ചാപ്പ കുരിശിൽ ഫഹദിന് നൽകിയത് ഒരു ലക്ഷം, ഇന്ന് 10 കോടി കൊടുത്താലും കിട്ടില്ല; ലിസ്റ്റിൻ സ്റ്റീഫൻ
Monday, August 11, 2025 9:39 AM IST
ചാപ്പാ കുരിശ് എന്ന സിനിമയിൽ ഫഹദിന് നൽകിയ പ്രതിഫലം വെളിപ്പെടുത്തി നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ. അന്ന് ഫഹദിന് പ്രതിഫലമായി നൽകിയ തുക ഒരു ലക്ഷം രൂപയായിരുന്നുവെന്നും ഇന്ന് പത്ത് കോടി കൊടുത്താലും ഫഹദിനെ കിട്ടില്ലെന്നും ലിസ്റ്റിൻ പറഞ്ഞു.
സൗത്ത് ഇന്ത്യൻ ഫിലിം അക്കാഡമിയുടെ കോൺവോക്കേഷൻ ചടങ്ങിൽ സംസാരിക്കുകയായിരുന്നു ലിസ്റ്റിൻ. ചടങ്ങിലെ മുഖ്യാതിഥി ആയിരുന്നു ഫഹദ്.
‘ഈ ചടങ്ങിന്റെ കാര്യം വന്നപ്പോൾ ഞാൻ ഫഹദിനോട് വരണമെന്നു പറഞ്ഞു. ചാപ്പാ കുരിശിൽ അഭിനയിച്ചതിനു ശേഷം എനിക്കും ഫഹദിനും ഒന്നിച്ചൊരു സിനിമ ചെയ്യാൻ കഴിഞ്ഞില്ല. ഞാനിപ്പോഴും ഓർക്കുകയാണ്, 2011ൽ ആ സിനിമ ചെയ്യുമ്പോൾ ആദ്യം ശമ്പളം കൊടുത്തില്ല.
സിനിമ തീർന്നതിനു ശേഷമാണ് പ്രതിഫലം കൊടുത്തത്. ലിസ്റ്റിന് എന്താണെന്നു വച്ചാൽ തന്നാൽ മതിയെന്നായിരുന്നു ഫഹദ് പറഞ്ഞത്. എത്രയാണെന്നു പറഞ്ഞാൽ എനിക്കു കാര്യം ഈസിയാകുമെന്ന് ഞാനും പറഞ്ഞു.
അപ്പോൾ ഫഹദ് എന്നോടു പറഞ്ഞു, ‘ടൂർണമെന്റ്’ ചെയ്തത് 65000 രൂപയ്ക്കായിരുന്നു എന്ന്. ഒരു ജൂനിയർ ആർട്ടിസ്റ്റിനേക്കാൾ കൂടുതൽ ആ സിനിമയിൽ അഭിനയിച്ചത് ഫഹദ് ആയിരുന്നു. ഫുൾ എനർജിയിൽ സിനിമയുടെ ഡയറക്ടർ ആയി, എഴുത്തുകാരനായി, നടനായി അങ്ങനെ എല്ലാ രീതിയിലും ഫഹദ് ആ സിനിമയിലുണ്ടായിരുന്നു.
അന്ന് ഞാൻ ഫഹദ് ഫാസിലിന് ശമ്പളം കൊടുത്തത് ഒരു ലക്ഷം രൂപയാണ്. ആ ഫഹദ് ഇന്ന് എവിടെയോ എത്തി നിൽക്കുന്നു. ഇന്ന് ഫഹദിനെ അഞ്ചോ പത്തോ കോടി രൂപ കൊടുത്താൽ കിട്ടില്ല. അതാണ് സിനിമ എന്നു പറയുന്ന മാജിക്.
കൈയെത്തും ദൂരത്ത് എന്ന സിനിമയിലൂടെ വന്ന് ഒരു ഗ്യാപ് എടുത്ത്, ടൂർണമെന്റ് ചെയ്ത്, കേരള കഫെയും ചെയ്താണ് ചാപ്പാ കുരിശിൽ എത്തുന്നത്. കഴിഞ്ഞ ഒരു അഭിമുഖത്തിൽ ചോദിച്ചപ്പോഴും തന്റെ മികച്ച സിനിമകളിലൊന്നായി ഫഹദ് ചാപ്പാ കുരിശാണ് പറഞ്ഞത്.
അത് ഞാൻ സ്ക്രീൻഷോട്ട് എടുത്തു വച്ചിട്ടുണ്ട്. ആ ഫഹദ് പാൻ ഇന്ത്യൻ ലെവലിലാണ് നിൽക്കുന്നത്. എല്ലാ ഭാഷയിലും വേണ്ട ആർട്ടിസ്റ്റായി അദ്ദേഹം മാറി. ഫാസിൽ എന്ന വലിയ സംവിധായകന്റെ മകനായി സിനിമയിലെത്തിയ സമയത്ത് ഉദ്ദേശിച്ച റിസൾട്ട് കിട്ടിയില്ല.
അങ്ങനെ വന്നപ്പോൾ സ്കൂളിലൊക്കെ ലീവ് എടുക്കുന്ന പോലെ ചെറിയൊരു ലീവ് എടുത്ത് തിരിച്ചു വന്നപ്പോൾ ഫഹദിനെ പിടിച്ചാൽ കിട്ടാത്ത അവസ്ഥയായി. അതാണ് ആത്മസമർപ്പണം, അഭിനയത്തോടുള്ള സമർപ്പണം! അതെല്ലാം സിനിമയിലേക്ക് കടന്നു വരുന്ന ആളുകൾ കണ്ടു പഠിക്കേണ്ട കാര്യമാണ്.’’
ലിസ്റ്റിൻ സ്റ്റീഫന്റെ വാക്കുകൾ വലിയ കൈയടികളോടെയാണ് സദസ് സ്വീകരിച്ചത്. തുടർന്ന് ഫഹദ് ഫാസിലും വേദിയിലെത്തി. ഈ ചടങ്ങിലേക്ക് ലിസ്റ്റിൻ വിളിച്ചപ്പോൾ വരാനുള്ള കാരണവും താരം തുറന്നു പറഞ്ഞു.
‘ചാപ്പാ കുരിശിൽ എന്നെ കാസ്റ്റ് ചെയ്യേണ്ടെന്നു പറഞ്ഞിട്ടും കാസ്റ്റ് ചെയ്തത് ലിസ്റ്റിനാണ്. അതാണ് വിളിച്ചപ്പോൾ ഞാനോടി വന്നത്. എല്ലാ കലാരൂപങ്ങൾക്കും ഒരു സത്യസന്ധത ഉണ്ട്. ആ സത്യസന്ധതയോടെ വേണം അതിനെ സമീപിക്കാൻ. എല്ലാവർക്കും ആശംസകൾ. ഇവിടെ നിന്ന് പഠിച്ചിറങ്ങുന്നവരോട് ഒരു വാക്ക്. യാത്ര തുടങ്ങിയിട്ടേ ഉള്ളൂ. ഏതെങ്കിലും ഒരു പോയിന്റിൽ നമ്മൾ കൂട്ടിമുട്ടും. കൂട്ടിമുട്ടട്ടെ,’ ഫഹദ് പറഞ്ഞു.