അന്‍പതാം വാർഷികം: ചലച്ചിത്രോത്സവത്തിൽ ഷോലെ
Monday, August 11, 2025 11:55 AM IST
രമേഷ് സിപ്പി സംവിധാനം ചെയ്ത് 1975ൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ബോളിവുഡ് ചിത്രം ഷോലെ സെപ്റ്റംബർ ആറിന് ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിൽ പ്രദർശിപ്പിക്കും.
ചിത്രം റിലീസ് ചെയ്തതിന്റെ അന്‍പതാം വാർഷികത്തോടനുബന്ധിച്ച് പുതുക്കിയ 4കെ വേർഷൻ ആണ് കാണികൾക്ക് മുന്നിലെത്തുക. സിപ്പി ഫിലിംസുമായി ചേർന്ന് ചിത്രം റീമാസ്റ്റർ ചെയ്തത് ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനാണ്. 1800 സീറ്റുകളുള്ള റോയ് തോംസൺ ഹാളിലായിരിക്കും പ്രദർശനം നടക്കുക.
ചിത്രത്തിന്റെ യഥാർഥ ക്ലൈമാക്സിനോടൊപ്പം കളഞ്ഞ രംഗങ്ങളും ഉൾപ്പെടുത്തിയാണ് പുതിയ വേർഷൻ തയാറാക്കിയിരിക്കുന്നത്. ഹിന്ദി സിനിമയ്ക്ക് ഒരുകാലത്തും മറക്കാനാകാത്ത വിസ്മയമായി അറിയപ്പെടുന്ന ഷോലെ, മുംബൈയിലെ മിനർവ അടക്കമുള്ള നിരവധി തീയേറ്ററുകളിൽ അഞ്ച് വർഷത്തോളം തുടർച്ചയായി പ്രദർശിപ്പിച്ച് റിക്കാർഡ് നേടിയിരുന്നു.