10 കൊല്ലം മുമ്പേ ഓഹരിയും അതിൽക്കൂടുതലും വാങ്ങി ഫ്രൈഡേ കമ്പനിയിൽ നിന്ന് രാജി വെച്ചയാളാണ് സാന്ദ്ര; വിജയ് ബാബു
Monday, August 11, 2025 8:37 AM IST
നിർമാതാവ് സാന്ദ്ര തോമസിന് ഫ്രൈഡേ ഫിലിം ഹൗസ് എന്ന പ്രൊഡക്ഷൻ കമ്പനിയെ പ്രതിനിധീകരിച്ച് അസോസിയേഷൻ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാൻ കഴിയില്ല എന്ന് വിജയ് ബാബു.
സാന്ദ്ര തോമസിന് സ്വന്തം പേരിൽ സിനിമകളുടെ സെൻസർ സർട്ടിഫിക്കറ്റുകൾ ഉണ്ടെങ്കിലും രണ്ടെണ്ണം മാത്രമേ സ്വന്തം കമ്പനിയുടെ പേരിൽ ഉള്ളൂ. പത്തു വർഷങ്ങൾക്ക് മുൻപ് സ്വന്തം വിഹിതമോ അതിൽ കൂടുതലോ വാങ്ങി ഫ്രൈഡേ ഫിലിം ഹൗസിൽ നിന്ന് പിരിഞ്ഞു പോയതാണ് സാന്ദ്രയെന്നും സാന്ദ്രയുടെ കേസ് കോടതിയിലെത്തിയതിനാൽ ഇനി കോടതി വിധി എന്താണെന്ന് കാണാൻ കാത്തിരിക്കുകയാണെന്ന് വിജയ് ബാബു കുറിച്ചു.
""സാന്ദ്ര തോമസിന് ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിക്കാനും അവർക്ക് മത്സരിക്കാൻ യോഗ്യതയില്ലാത്ത സ്ഥാനങ്ങളിലേക്ക് മത്സരിക്കാനും കഴിയില്ല. അവർക്ക് സ്വന്തം സ്ഥാപനത്തെ പ്രതിനിധീകരിക്കാനും എക്സിക്യൂട്ടീവ് കമ്മിറ്റി സ്ഥാനത്തേക്ക് മത്സരിക്കാനും മാത്രമേ കഴിയൂ.
എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് അവർ മത്സരിക്കുന്നുണ്ട്. അതിനെ ആരും എതിർക്കുന്നില്ല. അവർക്ക് എല്ലാവിധ ആശംസകളും നേരുന്നു. എനിക്ക് അറിയാവുന്നിടത്തോളം സെൻസർ സർട്ടിഫിക്കറ്റ് ഒരു സ്ഥാപനത്തിനാണ്, ഒരുവ്യക്തിക്കല്ല.
അവർ കുറച്ചുകാലം ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിച്ചു, 2016 ൽ അവർ അവരുടെ വിഹിതമോ അതിൽ കൂടുതലോ എടുത്ത ശേഷം നിയമപരമായി രാജിവച്ചു (എല്ലാം കോടതിയിൽ രേഖപ്പെടുത്തിയിട്ടുണ്ട്).
10 വർഷമായി ഫ്രൈഡേ ഫിലിം ഹൗസുമായി അവർക്ക് ഒരു ബന്ധവുമില്ല. എന്തായാലും കോടതി തീരുമാനിക്കട്ടെ. വിധി മറിച്ചായാൽ , മറ്റെന്തെങ്കിലും തീരുമാനിച്ചാൽ നമുക്കെല്ലാവർക്കും ഒരു പുതിയ തിരിച്ചറിവായിരിക്കും.''വിജയ് ബാബു കുറിച്ചു.
നിർമാതാവ് സാന്ദ്ര തോമസ് അസോസിയേഷൻ ഭാരവാഹി തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിച്ചിരുന്നു. എന്നാൽ പത്രിക പുനർ മൂല്യനിർണയത്തിൽ സാന്ദ്ര തോമസിന്റെ പത്രിക വരണാധികാരി തള്ളി.
മൂന്ന് സിനിമകളുടെ സെൻസർ സർട്ടിഫിക്കറ്റുകൾ സ്വന്തം പേരിൽ ഉണ്ടെങ്കിൽ മാത്രമേ പ്രസിഡണ്ട് സ്ഥാനത്തേക്ക് ഒരു നിർമാതാവിന് മത്സരിക്കാൻ കഴിയൂ എന്നുള്ളത് കൊണ്ടാണ് സാന്ദ്രയുടെ പത്രിക തള്ളിയത് എന്നാണ് വിശദീകരണം.
സാന്ദ്രയുടെ സ്വന്തം പ്രൊഡക്ഷൻ കമ്പനിയുടെ പേരിൽ രണ്ട് സിനിമകളുടെ സെൻസർ സർട്ടിഫിക്കറ്റുകൾ മാത്രമാണ് ഉള്ളത്. മറ്റു ചിത്രങ്ങൾ സാന്ദ്ര മുൻപ് പാർട്ട്ണർ ആയിരുന്ന ഫ്രൈഡേ ഫിലിം ഹൗസ് എന്ന കമ്പനിയുടെ പേരിലാണ്. ഒരു കമ്പനിയുടെ പേരിൽ തന്നെ മൂന്ന് സെൻസർ സർട്ടിഫിക്കറ്റുകൾ വേണം എന്നുള്ളതാണ് സാന്ദ്രയുടെ പത്രിക തള്ളാൻ കാരണം.
വരണാധികാരിയുടെ തീരുമാനത്തെ ചോദ്യം ചെയ്തുകൊണ്ട് സാന്ദ്ര തോമസ് കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്.