വേടനായി അന്വേഷണം കേരളത്തിനു പുറത്തേക്കും
Saturday, August 9, 2025 10:20 AM IST
ലൈംഗിക പീഡന പരാതിക്കു പിന്നാലെ ഒളിവില്‍പോയ റാപ്പര്‍ വേടനായുള്ള അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. സംസ്ഥാനത്തിനു പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചു.
വേടൻ ഒളിവിൽ തുടരുന്ന സാഹചര്യത്തിൽ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്നതുവരെ കാത്തിരിക്കേണ്ടതില്ലെന്ന തീരുമാനത്തിലാണിത്. അതിനിടെ കേസിൽ സാക്ഷികളുടെ മൊഴി രേഖപ്പെടുത്തി തുടങ്ങിയതായി കൊച്ചി സിറ്റി പോലീസ് കമ്മീഷണർ പുട്ട വിമലാദിത്യ പറഞ്ഞു.
വേടന്റെ ടവര്‍ ലോക്കേഷന്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം. ഇയാള്‍ പോകാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും പോലീസ് പരിശോധന നടത്തിവരികയാണ്.
2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെയുള്ള കാലയളവില്‍ കോഴിക്കോടും കൊച്ചിയിലുമടക്കം അഞ്ചിടങ്ങളിലെത്തിച്ചു പീഡിപ്പിച്ചെന്നും പിന്നീട് വിവാഹം ചെയ്യാതെ ഒഴിവാക്കിയെന്നുമാണ് കോട്ടയം സ്വദേശിനിയും ഡോക്ടറുമായ യുവതിയുടെ പരാതി. തൃക്കാക്കര എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണു കേസ് അന്വേഷിക്കുന്നത്.