സാന്ദ്രാ തോമസിന് തിരിച്ചടി; പത്രിക തള്ളിയത് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളി
Wednesday, August 13, 2025 12:49 PM IST
നിര്‍മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പ്രസിഡന്റ് സ്ഥാനത്തേക്ക് നല്കിയ പത്രിക തള്ളിയതിനെതിരായി നിര്‍മാതാവ് സാന്ദ്രാ തോമസ് നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി.
എറണാകുളം സബ് കോടതിയാണ് ഹര്‍ജി തള്ളിയത്. ഇതോടെ പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തിരഞ്ഞെടുപ്പില്‍ ഭാരവാഹി സ്ഥാനത്തേക്ക് സാന്ദ്രാ തോമസിന് മത്സരിക്കാന്‍ സാധിക്കില്ല.
ബൈലോ പ്രകാരം നിർദേശിക്കുന്ന യോഗ്യതയില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സാന്ദ്രയുടെ പത്രിക വരണാധികാരി തള്ളിയത്. വിധി അപ്രതീക്ഷിതവും നിരാശാജനകമാണെന്നും സാന്ദ്രാ തോമസ് പ്രതികരിച്ചു. നിയമവിദഗ്ധരുമായി ആലോചിച്ച് ഭാവി നടപടികള്‍ സ്വീകരിക്കുമെന്നും സാന്ദ്ര വ്യക്തമാക്കി.
തെരഞ്ഞെടുപ്പില്‍ എക്സിക്യൂട്ടീവ് പദവികളിലേക്ക് മത്സരിക്കാന്‍ തനിക്ക് അര്‍ഹതയുണ്ടെന്ന് സാന്ദ്ര കോടതിയില്‍ വാദിച്ചിരുന്നു. തെരഞ്ഞെടുപ്പ് താത്കാലികമായി നിര്‍ത്തിവെക്കണമെന്നും ആവശ്യപ്പെട്ടിരുന്നു.
നിയമവിരുദ്ധമായാണ് തന്റെ പത്രിക തള്ളിയതെന്നായിരുന്നു സാന്ദ്രയുടെ ആരോപണം. വരണാധികാരി കോശി ജോര്‍ജ് സംഘടനയുടെ നിലവിലെ ഭാരവാഹികളുടെ ഉപകരണമായി പ്രവര്‍ത്തിക്കുന്നു. വരണാധികാരിയെ തിരഞ്ഞെടുപ്പ് നടപടികളില്‍നിന്ന് വിലക്കണം എന്നീ ആവശ്യങ്ങളും സാന്ദ്ര ഉന്നയിച്ചിരുന്നു.