എന്തൊരു പൊള്ളത്തരമാണ് ഈ സംഘടനയ്ക്ക്, രാജിവച്ചു പോയ എന്നെ വിളിച്ച് വോട്ട് ചോദിക്കുന്നു; ഹരീഷ് പേരടി
Wednesday, August 13, 2025 8:19 AM IST
താരസംഘടനയായ അമ്മയിലെ അംഗങ്ങളുടെ പൊള്ളത്തരം വെളിപ്പെടുത്തി നടൻ ഹരീഷ് പേരടി. രാജിവച്ചു പോയ തന്നെപ്പോലും താരസംഘടനയിലെ ഇലക്ഷനു മത്സരിക്കുന്ന താരങ്ങൾ വോട്ട് ചോദിക്കാനായി വിളിച്ച് ശല്യപ്പെടുത്താറുണ്ടെന്ന് ഹരീഷ് പേരടി പറയുന്നു.
രണ്ട് വർഷം മുൻപ് സംഘടനയിലെ സ്ത്രീവിരുദ്ധത ചോദ്യം ചെയ്തുകൊണ്ട് പരസ്യമായി സംഘടനയിൽ നിന്ന് താൻ രാജി വച്ച് പോയ ആളാണ് താനെന്നും ഇനിയും സംഘടനയിലെ അംഗമല്ലാതെ മലയാള സിനിമയിൽ അഭിനയിച്ചുകൊണ്ടിരിക്കും എന്നും ഹരീഷ് പേരാടി കുറിച്ചു.
ഹരീഷ് പേരടിയുടെ കുറിപ്പ്
‘‘എഎംഎംഎ എന്ന സംഘടനയിലെ പ്രകടമായ സ്ത്രീ വിരുദ്ധതയുടെ പേരിൽ രണ്ട് വർഷം മുമ്പ് മാധ്യമങ്ങളിലൂടെ ചർച്ച ചെയ്യപ്പെട്ട, പരസ്യമായി രാജിവച്ച് പോയ എന്നെ ഇപ്പോഴും എഎംഎംഎയിലെ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ പലരും വോട്ട് ചെയ്യാൻ വേണ്ടി വിളിക്കുന്നു എന്ന് പറയുമ്പോൾ ഈ സംഘടനയുടെ സംഘടനാപരമായ ഒരു പൊള്ളത്തരം നിങ്ങൾക്ക് ഊഹിക്കാവുന്നതേയുള്ളു.
ഞാൻ രാജിവച്ച കാര്യം എന്നെ വിളിക്കുന്നവരെ ഓർമപ്പെടുത്തുമ്പോൾ ഈ സ്ഥാനാർത്ഥികൾ എന്നോട് പറയും അത് നന്നായി എന്തുകൊണ്ടും താങ്കളുടെ തീരുമാനം വളരെ നല്ലതായിരുന്നു എന്ന് കാലം തെളിയിക്കുന്നു എന്ന്. പിന്നെ ഞാൻ എന്തു പറയാൻ?
ഒന്ന് മാത്രം ഉറക്കെ പറയുന്നു ഞാൻ ഇനിയും എഎംഎംഎയുടെ മെമ്പർ അല്ലാതെ മലയാള സിനിമയിൽ അഭിനയിക്കും, അഭിനയിച്ചു കൊണ്ടേയിരിക്കും. ഇത് എന്റെ തീരുമാനമാണ്.’’ഹരീഷ് പേരടി പറഞ്ഞു.