കൈതി രണ്ടാം ഭാഗത്തിൽ വിക്രം, ലിയോ താരങ്ങൾ ഉണ്ടാകും; എൽസിയുവിനെപ്പറ്റി ലോകേഷ്
Thursday, August 7, 2025 8:34 AM IST
കാർത്തി നായകനാകുന്ന കൈതി 2–ൽ ലിയോയിൽ നിന്നും വിക്രത്തിൽ നിന്നുമുള്ള കഥാപാത്രങ്ങളുണ്ടാകുമെന്ന് വെളിപ്പെടുത്തി സംവിധായകൻ ലോകേഷ് കനകരാജ്. കൈതി 2 ത്രില്ലിംഗ് ചിത്രമായിരിക്കുമെന്നും ലോകേഷ് പറഞ്ഞു.
വലൈ പേച്ച് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് എൽസിയു യൂണിവേഴ്സിനെപ്പറ്റി ലോകേഷ് മനസു തുറന്നത്.
""കാർത്തിയുമായി ചേർന്ന് കൈതി നിർമിക്കുമ്പോൾ, ആദ്യ ഘട്ടത്തിൽ ഒരു യൂണിവേഴ്സിനുള്ള ആലേചന മനസിലുണ്ടായിരുന്നില്ലെന്ന് ലോകേഷ് പറഞ്ഞു. സിനിമയുടെ അവസാനം ദില്ലി എന്ന നായക കഥാപാത്രത്തിന്റെ ഭൂതകാലത്തെക്കുറിച്ച് ഒരു സൂചന നൽകി, പ്രീക്വലിന് സാധ്യതയിട്ടാണ് അവസാനിപ്പിച്ചത്.
പത്ത് വർഷം ജയിലിൽ കിടക്കുന്നതിന് മുമ്പ് ദില്ലി എന്ത് ചെയ്യുകയായിരുന്നു എന്ന് പറയുന്ന ഒരു കഥ വികസിപ്പിക്കാൻ ഞങ്ങൾ പദ്ധതിയിട്ടിരുന്നു. പിന്നീടാണ് അതൊരു യൂണിവേഴ്സ് ആയി വികസിപ്പിക്കാൻ തീരുമാനിക്കുന്നത്.
കൈതി ഒരു സിനിമാറ്റിക് യൂണിവേഴ്സായി വികസിക്കുമ്പോൾ, ലിയോ, വിക്രം എന്നീ സിനിമകളിലെ കഥാപാത്രങ്ങളെയും നമുക്ക് കൊണ്ടുവരാൻ കഴിയും''. ലോകേഷ് പറഞ്ഞു.
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് കണക്റ്റഡ് ആക്ഷൻ ചിത്രങ്ങളുടെ പരമ്പരയാണ് കൈതിയിൽ തുടങ്ങി കമൽഹാസന്റെ വിക്രം, വിജയിയുടെ ലിയോ എന്നിവയിലൂടെ വികസിച്ച ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സ് അഥവാ ‘എൽസിയു’.
കൈതി 2, വിക്രം 2, ലിയോ 2, സൂര്യയുടെ കഥാപാത്രമായ റോളക്സിന്റെ ഒരു സ്പിൻ-ഓഫ് എന്നിവയാണ് എൽസിയുവിൽ ഇനി പ്രതീക്ഷിക്കുന്ന ചിത്രങ്ങൾ.