എമ്പുരാനിലൂടെ ബുക്ക് മൈ ഷോ കൊണ്ടുപോയത് കോടികൾ, നഷ്ടം നിർമാതാവിന്, ഈ ചതി ഇല്ലാതാക്കണം: വിനയൻ
Wednesday, August 13, 2025 12:35 PM IST
കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പിൽ സെക്രട്ടറി സ്ഥാനത്തു മത്സരിക്കാനൊരുങ്ങി സംവിധായകൻ വിനയൻ. കഴിഞ്ഞ പതിനഞ്ചിലേറെ വർഷങ്ങളായി സംഘടനയുടെ ഭരണത്തിൽ തുടർച്ചയായി ഇരിക്കുന്ന സുഹൃത്തുക്കളെ വകഞ്ഞുമാറ്റി അകത്തു കയറുക എന്നത് ചക്രവ്യൂഹം ഭേദിച്ച് അകത്തു കയറുന്നതു പോലെ കാഠിനമാണെന്ന് വിനയൻ പറയുന്നു.
ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സൈറ്റ് ആയ ബുക്ക് മൈ ഷോയുടെ കുത്തക അവസാനിപ്പിച്ച് സർക്കാർ ചുമതലയിൽ ഓണ്ലൈൻ ബുക്കിംഗ് പ്ലാറ്റ്ഫോം തുടങ്ങണമെന്നും വിനയൻ പറയുന്നു. നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫനും സെക്രട്ടറി സ്ഥാനത്തേക്കു മത്സരിക്കുന്നുണ്ട്.
വിനയന്റെ വാക്കുകൾ
‘‘മലയാള സിനിമാ മേഘലയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കാൻ കഴിയുന്ന സംഘടനയാണ് കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ. പക്ഷേ സിനിമയ്ക്കായി പണം മുടക്കുന്ന സിനിമാ സൃഷ്ടാക്കളുടെ സംഘടനയ്ക്ക് പൊതുവായ സിനിമയുടെ വളർച്ചയ്ക്കും നിർമാതാക്കളുടെ ഗുണത്തിനും വേണ്ടി ആ രീതിയിൽ ഉയരാനോ ശക്തമായ നിലപാടുകൾ എടുക്കാനോ കഴിഞിട്ടില്ല...
നികുതി ഇനത്തിൽ ഏറ്റവും കൂടുതൽ വരുമാനം നേടിക്കൊടുക്കുന്ന സിനിമ ഒരു വ്യവസായമാക്കുന്നു എന്ന് സർക്കാർ പറയുന്നതല്ലാതെ വ്യവസായ മേഖലയുടെ ഒരാനുകൂല്യവും നൽകാനോ അതിനെക്കുറിച്ച് ആലോചിക്കാനോ പോലും തയാറാകുന്നില്ല.
പകരം ജിഎസ്ടി നിലവിൽ വന്ന ശേഷവും പഴയ വിനോദനികുതി തുടരുന്നതിനാൽ ഫലത്തിൽ ഇരട്ട നികുതിയാണ് വാങ്ങുന്നത്. നികുതി വരുമാനം മാത്രമല്ല കേരളത്തിലെ അവശകലാകാരൻമാരുടെ പെൻഷൻ നിലനിർത്തുന്നതു തന്നെ സിനിമാ ടിക്കറ്റിൽ നിന്നുള്ള വരുമാനമാണ്. എന്നാൽ സിനിമാ നിർമാണത്തിന്റെ ഷൂട്ടിംഗിനായി സർക്കാർ വക കെട്ടിടങ്ങളോ പൊതു സ്ഥലങ്ങളോ കിട്ടണമെങ്കിൽ കടമ്പകൾ ഏറെയാണ്. അതിനു വലിയ തുകയും കൊടുക്കണം...
200 രൂപയുടെ ഒരു ടിക്കറ്റ് വാങ്ങുമ്പോൾ 240 രൂപയോളമാണ് പ്രേക്ഷകൻ കൊടുക്കേണ്ടത്. അതിൽ അഞ്ചു രൂപയിൽ താഴെ GST പോയാൽ ബാക്കി 35 രൂപയും ബുക്ക്മൈ ഷോ പോലുള്ള വൻകിട കോർപ്പറേറ്റ് കമ്പനികൾ കമ്മീഷനായി തട്ടി എടുക്കുകയാണ്..
