അമ്മയിൽ നിന്നും ആരും വിട്ടൊന്നും പോയില്ല, എല്ലാവരും ഇതിലുണ്ട്; മോഹൻലാൽ
Friday, August 15, 2025 11:57 AM IST
അമ്മ തെരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി നടൻ മോഹൻലാൽ. അമ്മ എന്ന പ്രസ്ഥാനം നല്ല രീതിയിൽ മുന്നോട്ട് പോകുമെന്നും ആരും ഇതിൽ നിന്നും വിട്ടുപോയിട്ടില്ലെന്നും മോഹൻലാൽ പറഞ്ഞു. ഏറ്റവും നല്ല ഭരണം കാഴ്ചവയ്ക്കാൻ പുതിയ സമിതിക്ക് കഴിയുമെന്നും അദ്ദേഹം വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
""അംഗങ്ങളുടെ അഭിപ്രായമനുസരിച്ച് ഒരു കമ്മിറ്റി വരും. അത് നല്ല രീതിയില്‍ അമ്മ എന്ന പ്രസ്ഥാനത്തെ മുന്നോട്ടുകൊണ്ടുപോവും. ആരും ഇതില്‍നിന്ന് വിട്ടൊന്നും പോയിട്ടില്ല. എല്ലാവരും ഇതിലുണ്ട്. എല്ലാവരും കൂടെച്ചേര്‍ന്ന് ഏറ്റവും നല്ല ഭരണം കാഴ്ചവെക്കുമെന്നാണ് വിശ്വാസം. മോഹന്‍ലാല്‍ പറഞ്ഞു.
വോട്ടുചെയ്തു മടങ്ങുന്ന മോഹൻലാൽ എളമക്കരയിൽ താമസിക്കുന്ന അമ്മയെ കണ്ടശേഷം ഉച്ചയ്ക്കുള്ള വിമാനത്തില്‍ ചെന്നൈയിലേക്ക് തിരിക്കും.
കഴിഞ്ഞ ഭരണസമിതിയുടെ പ്രസിന്റായിരുന്ന മോഹന്‍ലാല്‍ സംഘടനയുടെ തലപ്പത്തേക്ക് തിരികെയെത്തുമെന്നായിരുന്നു റിപ്പോർട്ടുകൾ. വോട്ടെടുപ്പില്ലാതെ തന്നെ മോഹന്‍ലാല്‍ വീണ്ടും പ്രസിഡന്റാവണമെന്ന് ജനറൽ ബോഡി തീരുമാനിക്കുമെന്നും രാജിവച്ച ശേഷം അഡ്ഹോക്ക് കമ്മിറ്റിയായി തുടരുന്നവർ തന്നെ വീണ്ടും ഭരണസമിതിയിൽ വരട്ടെ എന്നുമുള്ള ചർച്ചകളായിരുന്നു സജീവം. എന്നാൽ താൻ പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്ന് മോഹൻലാൽ കടുത്ത നിലപാട് സ്വീകരിച്ചു.
ഭരണസമിതിയിലേക്ക് ഇനിയില്ലെന്ന് മോഹൻലാൽ തീർത്തു പറഞ്ഞതോടെയാണ് വീണ്ടും തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.