‘അമ്മ' ഭാരവാഹി തെരഞ്ഞെടുപ്പ് ഇന്ന്; വോട്ട് രേഖപ്പെടുത്തി മോഹൻലാൽ
Friday, August 15, 2025 11:09 AM IST
താര സംഘടനയായ ‘അമ്മ'യിലെ ഭാരവാഹി തെരഞ്ഞെടുപ്പ് ഇന്ന്. രാവിലെ 10ന് തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ച് വൈകുന്നേരത്തോടെ ഫലം പ്രഖ്യാപിക്കും. നടൻ മോഹൻലാൽ രാവിലെ തന്നെയെത്തി വോട്ട് രേഖപ്പെടുത്തി.
ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷം വന്ന ആരോപണങ്ങളിലും വിവാദങ്ങളിലും പിടിച്ചുനിൽക്കാനാകാതെ കഴിഞ്ഞ ഓഗസ്റ്റ് 27നാണ് ‘അമ്മ' ഭരണസമിതി രാജിവയ്ക്കുന്നത്. തുടർന്ന് അഡ്ഹോക്ക് കമ്മിറ്റിയാണ് ഭരണം നടത്തിയത്.
പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനും തമ്മിലാണ് മത്സരം. മത്സരാർഥികൾക്ക് എതിരെ ആരോപണങ്ങളും പരാതികളും ഉയർന്നുവന്ന തെരഞ്ഞെടുപ്പുകൂടിയാണിത്. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്ന കുക്കു പരമേശ്വരനെതിരെ മെമ്മറി കാർഡ് വിവാദവും ശ്വേതാ മേനോനെതിരെ അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ചു എന്ന പരാതിയും ഉയർന്നുവന്നു.
കുക്കു പരമേശ്വരനും രവീന്ദ്രനുമാണ് ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നത്. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ എതിരില്ലാതെ തെരഞ്ഞടുക്കപ്പെട്ടിരുന്നു. രാവിലെ 10 മുതൽ തെരഞ്ഞെടുപ്പ് ആരംഭിച്ച് വൈകുന്നേരം നാലോടെ ഫലം പ്രഖ്യാപിക്കും.