കേരളത്തിൽ രണ്ടുലക്ഷം പേർ ഒരു ദിവസം കാണുന്ന ഒരു സിനിമയ്ക് 70 ലക്ഷം രൂപ ആ ഇനത്തിൽ ഒരുദിവസം തന്നെ നിർമാതാവിനു നഷ്ടമാകുന്നു..എമ്പുരാൻ റിലീസ് ഡേറ്റിൽ 24 മണിക്കൂറുകൊണ്ട് ആറര ലക്ഷം ടിക്കറ്റ് ബുക്ക്മൈ ഷോയിലൂടെ വിറ്റെന്ന് കമ്പനി തന്നെ അവകാശപ്പെടുന്നു..
പ്രൊഡ്യൂസർക്കു കിട്ടേണ്ട എത്ര കോടി രൂപ പോയി എന്നൊന്നു കണക്കു കൂട്ടി നോക്കൂ..മണ്ണും ചാരി നിന്നവൻ പെണ്ണും കൊണ്ടു പോകുന്ന അവസ്ഥ.. കൂടുതൽ സിനിമകളും നഷ്ടത്തിലോടുന്ന ഈ കാലത്ത് പണം മുടക്കി കടക്കാരനാകുന്ന നിരവധി പാവം നിർമ്മാതാക്കളുടെ കാലി കീശയിൽ നിന്നും വീണ്ടും കൊള്ളയടിക്കുന്ന ഈ ചതി ഇല്ലതാക്കിയേ മതിയാവു...
സർക്കാർ ചുമതലയിൽ ഒരു ഓൺലൈൻ ബുക്കിംഗ് പ്ലാറ്റ് ഫോം ഉണ്ടാക്കി ഈ വെട്ടിപ്പിൽ നിന്നും നിർമ്മാതാക്കളെ രക്ഷിക്കാൻ നിർമ്മാതാക്കളുടെ സംഘടന കച്ച കെട്ടി ഇറങ്ങേണ്ടി ഇരിക്കുന്നു.. പണക്കാരൊന്നും അല്ലങ്കിലും. സിനിമയോടുള്ള പാഷൻ കൊണ്ട് നിർമ്മാണരംഗത്ത് വന്ന് നഷ്ടമുണ്ടായി ഇന്ന് മരുന്നു വാങ്ങാൻ പോലും കാശില്ലാതെ നിറകണ്ണുകളോടെ നിരാശരായി ഇരിക്കുന്ന നിരവധി നിർഭാഗ്യരായ നിർമ്മാതാക്കൾ മലയാള സിനിമയിലുണ്ട്.
താര സംഘടന അമ്മ കൈനീട്ടം കൊടുക്കുന്ന പോലെ അവശത അനുഭവിക്കുന്ന എല്ലാ സീനിയർ നിർമ്മാതാക്കൾക്കും വലിപ്പച്ചെറുപ്പമില്ലാതെ ഒരു 6000 രുപ പ്രതിമാസം പെൻഷനായി നൽകണമെന്നാണ് എന്റെ അഭിപ്രായം..അതിനുള്ള ഫണ്ട് സ്വരൂപിക്കാൻ നിർമാതാക്കളുടെ സംഘടന തുനിഞ്ഞിറങ്ങിയാൽ നടക്കുമെന്ന കാര്യത്തിൽ എനിക്കു സംശയമില്ല..
ഇങ്ങനെ നിരവധി പദ്ധതികൾ മനസ്സിൽ പ്ലാൻ ചെയ്തു കൊണ്ടാണ് ഈ 14-ം തീയതി നടക്കുന്ന KFPA യുടെ ഇലക്ഷനിൽ സെക്രട്ടറി ആയി മത്സരിക്കാൻ ഞാൻ തയ്യാറായിരിക്കുന്നത്..
കഴിഞ്ഞ പതിനഞ്ചിലേറെ വർഷങ്ങളായി (ചിലരൊക്കെ അതിൽ കൂടുതലും) സംഘടനയുടെ ഭരണതിതിൽ തുടർച്ചയായി ഇരിക്കുന്ന സുഹൃത്തുക്കളെ വകഞ്ഞുമാറ്റി അകത്തു കയറുക എന്നത് ചക്രവ്യൂഹം ഭേദിച്ച് അകത്തു കയറുന്നതു പോലെ കാഠിന്യമാണെന്നെനിക്കറിയാം...
പക്ഷേ ഉറച്ച നിലപാടുകളും പിന്നോട്ടു പോകാത്ത മനസിന്റെ ആർജ്ജവവും.. തീർച്ചയായും ഈ പോരാട്ടത്തിലും എന്നെ വിജയത്തിലെത്തിക്കും എന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു..എന്നും കരുത്തു പകർന്നിരുന്ന പ്രിയ സുഹൃത്തുക്കൾ കൂടെ ഉണ്ടാവണം...