ആന്റണി പെപ്പയുടെ കാട്ടാളന്റെ ഷൂട്ടിംഗ് ഓഗസ്റ്റ് 22-ന്
Friday, August 15, 2025 11:03 AM IST
ക്യൂബ്സ്എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ആന്റണി വർഗീസ് പെപ്പെയെ നായകനാക്കി നവാഗതനായ പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന കാട്ടാളൻ എന്ന ചിത്രത്തിന് ഓഗസ്റ്റ് 22-ന് തിരിതെളിയും.
പാൻ ഇൻഡ്യൻ ചിത്രമായി അവതരിപ്പിക്കുന്ന ഈ ചിത്രം നാൽപ്പത്തിയഞ്ചു കോടിയോളം രൂപയുടെ ബജറ്റിൽ ബ്രഹ്മാണ്ഡ ക്യാൻവാസിലാണ് അവതരണം. ബിഗ് ബഡ്ജറ്റ് ചിത്രമായ കാട്ടാളൻ മാർക്കോയേപ്പോലെയോ, അതിലും മുകളിലോ മികവുറ്റസാങ്കേതിക മികവോടെയായിരിക്കും പ്രേക്ഷക മുന്നിലെത്തുക.
മാർക്കോയിൽ രവി ബ്രസൂർ എന്ന മാന്ത്രിക സംഗീത സംവിധായകനെ അവതരിപ്പിച്ച ക്യൂബ്സ് എന്റർടൈൻമെന്റ് ഇക്കുറി പ്രശസ്ത കന്നഡ സംഗീത സംവിധായകനായ അജനീഷ് ലോക്നാഥിനേയാണ് അവതരിപ്പിക്കുന്നത്. കാന്താര ചാപ്റ്റർ 2 വിനു ശേഷം അജനീഷ് സംഗീതമൊരുക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്.
പൊന്നിയൻ സെൽവൻ ഒന്നാം ഭാഗം, ബാഹുബലി - 2, കൺ ക്ലൂഷൻ, ജവാൻ ബാഗി - 2,ഓംഗ്ബാക്ക് 2 തുടങ്ങിയ വമ്പൻ ചിത്രങ്ങൾക്കു ആക്ഷൻ ഒരുക്കിയ ആക്ഷൻ കോറിയോഗ്രാഫർ ലോകപ്രശസ്തനായ കൊച്ച കെംബഡി കെ ഈ ചിത്രത്തിന്റെ ആക്ഷൻ കൈകാര്യം ചെയ്യുന്നുവെന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്.
ആന്റണി വർഗീസ് പെപ്പെ നായകനായെത്തുന്ന ചിത്രത്തിൽ നായികയായെത്തുന്ന രജിഷ വിജയനാണ്. മലയാളത്തിൽ നിന്നുള്ളവരും പാൻ ഇന്ത്യൻ താരങ്ങളും അടക്കം വലിയൊരു താരനിരയാണ് ചിത്രത്തിൽ ഒരുമിക്കുന്നത്.
തെലുങ്കിലെ പ്രശസ്ത താരം സുനിൽ (പുഷ്പ ഫെയിം) മാർക്കോയിലൂടെ മലയാളത്തിലെത്തി ഏറെ പ്രശസ്തിയാർജ്ജിച്ച കബീർദുഹാൻ സിംഗ്, ഹനാൻഷാ റാപ്പർ ബേബി ജീൻ, തെലുങ്കു താരം രാജ് തിരാണ്ടുസു എന്നിവരും മലയാളത്തിൽ നിന്നും ജഗദീഷ്, സിദ്ദിഖ് എന്നിവരും ചിത്രത്തിലെ പ്രധാന താരങ്ങളാണ്.ഇവർക്കു പുറമേ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
മലയാളത്തിലെ മികച്ച കഥാകൃത്തും, ശ്രദ്ധേയമായ നിരവധി ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ഉണ്ണി ആർ. ആണ് ഈ ചിത്രത്തിൻ്റെ സംഭാഷണം രചിക്കുന്നത്. എഡിറ്റിംഗ് -ഷമീർ മുഹമ്മദ്. പ്രൊഡക്ഷൻ കൺട്രോളർ - ദീപക് പരമേശ്വരൻ മറ്റ്അഭിനേതാക്കളുടേയും മറ്റ് അണിയറ പ്രവർത്തകരുടേയും പേരുകൾ പൂജാവേളയിൽ പ്രഖ്യാപിക്കുന്നതാണന്ന് അണിയറ പ്രവർത്തകർ വ്യക്തമാക്കി. ഈ ചിത്രത്തിന്റെ ചിത്രീകരണം ഇന്ത്യയിലും വിദേശങ്ങളിലുമായി പൂർത്തിയാകും. പിആർഒ-വാഴൂർ ജോസ്.