സാന്ദ്രയുടെ പത്രിക തള്ളാന്‍ താൻ ചരടുവലിച്ചെന്ന ആരോപണം അസംബന്ധവും അടിസ്ഥാനരഹിതവും; അനില്‍ തോമസ്
Wednesday, August 13, 2025 3:35 PM IST
ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് തെരഞ്ഞെടുപ്പില്‍ സാന്ദ്രാ തോമസിന്റെ നാമനിര്‍ദേശപത്രിക തള്ളാന്‍ ചരടുവലിച്ചത് താനാണെന്ന ഫിലിം ചേംബര്‍ മുന്‍ ജനറല്‍ സെക്രട്ടറി സജി നന്ത്യാട്ടിന്റെ ആരോപണം തള്ളി നിര്‍മാതാവ് അനില്‍ തോമസ്.
സാന്ദ്രാ തോമസിന്റെ പത്രിക തള്ളിയതുമായി ബന്ധപ്പെട്ട സജി നന്ത്യാട്ടിന്റെ ആരോപണങ്ങള്‍ അസംബന്ധവും അടിസ്ഥാനരഹിതവുമാണെന്നും ഒരു വ്യക്തി തീരുമാനിച്ചാല്‍ കാര്യങ്ങള്‍ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ചട്ടക്കൂടില്‍നിന്നുകൊണ്ടാണ് സംഘടനാപരമായ കാര്യങ്ങള്‍ മുന്നോട്ടുപോവുന്നത്. എന്തും ഏതും ആര്‍ക്കും വിളിച്ചുപറയാം എന്ന കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. തീര്‍ച്ചയായും നിയമപരമായി മുന്നോട്ടുപോവും'എന്നായിരുന്നു അനില്‍ തോമസിന്റെ പ്രതികരണം.
ഫിലിം ചേംബര്‍ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ച ശേഷം നടത്തിയ പത്രസമ്മേളനത്തിലാണ് സജി നന്ത്യാട്ട് അനില്‍ തോമസിനെതിരേ ആരോപണം ഉന്നയിച്ചത്. പ്രൊഡ്യൂസേഴ്സ് അസോസിയേഷനില്‍ ഒരു വ്യക്തിയുണ്ട്. ഇതുവരെ ആ വ്യക്തി മറനീക്കി പുറത്തുവന്നിട്ടില്ല. ഇയാളാണ് ഇതിന്റെയെല്ലാം സൂത്രധാരന്‍.
സാന്ദ്രാ തോമസിനെ പുറത്താക്കാന്‍ ചരടുവലിച്ചത് അനില്‍ തോമസ് ആണ്. ഒളിച്ചിരിക്കുന്ന വ്യക്തി ഇയാളാണ്. മുഴുവന്‍ പ്രശ്നങ്ങളും ഉണ്ടാക്കിയത് ഇയാളാണ്. സാന്ദ്രാ തോമസിന്റെ നിര്‍മാണത്തില്‍ ഒരു സിനിമ സംവിധാനം ചെയ്യാന്‍ അനില്‍ തോമസ് സോപ്പിട്ടുനടന്നിരുന്നു.
കഥ കൊള്ളില്ല, ചെയ്യാന്‍ താത്പര്യമില്ലെന്ന് സാന്ദ്രാ തോമസ് പറഞ്ഞിടത്തുനിന്ന് അവരെ തീര്‍ക്കാന്‍ ശ്രമം തുടങ്ങി. അനില്‍ തോമസാണ് സാന്ദ്രാ തോമസിനെ പുറത്താക്കാന്‍ ബ്രെയിന്‍വാഷ് ചെയ്തത് എന്നായിരുന്നു സജിയുടെ വാക്കുകള്‍.