"അന്ന് മമ്മൂട്ടി വിളിച്ചന്വേഷിച്ചപ്പോൾ സന്തോഷമെന്ന് പറഞ്ഞ സാന്ദ്ര' ഇപ്പോൾ? വീഡിയോയുമായി ലിസ്റ്റിൻ സ്റ്റീഫൻ
Saturday, August 9, 2025 9:07 AM IST
തുറന്നപോരിലേയ്ക്ക് നേരിട്ടിറങ്ങി നിർമാതാക്കളായ ലിസ്റ്റിൻ സ്റ്റീഫനും സാന്ദ്ര തോമസും. സാന്ദ്ര അസുഖം ബാധിച്ച് കിടന്നപ്പോൾ സുഖ വിവരങ്ങൾ അന്വേഷിച്ച മമ്മൂട്ടിയോടും പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ മുഴുവൻ പ്രൊഡ്യൂസേഴ്സിനോടും നന്ദി പ്രകടിപ്പിച്ചുകൊണ്ടുള്ള സാന്ദ്രയുടെ ഒരു പഴയ വീഡിയോ പങ്കുവച്ചുകൊണ്ടാണ് ലിസ്റ്റിൻ എത്തിയിരിക്കുന്നത്.
മമ്മൂട്ടിയും പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലെ എല്ലാവരും വിളിച്ച് കൃത്യമായി കാര്യങ്ങൾ അന്വേഷിക്കുന്നുണ്ടായിരുന്നു എന്ന് സാന്ദ്ര വീഡിയോയിൽ പറയുന്നുണ്ട്. ഇതാണ് ലിസ്റ്റിൻ തന്റെ ആയുധമായി ഉപയോഗിച്ചിരിക്കുന്നത്.
"അസുഖ ബാധിതയായി കിടന്നപ്പോൾ മമ്മൂക്കെയപ്പോലുള്ളവർ കൃത്യമായി കാര്യങ്ങൾ അന്വേഷിച്ചത് വലിയ സന്തോഷമുണ്ടാക്കി. സിനിമയിലുള്ളവരും വിളിച്ച് അന്വേഷിച്ചു. എടുത്ത് പറയേണ്ട കാര്യം, ഒരാഴ്ച ഐസിയുവിൽ കിടന്നിട്ടും സിനിമ മേഖലയിൽ സ്ത്രീകൾക്ക് വേണ്ടി ഘോര ഘോരം പ്രസംഗിക്കുന്ന ഡബ്ല്യുസിസിയോ ഒരു സ്ത്രീയോ തിരിഞ്ഞു നോക്കിയിട്ടില്ല. അതേസമയം പ്രൊഡ്യൂസേഴ്സ് അസോസിയേഷനിലുള്ള എല്ലാ പ്രൊഡ്യൂസേഴ്സും വിളിച്ച് അന്വേഷിച്ചു.'- ഇതാണ് സാന്ദ്ര വീഡിയോയിൽ പറയുന്നത്.
അതിനിടെ, സാന്ദ്ര തോമസിനെതിരെ ലിസ്റ്റിൻ സ്റ്റീഫൻ നൽകിയ മാനനഷ്ട കേസ് എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഫയലിൽ സ്വീകരിച്ചു.
എറണാകുളം സബ് കോടതി മുൻപാകെ ലിസ്റ്റിൻ സ്റ്റീഫൻ രണ്ട് കോടി രൂപനഷ്ടപരിഹാരം ആവശ്യപ്പെട്ടു നൽകിയ മറ്റൊരു അപകീർത്തി കേസിൽ സാന്ദ്ര തോമസിനു കോടതി സമൻസ് അയച്ചിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലൂടെയും അല്ലാതെയും അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയെന്ന് ആരോപിച്ച് നിലവില്‍ മൂന്ന് കേസുകളാണ് വിവിധ കോടതികളിലായി ലിസ്റ്റിന് നല്‍കിയിട്ടുള്ളത്.