എല്ലാവരെയും ഒരുമിച്ച് കൊണ്ടും പോകും; വിജയനിമിഷത്തിൽ ശ്വേത മേനോൻ
Friday, August 15, 2025 4:58 PM IST
താര സംഘടനയായ അമ്മയുടെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമുണ്ടെന്ന് നടി ശ്വേത മേനോൻ. ജയിച്ചതിൽ ഒരുപാട് സന്തോഷമുണ്ടെന്നും ഒരിക്കലും ജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകുമെന്നും ശ്വേത മാധ്യമങ്ങളോട് പറഞ്ഞു.
""നമസ്കാരം ആദ്യമായി ഇവിടെ നിൽക്കുന്ന എല്ലാ നമ്മുടെ കുടുംബ അംഗങ്ങൾക്കും ഞാൻ നന്ദി പറയുന്നു. എല്ലാവർക്കും നന്ദി ഹൃദയത്തിന്റെ ഭാഷയിൽ ഞാൻ നന്ദി പറയുകയാണ്. പ്രത്യേകിച്ച് ഒരു വർഷത്തിൽ രണ്ട് ജനറൽബോഡി നടക്കുക എന്ന് പറഞ്ഞാൽ ഭയങ്കര ചെലവാണ്. ഇന്ന് 298 അംഗങ്ങൾ വന്ന് ഇവിടെ വോട്ട് ചെയ്തിട്ടുണ്ട്. അതിന് നമ്മുടെ മുഴുവൻ ടീം അംഗങ്ങളുടെയും പേരിൽ ഞാൻ നന്ദി പറയുന്നു.
ഇവിടെ വന്നെത്തിച്ചേർന്ന മാധ്യമ സുഹൃത്തുക്കളോട് ഞാൻ നന്ദി പറയുന്നു. ‘അമ്മ’ ഒരു സ്ത്രീ ആകണം എന്ന് നിങ്ങളെല്ലാവരും പറഞ്ഞു, ഇതാ ഈ നിമിഷം ‘അമ്മ’ ഒരു സ്ത്രീയായിരിക്കുന്നു. ഇനി നമ്മുടെ അംഗങ്ങളെ പോലെ തന്നെ എല്ലാ മാധ്യമ സുഹൃത്തുക്കളും ഞങ്ങളെ പിന്തുണയ്ക്കുക, എന്റെ ടീമിനെയും സപ്പോർട്ട് ചെയ്യുക.
സിനിമയിൽ സ്ത്രീയോ പുരുഷനോ എന്ന വേർതിരിവില്ല എന്നാണ് ഞാൻ മനസ്സിലാക്കുന്നത് സിനിമയിൽ കഥാപാത്രങ്ങൾ മാത്രമേ ഉള്ളൂ. ഒരു ആക്ഷനും കട്ടിനും ഇടയിലുള്ള ജീവിതമാണ് സിനിമാതാരങ്ങൾ നയിക്കുന്നത്.
എന്തായാലും ഇന്നത്തെ വിജയം നമ്മൾ നേടിയെടുത്തിരിക്കുന്നു എല്ലാവർക്കും ഒരുപാട് നന്ദി. ‘അമ്മ’യിൽ നിന്നു രാജിവച്ചവരെ തിരിച്ചെത്തും. പിണങ്ങിപ്പോയവർ തിരിച്ചുവരണം, ആവശ്യമെങ്കിൽ അവരെയെല്ലാം നേരിട്ടു വിളിക്കും. എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോകും.
ഒരു മേശയുടെ അപ്പുറത്തും ഇപ്പുറത്തും ഇരുന്നു ചർച്ച ചെയ്താൽ തീരുന്ന പ്രശ്നങ്ങളെ അമ്മയിൽ ഉള്ളൂ. അഭിപ്രായ വ്യത്യാസങ്ങളെല്ലാം ചർച്ച ചെയ്തു പ്രശ്നങ്ങൾ പരിഹരിച്ച് ഇനി എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് പോകും.
അമ്മയിൽ നടന്ന ഒരു കാര്യവും നിസാരമായി എടുക്കാൻ പോകുന്നില്ല. എല്ലാം എക്സിക്യൂട്ടീവ് മീറ്റിംഗിൽ ചർച്ച ചെയ്തു തീരുമാനിക്കും. എന്റേതായ അഭിപ്രായം ഒന്നും ഇപ്പോൾ പറയാൻ കഴിയില്ല. ഒറ്റയ്ക്ക് ഒരു തീരുമാനവും ഞാൻ എടുക്കില്ല. വലിയൊരു ദൗത്യമാണ് എന്നെ ഏൽപിച്ചിരിക്കുന്നത്.
