ശ്വേത ‘അമ്മ’യുടെ അമ്മയാണെങ്കിൽ ഞാൻ ‘അമ്മ’യുടെ അച്ഛനാണ്: ദേവൻ
Saturday, August 16, 2025 8:43 AM IST
താരസംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി ചുമതലയേറ്റ നടി ശ്വേത മേനോനും മറ്റ് ഭാരവാഹികൾക്കും സത്യപ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുത്ത് നടൻ ദേവൻ. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് തോറ്റുപോയെങ്കിലും അമ്മയോട് വൈകാരികമായ ഒരു ബന്ധമുള്ളതുകൊണ്ട് ശ്വേതയോടൊപ്പം ഇനി സംഘടനയുടെ എല്ലാ കാര്യങ്ങളിലും ഒപ്പമുണ്ടാകുമെന്ന് ദേവൻ പറഞ്ഞു.
നടൻ ജഗദീഷ് ആണ് ദേവൻ തന്നെ പുതിയ ഭാരവാഹികൾക്ക് സത്യ പ്രതിജ്ഞാ വാചകം ചൊല്ലിക്കൊടുക്കണം എന്ന് ആവശ്യപ്പെട്ടത്.
‘‘ആദ്യമായാണ് ഒരു വനിത അമ്മയുടെ പ്രസിഡന്റായി എത്തുന്നത്. അതിൽ വലിയ സന്തോഷമുണ്ട്. എന്റെ ഒരു വാദം എന്തെന്നു വച്ചാൽ ഒരു വനിത മത്സരിച്ചു വിജയിച്ചു വരട്ടെ എന്നതായിരുന്നു. അതുപോലെതന്നെ സംഭവിച്ചിരിക്കുന്നു. ശ്വേത മത്സരിച്ച് വിജയിച്ചിരിക്കുന്നു.
ശ്വേതയ്ക്ക് എല്ലാവിധ ആശംസകളും. എനിക്ക് അതിയായ സന്തോഷമുണ്ട്. ഞാൻ എല്ലാ കാര്യത്തിലും ശ്വേതയുടെ കൂടെ തന്നെ ഉണ്ടാകും. കാരണം ‘അമ്മ; എന്ന അസോസിയേഷനോട് ഒരു വൈകാരികമായ ബന്ധമുള്ള ഒരാളാണ് ഞാൻ. അതുകൊണ്ട് ഞാൻ എന്നും എല്ലായപ്പോഴും ശ്വേതയുടെയും ഈ ടീമിന്റെയും ഒപ്പം എല്ലാ കാര്യത്തിനും ഉണ്ടാകും.
ഒരു പുരുഷൻ മാറിക്കൊടുത്ത സീറ്റിലേക്ക് ഒരു സ്ത്രീ വരരുത് അവർ പോരാടി വരണം. എന്റെ ആഗ്രഹം അതായിരുന്നു, അത് ഇവിടെ സംഭവിച്ചു. എന്നോട് മത്സരിച്ചാണ് ശ്വേത ജയിച്ചത്. അവർ നൂറു ശതമാനം ഈ സ്ഥാനത്തിന് അർഹയാണ്. ശ്വേത അമ്മയുടെ അമ്മ എങ്കിൽ ഞാൻ അമ്മയുടെ അച്ഛനാണ്''. ദേവൻ പറഞ്ഞു.