ചതും. എന്നാൽ കഥാപാത്രത്തിന്റെ ഉള്ളൊഴുക്കിലൂടെയുള്ള ഉർവശിയുടെ സഞ്ചാരം അപാരം എന്നുതന്നെയാണ് ദേശീയ പുരസ്കാര ജൂറി വിലയിരുത്തിയത്.
പത്താം വയസിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച ഉർവശിയുടെ സിനിമായാത്ര നാലു ദശകങ്ങൾ പിന്നിട്ടിരിക്കുന്നു. ഇതിനിടയിൽ ചെറിയ ഇടവേളകൾ മാത്രം. ഇത്രയും കാലം ഒരു നടിക്ക് സിനിമയിൽ പിടിച്ചുനില്ക്കാൻ സാധിക്കുക എന്നത് നിസാര കാര്യമല്ല. അതുകൊണ്ടുതന്നെയാകാം ആരാധകർ അവരെ ലേഡി സൂപ്പർ സ്റ്റാർ എന്നു വിശേഷിപ്പിക്കുന്നത്.
എൺപതുകളിലും തൊണ്ണൂറുകളിലും മലയാളസിനിമയിലെ വിജയ ഫോർമുലയിൽ പ്രധാനിയായിരുന്നു ഉർവശി. മലയാളത്തിനൊപ്പം തമിഴ്, തെലുങ്ക്, കന്നട സിനിമകളിലും ഉർവശിയുടെ സാന്നിധ്യം തുടരുകയാണ്. പുരസ്കാരങ്ങൾ ഉർവശിക്ക് പുത്തരിയല്ല.
ആറുതവണ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം. ‘അച്ചുവിന്റെ അമ്മ’യിലെ പ്രകടനത്തിന് 2006ൽ മികച്ച സഹനടിക്കുള്ള ദേശീയ പുരസ്കാരം എന്നിങ്ങനെ അഭിനയയാത്രയിൽ ഒട്ടേറെ ബഹുമതികൾ അവരെത്തേടിയെത്തി.