പ്ലാന്ററായി ജോജു; ഷാജി കൈലാസിന്റെ ബിഗ് ബജറ്റ് ചിത്രം "വരവ്' ടൈറ്റിൽ പോസ്റ്റർ
Monday, August 18, 2025 9:39 AM IST
ഷാജി കൈലാസും ജോജു ജോർജും ഒന്നിക്കുന്ന ബിഗ് ബജറ്റ് ചിത്രമായ വരവിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസ് ചെയ്തു. റിവഞ്ച് ഈസ് നോട്ട് എ ഡേർട്ടി ബിസിനസ് എന്ന ടാഗ്ലൈനുമായി എത്തിയിരിക്കുന്ന പോസ്റ്റർ തന്നെ ചിത്രമൊരു മാസ് ആക്ഷൻ എന്റർറ്റൈനെർ ആയിരിക്കുമെന്ന് ഉറപ്പു തന്നിരിക്കുകയാണ്. മലയാളത്തിൽ ആദ്യമായി ഒരു സിനിമയിൽ 4 ഫൈറ്റ് മാസ്റ്റേഴ്സ് ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.
ഹൈറേഞ്ച് മലനിരകളില് ഒറ്റയാൾ പോരാട്ടം നടത്തിപ്പോരുന്ന ഒരു ടീ എസ്റ്റേറ്റ് പ്ലാന്ററുടെ സാഹസികമായ ജീവിത കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് എ.കെ. സാജനാണ്. ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജി നിർമിക്കുന്ന ചിത്രത്തിന്റെ സഹ നിർമാണം ജോമി ജോസഫ്.
ദക്ഷിണേന്ത്യയിലെ മികച്ച ആക്ഷൻ കോറിയോഗ്രാഫേഴ്സ് ആയ കലൈകിംഗ്സ്റ്റൺ, ഫീനിക്സ് പ്രഭു എന്നിവരടക്കം നാലു സംഘട്ടന സംവിധായകരാണ് ആക്ഷൻ കൈകാര്യം ചെയ്യുന്നത്.
മലയാളത്തിലേയും മറ്റു ദക്ഷിണേന്ത്യൻ ഭാഷകളിലേയും വൻ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ദക്ഷിണേന്ത്യൻ സിനിമയിലെ പ്രമുഖനായ സാം സി. എസാണ് സംഗീത സംവിധാനം നിർവഹിക്കുന്നത്.
ഛായാഗ്രഹണം സുജിത് വാസുദേവ്. എഡിറ്റിംഗ് ഷമീർ മുഹമ്മദ്. കലാസംവിധാനം സാബു റാം. മേക്കപ്പ് ജിതേഷ് പൊയ്യ. കോസ്റ്റ്യും ഡിസൈൻ സമീരാ സനീഷ്. ചീഫ് അസോ. ഡയറക്ടർ സ്യമന്തക് പ്രദീപ്. പ്രൊഡക്ഷൻ കൺട്രോളർ വിനോദ് മംഗലത്ത്.
സെപ്റ്റംബർ ആറു മുതൽ ചിത്രീകരണമാരംഭിക്കുന്ന സിനിമയുടെ ലൊക്കേഷൻ മൂന്നാർ, മറയൂർ, കാന്തല്ലൂർ ഭാഗങ്ങളാണ്. പിആർഒ- മഞ്ജു ഗോപിനാഥ്, വാഴൂർ ജോസ്. ഡിജിറ്റൽ പ്രൊമോഷൻ ഒബ്സ്ക്യൂറ.