ഞാൻ ഐസിസിയിൽ ഇരിക്കുന്ന സമയത്ത് എന്റെ മുന്നിൽ വിജയ് ബാബുവിന്റെ കേസ് മാത്രമേ വന്നിട്ടുള്ളൂ. കുറ്റാരോപിതരായ ആളുകൾ മത്സരിക്കാനോ ഒരു സ്ഥാനത്ത് ഇരിക്കാനോ പാടില്ല എന്നാണ് അന്നും ഇന്നും എന്റെ അഭിപ്രായം.
യഥാർഥ ജീവിതത്തിലും ഞാൻ ഒരു ‘അമ്മ’യാണ്, ആ റോൾ നന്നായി ചെയ്യുന്ന വൃക്തിയാണ്. ഇനി എനിക്ക് 506 മക്കൾ കൂടി ഉണ്ട് എന്നാണ് ഞാൻ ഇപ്പോൾ കരുതുന്നത്. എനിക്കിപ്പോൾ ഒരുപാട് സന്തോഷമുണ്ട്.
നമ്മുടെ രക്ഷാധികാരികളായി മോഹൻലാൽ , മമ്മൂട്ടി, സുരേഷ് ഗോപി എന്നിവർ ഇല്ലെങ്കിൽ നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ല. അവരുടെ പിന്തുണയോടെയാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. ഞങ്ങൾ എല്ലാം അവരെ രക്ഷാധികാരികളായാണ് കരുതുന്നത്. നമ്മുടെ ഗുരുക്കന്മാരുടെ അനുഗ്രഹത്തോടെയാണ് ഞങ്ങൾ പ്രവർത്തിക്കാൻ പോകുന്നത്.’’ശ്വേതയുടെ വാക്കുകൾ.
വിവാദങ്ങളും ആരോപണ പ്രത്യാരോപണങ്ങളും സജീവമായ തെരഞ്ഞെടുപ്പിൽ ദേവനെ പരാജയപ്പെടുത്തിയാണ് ശ്വേത വിജയം നേടിയത്. ഇതോടെ അമ്മയുടെ പ്രസിഡന്റാകുന്ന ആദ്യ വനിതയായി ശ്വേത മേനോൻ മാറി.
കുക്കു പരമേശ്വരൻ ജനറൽ സെക്രട്ടറിയായും ഉണ്ണി ശിവപാൽ ട്രഷറർ ആയും തെരഞ്ഞെടുക്കപ്പെട്ടു. ജയൻ ചേർത്തലയും ലക്ഷ്മിപ്രിയയുമാണ് വൈസ് പ്രസിഡന്റുമാർ.
233 വനിതാ അംഗങ്ങൾ ഉൾപ്പടെ സംഘടനയിലെ 507 അംഗങ്ങൾക്കാണ് വോട്ടവകാശമുള്ളത്. ഇതിൽ 298 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. മോഹൻലാൽ, സുരേഷ് ഗോപി, ടൊവീനോ, ശ്വേത തുടങ്ങിയവരെല്ലാം രാവിലെ തന്നെയെത്തി വോട്ട് രേഖപ്പെടുത്തി.
ദേവനും ശ്വേത മേനോനുമാണ് അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചത്. രവീന്ദ്രൻ, കുക്കു പരമേശ്വരൻ എന്നിവർ ജനറൽ സെക്രട്ടറി സ്ഥാനത്തേക്കും മത്സരിച്ചു.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ജയൻ ചേർത്തല, ലക്ഷ്മിപ്രിയ, നാസർ ലത്തീഫ് എന്നിവരും ട്രഷറർ സ്ഥാനത്തേക്ക് ഉണ്ണി ശിവപാലും അനൂപ് ചന്ദ്രനുമാണ് മത്സരിച്ചത്.
സ്ത്രീകൾക്ക് നാല് സീറ്റ് സംവരണമുള്ള എക്സിക്യൂട്ടീവിൽ അഞ്ജലി നായർ, ആഷ അരവിന്ദ്, നീന കുറുപ്പ്, സജിത ബേട്ടി, സരയു മോഹൻ എന്നിവരാണ് മത്സരിക്കുന്നത്. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസൻ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.